
ജയിലറിന്റെ വിജയോഘോഷം തുടർന്ന് നിർമാതാക്കളായ സൺ പിക്ചേഴ്സ്. രജനികാന്തിന് പിന്നാലെ ജയിലറിന്റെ സംവിധായകൻ നെൽസനും ചെക്ക് നൽകിയിരിക്കുകയാണ് നിർമാതാവ് കലാനിധി മാരൻ. സൺ പിക്ചേഴ്സിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയാ പേജിലൂടെ ചെക്ക് കെെമാറുന്ന ചിത്രം പുറത്തുവിട്ടിട്ടുണ്ട്. എത്ര രൂപയുടെ ചെക്കാണ് നൽകിയതെന്ന് വെളിവായിട്ടില്ല.
ബോക്സോഫീസിൽ വിജയത്തേരോട്ടം തുടരുകയാണ് രജനികാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ജയിലർ. കളക്ഷനിൽ ആഗോളതലത്തിൽ 600 കോടി എന്ന മാന്ത്രിക സംഖ്യയിലേക്ക് കുതിക്കുകയാണ് ചിത്രം. കഴിഞ്ഞദിവസമാണ് നിർമാതാവ് കലാനിധി മാരൻ രജിനികാന്തിനെ അദ്ദേഹത്തിന്റെ ചെന്നൈ പോയസ് ഗാർഡനിലുള്ള വസതിയിലെത്തി സന്ദർശിച്ചത്. 110 കോടി രൂപ പ്രതിഫലമായി രജനീകാന്തിന് നല്കിയെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിന് പുറമേയാണ് ഒരു സംഖ്യയുടെ ചെക്കും കലാനിധി മാരൻ കൈമാറിയത്. ലാഭവിഹിതമെന്നോണം നൽകിയ തുക എത്രയാണെന്ന് വെളിവായിട്ടില്ല. കലാനിധി മാരൻ നൽകിയത് 100 കോടി രൂപയാണെന്ന അഭ്യൂഹം ശക്തമാകുന്നുണ്ട്. ഇതിന് പുറമേ ഒരു ബി.എം.ഡബ്ല്യൂ കാറും നിർമാതാവ് രജനികാന്തിന് നൽകിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
റിലീസ് ചെയ്ത മൂന്നാഴ്ച പിന്നിടുമ്പോൾ ഇന്ത്യയിൽ നിന്നുമാത്രം 350 കോടിയാണ് ജയിലർ വാരിക്കൂട്ടിയത്. ഈ വർഷമിറങ്ങിയതിൽ ഏറ്റവും കൂടുതൽ കളക്ഷൻ സ്വന്തമാക്കിയ ചിത്രമായും ജയിലർ മാറിയിരിക്കുകയാണ്. ചിത്രത്തിന്റെ റിലീസിങ് സമയത്ത് രജിനികാന്ത് ഇന്ത്യയിലെ പല ആത്മീയസ്ഥലങ്ങളിലേക്ക് യാത്ര നടത്തിയത് വാർത്തകളിൽ ഇടംപിടിച്ചിരുന്നു. കഴിഞ്ഞദിവസം താൻ മുമ്പ് കണ്ടക്ടറായി ജോലി നോക്കിയിരുന്ന ബെംഗളൂരുവിലെ ബസ് ഡിപ്പോയിലും താരം എത്തിയിരുന്നു.
സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമിച്ച ‘ജയിലർ’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളിൽ എത്തിയത്. മോഹൻലാൽ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രം കൂടിയാണ് ‘ജയിലർ’. മുത്തുവേൽ പാണ്ഡ്യൻ എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്.
വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെൽസൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ‘ജയിലർ’. തമന്ന, രമ്യ കൃഷ്ണൻ, വിനായകൻ, ജാക്കി ഷ്റോഫ്, സുനിൽ തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നു.