ഓണദിവസത്തെ ചിത്രീകരണത്തിനിടെ ഞെട്ടലുണ്ടാക്കിയ സംഭവത്തേക്കുറിച്ചോർമിച്ച് സംവിധായകൻ കമൽ. ശുഭയാത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ വെട്ടേറ്റുതൂങ്ങിയ കയ്യുമായി ഒരാൾ സെറ്റിലേക്ക് ഓടിക്കയറിവന്നതിനേക്കുറിച്ചാണ് കമൽ പറഞ്ഞത്. ഇതേത്തുടർന്ന് സെറ്റും ഒരുക്കിയിരുന്ന സദ്യയുമെല്ലാം അലങ്കോലമായെന്ന് അദ്ദേഹം പറഞ്ഞു. ഓണത്തിനോടനുബന്ധിച്ച് മാതൃഭൂമി ന്യൂസിൽ അതിഥിയായെത്തിയതായിരുന്നു അദ്ദേഹം.
മുംബൈയിലായിരുന്നു ശുഭയാത്രയുടെ ഭൂരിഭാഗം രംഗങ്ങളും ചിത്രീകരിച്ചതെങ്കിലും ചില ഭാഗങ്ങൾ ചെന്നൈയിലും ചിത്രീകരിച്ചിരുന്നതായി കമൽ ഓർത്തെടുത്തു. മുംബൈയിലെ വീടുകളുടേതെന്ന രീതിയിൽ വീടുകളുടെ ഉൾഭാഗം ചിത്രീകരിക്കാനാണ് ചെന്നൈയിൽ പോയത്. അരുമ്പാക്കം എന്ന സ്ഥലത്ത് മുംബൈയിലെ തെരുവെന്നപോലെ സെറ്റുചെയ്ത് ഇന്നസെന്റിന്റെ വീടിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്തുകൊണ്ടിരിക്കുകയാണ്. ഇന്നസെന്റ്, കെ.പി.എ.സി ലളിത, ജയറാം, പാർവതി എന്നിവരൊക്കെയുണ്ട്. ഓണത്തിന് രണ്ടുദിവസം മുന്നേ ചിത്രീകരണം തുടങ്ങിയെങ്കിലും തിരുവോണദിവസവും ജോലി തുടരേണ്ടിവന്നു. ചിത്രീകരണസ്ഥലത്തിനടുത്തുള്ള ഹാളിലായിരുന്നു ഓണസദ്യ ഏർപ്പാടാക്കിയിരുന്നതെന്നും കമൽ പറഞ്ഞു.
ഷോട്ട് എടുത്തുകൊണ്ടിരിക്കുന്ന സമയം, ഉച്ചയ്ക്ക് 12 മണിയായിക്കാണും. റോഡിൽ ഒരു ബഹളം കേൾക്കുന്നു. അരുമ്പാക്കം എന്നത് ചേരിയൊക്കെ അടുത്തുള്ള പ്രദേശമാണ്. ഏതോ രണ്ട് ഗ്രൂപ്പുകൾ തമ്മിലുള്ള അടിയായിരുന്നു അവിടെ നടന്നത്. സംഘർഷത്തിനിടെ ഒരാൾ എതിർചേരിയിലുള്ള മറ്റൊരാളെ വെട്ടി. കുറേ വെട്ടുകിട്ടി അയാൾക്ക്. കൈയൊക്കെ അറ്റുപോകുന്ന രീതിയിലായിരുന്നു അയാൾക്ക് പരിക്ക്. ഇയാൾ മരണവെപ്രാളവുമായി ഓടിവന്ന് കയറിയത് നമ്മുടെ സെറ്റിലേക്കാണ്. ലൈറ്റൊക്കെ തട്ടിമറിച്ചാണ് വരുന്നത്. കരണ്ട് പോയി. എന്താണ് സംഭവിക്കുന്നതെന്ന് മനസിലാവുന്നില്ല. എതിർ ഗ്രൂപ്പ് പിന്നാലെയുണ്ട്. കമൽ പറഞ്ഞു. അവരിൽ നിന്ന് രക്ഷപ്പെടാൻ ഈ വെട്ടുകൊണ്ടയാൾ തിരിച്ചോടി. അയാൾക്ക് ആ സമയം ഓടിക്കയറാൻ ആകെയുണ്ടായിരുന്നത് സദ്യ ഒരുക്കിവെച്ചിരിക്കുന്ന ആ ഹാളായിരുന്നു. അതിനുമേലേക്കാണ് അയാൾ വീണത്. ആകെക്കൂടി അലങ്കോലമായി. ആളുകൾ ഓടിക്കൂടി റൗഡികളേയെല്ലാം പിടിച്ചുമാറ്റി. വലിയ സംഘർഷവും പിന്നീടുണ്ടായി. എന്താണ് സംഭവിക്കുന്നതെന്ന് ഞങ്ങൾക്ക് അറിയാത്ത അവസ്ഥ. പോലീസ് വന്ന് രംഗം ശാന്തമാക്കിയ ശേഷം സദ്യ ഒരുക്കിയിരുന്ന ഹാളിലേക്ക് വന്നപ്പോൾ കണ്ടത് യുദ്ധക്കളം തന്നെയായിരുന്നെന്നും കമൽ ഓർമിച്ചു.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]