ഒ.ടി.ടി റിലീസിനൊരുങ്ങുന്ന രജനീകാന്ത് ചിത്രം ജയിലറിന്റെ എച്ച്.ഡി പ്രിന്റ് ഓണ്‍ലൈനില്‍ ചോര്‍ന്നു. ബോക്സോഫീസില്‍ കൊടുങ്കാറ്റായി മാറിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസിന് ആഴ്ചകള്‍ മാത്രം ശേഷിക്കേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുന്നത്. ചിത്രത്തിലെ വീഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്. പ്രിന്റ് ചോര്‍ന്നത് തിയേറ്റര്‍ ഉടമകള്‍ക്കും തിരിച്ചടിയായിരിക്കുകയാണ്.
പ്രിന്റ് ചോര്‍ന്നതില്‍ നിര്‍മാതാക്കള്‍ക്കെതിരേ ആരാധകരുടെ എതിര്‍പ്പ് ശക്തമാണ്. സംഭവത്തില്‍ എത്രയും വേഗം നടപടിയെടുക്കണമെന്നാണ് ആരാധകരുടെ ആവശ്യം. ചിത്രത്തിലെ രംഗങ്ങള്‍ പങ്കുവെക്കരുതെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിരവധി പേര് ഇതിനകം രംഗത്തെത്തിയിട്ടുണ്ട്. ആഗോളതലത്തില്‍ 500 കോടിയും കടന്ന് കുതിക്കുന്നതിനിടെയാണ് ചിത്രത്തിന്റെ പ്രിന്റ് ചോര്‍ച്ച. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്ലബ്ബായ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിന്റെ(ആര്.സി.ബി) ജഴ്സി അനുവാദമില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിനെതിരേ ടീം അധികൃതര്‍ നല്കിയ പരാതി ഒത്തുതീര്‍പ്പാക്കിയതിന് പിറകേയാണ് പ്രിന്റ് ചോര്‍ന്നിരിക്കുന്നത്. തങ്ങളുടെ അനുവാദമില്ലാതെയാണ് ജഴ്സി ഉപയോഗിച്ചതെന്നും സിനിമയിലെ രംഗം ബ്രാന്‍ഡിനെ ബാധിക്കുന്നുണ്ടെന്നും ആരോപിച്ചാണ് ആര്.സി.ബി വക്താക്കള്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിച്ചത്.ചിത്രത്തില്‍ ആര്.സി.ബിയുടെ ജഴ്സിയണിഞ്ഞെത്തുന്ന ഗുണ്ട സ്ത്രീകളെക്കുറിച്ച് മോശമായ പരാമര്‍ശവും നടത്തിയിരുന്നു.
ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി കേസ് കഴിഞ്ഞ ദിവസം വീണ്ടും പരിഗണിച്ചു. കേസ് കോടതിക്ക് പുറത്ത് ഒത്തുതീര്പ്പായതായാണ് കോടതിയില്‍ ആര്.സി.ബിയുടെ അഭിഭാഷകന് അറിയിച്ചത്. ബ്രാന്‍ഡിന് പ്രശ്നം ഉണ്ടാക്കിയ രംഗം ഡിജിറ്റലായി മാറ്റുമെന്ന് ‘ജയിലര്‍’ നിര്‍മ്മാതാക്കളായ സണ്‍ പിക്ചേഴ്സ് ഉറപ്പ് നല്‍കിയതായും ആര്‍സിബി അഭിഭാഷകന് കോടതിയെ അറിയിച്ചു. സെപ്റ്റംബര്‍ ഒന്നിനകം രംഗത്തില്‍ മാറ്റം വരുത്തുമെന്ന് നിര്‍മാതാക്കള്‍ കോടതിയില്‍ ഉറപ്പുനല്‍കിയിട്ടുമുണ്ട്. ടിവി, ഒ.ടി.ടി പ്ലാറ്റ്ഫോമുകളില്‍ മാറ്റം വരുത്തിയ രംഗങ്ങളുള്ള ചിത്രമായിരിക്കും സംപ്രേഷണം ചെയ്യുകയെന്നും നിര്‍മാതാക്കള്‍ അറിയിച്ചിട്ടുണ്ട്. സണ്‍ പിക്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന് നിര്‍മിച്ച ‘ജയിലര്‍’ ഓഗസ്റ്റ് 10-നാണ് തിയേറ്ററുകളില്‍ എത്തിയത്. മോഹന്‍ലാല്‍ രജനികാന്തിനൊപ്പം ആദ്യമായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. രജനിയുടെ 169-ാം ചിത്രമാണ് ‘ജയിലര്‍’. മുത്തുവേല്‍ പാണ്ഡ്യന് എന്ന ജയിലറുടെ വേഷമാണ് രജനികാന്തിന്. വിജയ് നായകനായെത്തിയ ബീസ്റ്റ് എന്ന ചിത്രത്തിന് ശേഷം നെല്സന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജയിലര്‍’. തമന്ന, രമ്യ കൃഷ്ണന്, വിനായകന്, ജാക്കി ഷ്റോഫ്, സുനില്‍ തുടങ്ങിയ വമ്പന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരന്നത്. അനിരുദ്ധ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]