
നടൻ ധനുഷിന് തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിലിന്റെ കുരുക്ക്. തിങ്കളാഴ്ച ചേർന്ന കൗൺസിൽ യോഗത്തിൽ തമിഴ് ചലച്ചിത്ര മേഖല നേരിടുന്ന പ്രതിസന്ധികളേക്കുറിച്ച് ചർച്ച ചെയ്തിരുന്നു. അതിൽത്തന്നെ പല ഘട്ടത്തിലായി ചിത്രീകരണം മുടങ്ങിനിൽക്കുന്ന ചിത്രങ്ങളേക്കുറിച്ചും അവയുടെ ചിത്രീകരണം പുനരാരംഭിക്കുന്നതിനേക്കുറിച്ചും ചർച്ചയുണ്ടായി. കൂടാതെ വർധിച്ച പ്രൊഡക്ഷൻ ചെലവും താരങ്ങളുടെ കനത്ത പ്രതിഫലവും ചർച്ചാ വിഷയമായി. ഇതിനിടയിലാണ് ധനുഷിന്റെ പേരും ഉയർന്നുവന്നത്.
പ്രശസ്ത തമിഴ് നിർമാതാക്കളായ തെനാന്തൽ ഫിലിംസാണ് ധനുഷിനെതിരെ പരാതിയുമായി മുന്നോട്ടുവന്നത്. തങ്ങൾക്കൊപ്പം സിനിമ ചെയ്യാമെന്നുപറഞ്ഞ് ധനുഷ് അഡ്വാൻസ് വാങ്ങിയിരുന്നെന്നും പിന്നീട് വാക്കുതെറ്റിച്ചെന്നും അവർ പറഞ്ഞു. തങ്ങളുടെ ചിത്രങ്ങളിൽ അഭിനയിപ്പിക്കാൻ ധനുഷിനെ സമീപിക്കുന്നതിനുമുൻപ് പ്രൊഡ്യൂസേഴ്സ് കൗൺസിലുമായി ചർച്ച ചെയ്യണമെന്ന് സംവിധായകർക്ക് നിർമാതാക്കളുടെ സംഘടന നിർദേശം നൽകിയതായും റിപ്പോർട്ടുണ്ട്.
മറ്റൊരു തമിഴ് താരമായ വിശാലിനെതിരെയും യോഗത്തിൽ വിമർശനമുയർന്നു. തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗൺസിൽ പ്രസിഡന്റായിരിക്കേ 12 കോടി രൂപ ദുരുപയോഗം ചെയ്തു എന്നാണ് കൗൺസിൽ ആരോപിച്ചത്. അതേസമയം ഈ വിഷയത്തിൽ കഴിഞ്ഞദിവസം വിശാൽ മറുപടി പറഞ്ഞിരുന്നു. താൻ തിരിമറി നടത്തിയിട്ടില്ലെന്നും ക്ഷേമ പ്രവർത്തനങ്ങൾക്കായുള്ള നിയമാനുസൃതമായ തുകയേ എടുത്തിട്ടുള്ളൂ എന്നാണ് അദ്ദേഹം പറഞ്ഞത്.
മുൻകൂർ പണം വാങ്ങിയതിനുശേഷം അഭിനേതാക്കളും സാങ്കേതിക വിദഗ്ധരും നിലവിലുള്ള പ്രോജക്ടുകൾ ഉപേക്ഷിക്കുന്നതിൻ്റെ പ്രശ്നവും കൗൺസിൽ ചർച്ച ചെയ്തു. ഇത് നിർമ്മാതാക്കൾക്ക് കാര്യമായ നഷ്ടമുണ്ടാക്കിയെന്ന് കൗൺസിൽ വിലയിരുത്തി. അഡ്വാൻസ് വാങ്ങിയിട്ടുണ്ടെങ്കിൽ നടീനടന്മാരും സാങ്കേതിക വിദഗ്ധരും അതാത് ചിത്രങ്ങൾ പൂർത്തിയാക്കണമെന്നും സംഘടന നിർദേശിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]