
ഒട്ടേറെ ചിത്രങ്ങളിൽ ഒരുമിച്ച് അഭിനയിച്ചിട്ടുള്ള ജോഡികളാണ് ഷാരൂഖ് ഖാനും ജൂഹി ചൗളയും. സിനിമയിലെ സൗഹൃദം ജീവിതത്തിലും ഇരുവരും തുടരുന്നുണ്ട്. ഷാരൂഖ് ഖാനെക്കുറിച്ചുള്ള കഥകൾ പലവേദികളിലായി ജൂഹി ചൗള പറഞ്ഞിട്ടുമുണ്ട്. ഇപ്പോഴിതാ നടൻ്റെ തുടക്കകാലത്ത് അനുഭവിച്ച സാമ്പത്തിക പ്രതിസന്ധികളെക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് നടി. ഇ.എം.ഐ അടയ്ക്കാത്തതിനാൽ ഷാരൂഖ് ഖാൻറെ കാർ എടുത്തുകൊണ്ട് പോയ സംഭവവും ജൂഹി ചൗള വിവരിച്ചു. ഒരു പരിപാടിയിൽ സംസാരിക്കുകയായിരുന്നു നടി.
‘ആ ദിവസങ്ങളിലെ ഷാരൂഖിനെ ഞാൻ ഓർക്കുന്നു. അന്ന് ഷാരൂഖിന് മുംബൈയിൽ സ്വന്തമായി വീടുണ്ടായിരുന്നില്ല. അദ്ദേഹം ഡൽഹിയിൽ നിന്നാണ് മുംബൈയിലെത്തിയിരുന്നത്. അദ്ദേഹത്തിനുവേണ്ടി പാചകം ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല, ഷാരൂഖ് എവിടെയാണ് താമസിച്ചതെന്ന് പോലും എനിക്ക് ഉറപ്പില്ല. സിനിമ യൂണിറ്റിനൊപ്പമാണ് ചായവും ഭക്ഷണവും കഴിച്ചിരുന്നത്. രണ്ടോ മൂന്നോ ഷിഫ്റ്റുകളിൽ ജോലി ചെയ്തു. ജീവിതത്തിൽ മുന്നേറണമെന്ന ചിന്ത അദ്ദേഹത്തിനുണ്ടായിരുന്നു.
ഷാരൂഖിന് ഒരു വാഹനമുണ്ടായിരുന്നു. അതൊരു കറുത്ത ജിപ്സി ആണെന്ന് ഞാൻ ഓർക്കുന്നു. ഇഎംഐ അടയ്ക്കാൻ സാധിക്കാത്തതിനാൽ ഒരു ദിവസം ആ ജിപ്സി എടുത്തുകൊണ്ടുപോയി. അതിനു ശേഷം വളരെ നിരാശയോടെയാണ് അദ്ദേഹം സെറ്റിൽ വന്നത്. വിഷമിക്കണ്ടെന്നും ഒരുനാൾ നിങ്ങൾ ഇതുപോലെ ഒരുപാട് കാറുകളുടെ ഉടമയാകുമെന്ന് ഞാൻ പറഞ്ഞു. അതിപ്പോൾ സത്യമായി. ഷാരൂഖ് ഇപ്പോൾ എവിടെ എത്തിയെന്ന് നോക്കൂ’, ജൂഹി ചൗള പറഞ്ഞു.
ഇന്ന് നിരവധി ആഡംബര കാറുകളാണ് ഷാരൂഖ് ഖാന് സ്വന്തമായിട്ടുള്ളത്. മുംബൈയിലുള്ള ഷാരൂഖിൻ്റെ ‘മന്നത്ത്’ എന്ന വീട് കാണാൻ വേണ്ടിമാത്രം നിരവധി ആരാധകർ എത്താറുമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]