
ഏറ്റവും പ്രതിസന്ധി നിറഞ്ഞ ഘട്ടത്തിലൂടെയാണ് ബോളിവുഡ് കടന്നുപോവുന്നത്. കഴിഞ്ഞവർഷം പുറത്തിറങ്ങിയതിൽ വിരലിലെണ്ണാവുന്ന ചിത്രങ്ങളൊഴികെ അടുത്ത കാലത്തിറങ്ങിയ ബഹുഭൂരിപക്ഷം ചിത്രങ്ങളും പരാജയം രുചിച്ചു. ബോളിവുഡിന്റെ ഈ വിഷമസന്ധിക്ക് കാരണമെന്താണെന്ന് തെലുങ്ക് സൂപ്പർതാരം അല്ലു അർജുൻ തന്നോട് പറഞ്ഞിരുന്നെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ നിഖിൽ അദ്വാനി.
ഗലാട്ടാ പ്ലസിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡ് അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളേക്കുറിച്ച് അല്ലു അർജുൻ സംസാരിച്ച കാര്യം നിഖിൽ അദ്വാനി പറഞ്ഞത്. നായകന്മാരുടെ അവതരണത്തേക്കുറിച്ചാണ് അന്ന് അല്ലു അർജുൻ തന്റെ അഭിപ്രായം വ്യക്തമാക്കിയതെന്ന് നിഖിൽ അദ്വാനി ഓർത്തെടുത്തു. ഒരുമിച്ച് സിനിമ ചെയ്യുന്നതുമായി ബന്ധപ്പെട്ട് അല്ലു അർജുനെ കണ്ടിരുന്നെന്ന് അദ്ദേഹം പറഞ്ഞു. സിനിമ ചെയ്യുന്നതിനേക്കുറിച്ച് പറഞ്ഞപ്പോൾ അല്ലു ഒന്നു നോക്കി. എന്നിട്ട് ബോളിവുഡിന് എവിടെയാണ് പിഴച്ചതെന്ന് ചോദിച്ചു. എങ്ങനെ ഹീറോ ആകണമെന്ന് നിങ്ങൾ എല്ലാവരും മറന്നുവെന്നും അല്ലു അർജുൻ പറഞ്ഞതായി നിഖിൽ വ്യക്തമാക്കി.
ദക്ഷിണേന്ത്യൻ സിനിമകളിൽ നായകന്മാരെ എങ്ങനെ വീരന്മാരായി അവതരിപ്പിക്കുന്നു എന്നതിനേക്കുറിച്ചും നിഖിൽ അദ്വാനി അഭിമുഖത്തിൽ സംസാരിച്ചു. തെന്നിന്ത്യൻ സിനിമ പുരാണകഥകളും മറ്റുമാണെന്നാണ് എല്ലാവരും ചിന്തിക്കുന്നത്. പക്ഷേ അവരതിലെ വൈകാരികതയ്ക്കാണ് പ്രാധാന്യം നൽകുന്നതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ‘കഭി ഹാം കഭി നാ’ എന്ന ചിത്രത്തിലെ ഷാരൂഖ് ഖാന്റെ കഥാപാത്രത്തിന് ഇന്നത്തെ പല നടന്മാരും കാണിക്കുന്നതിനേക്കാൾ ഹീറോയിസമുണ്ടെന്നും നിഖിൽ കൂട്ടിച്ചേർത്തു.
ബോളിവുഡ് ചിത്രങ്ങളുടെ കോട്ടകളിൽ അല്ലു അർജുൻ നായകനായ പുഷ്പ, യഷ് നായകനായ കെ.ജി.എഫ്, റിഷഭ് ഷെട്ടിയുടെ കാന്താര ഉൾപ്പെടെ ഒരുപിടി തെലുങ്ക് ചിത്രങ്ങൾ അടുത്തിടെ മികച്ച നേട്ടം കൊയ്തിരുന്നു. തുടർന്ന് ബോളിവുഡ് ചിത്രങ്ങൾക്കുമേൽ ദക്ഷിണേന്ത്യൻ ചിത്രങ്ങൾ ആധിപത്യം സ്ഥാപിക്കുന്നു എന്ന തരത്തിലുള്ള സോഷ്യൽ മീഡിയാ ചർച്ചയും സജീവമായിരുന്നു. ഇടക്കാലത്ത് ഒന്ന് തണുത്ത ഈ ചർച്ച കൽക്കി 2898 എ.ഡി എന്ന ചിത്രത്തിന്റെ വരവോടെ വീണ്ടും ചൂടുപിടിച്ചു. മൊഴിമാറി പ്രദർശനത്തിനെത്തിയ ചിത്രം ബോളിവുഡ് ചിത്രങ്ങളെ തകർത്ത് ഈ വർഷം ഏറ്റവും കൂടുതൽ കളക്ഷൻ കിട്ടിയ ചിത്രം എന്ന റെക്കോർഡും സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് അല്ലു അർജുന്റെ വാക്കുകൾ ഉയർത്തിപ്പിടിച്ച് നിഖിൽ അദ്വാനി രംഗത്തെത്തിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]