
ശ്രീലങ്കൻ സംവിധാനംചെയ്യുന്ന ബഹുഭാഷാ ചിത്രത്തിൽ നായകനും നായികയുമായി മലയാളി താരങ്ങൾ. ‘പാരഡൈസ്’ എന്ന ചിത്രത്തിനുമാത്രം അവകാശപ്പെടാവുന്ന പ്രത്യേകതയാണ്. പ്രസന്ന വിതനഗെ ഒരുക്കുന്ന പാരഡൈസിൽ പ്രധാനവേഷങ്ങളിലെത്തുന്നത് റോഷൻ മാത്യുവും ദർശനാ രാജേന്ദ്രനുമാണ്. തിയേറ്ററുകളിലെത്തിയ ചിത്രത്തേക്കുറിച്ച് സംസാരിക്കുകയാണ് നടൻ റോഷൻ.
കേശവ് എന്നും അമൃത എന്നുമുള്ള രണ്ടുപേരുടെ ഇമോഷൻ എക്സ്പ്ലോർ ചെയ്യുന്ന ചിത്രമാണ് പാരഡൈസ്. ഒരു പ്രതിസന്ധി ഘട്ടം അല്ലെങ്കിൽ അതിനുമുൻപ് അഭിമുഖീകരിച്ചിട്ടില്ലാത്ത ചില പ്രശ്നങ്ങളിലേക്ക് കൊണ്ടിട്ടുകഴിഞ്ഞാൽ ആളുകൾ ചിലപ്പോൾ പ്രതികരിക്കുന്നത് തീരെ പ്രതീക്ഷിക്കാത്ത രീതിയിലായിരിക്കും. അങ്ങനെയൊരു സാഹചര്യത്തിലേക്ക് രണ്ടുപേരെ എത്തിക്കുകയാണ്. ആ രണ്ട് കഥാപാത്രങ്ങളും അവിടെ പോകുന്നത് ആഘോഷത്തിനായാണ്. ഒരു പാരഡൈസ് അന്വേഷിച്ചുതന്നെയാണ് അവരവിടെ പോകുന്നത്. അവിടെവെച്ചുണ്ടാകുന്ന ഒരു മോഷണം ഏറ്റവും മോശമായ സാഹചര്യങ്ങളിലേക്കാണ് അവരെ എത്തിക്കുന്നത്.
ശ്രീലങ്കൻ സംവിധായകന്റെ ചിത്രത്തിൽ മലയാളി താരങ്ങൾ
പ്രസന്ന വിതനഗെയോടൊപ്പം ഒരു ചിത്രം ചെയ്യണമെന്ന് താത്പര്യമുണ്ടായിരുന്നു. അദ്ദേഹം ആദ്യം ഇതിന്റെ തിരക്കഥ അയച്ചുതന്നു. ഞാൻ മുമ്പ് ചോപ്പ് എന്നൊരു പടം ചെയ്തിരുന്നു. അതും ഇതുപോലെ ദമ്പതികളുടെ കഥയായിരുന്നു. ഏകദേശം ഒരേപോലെയുള്ള കഥയായിരിക്കും എന്നുകരുതി ചെയ്യേണ്ട എന്നാണ് ആദ്യം വിചാരിച്ചത്. പിന്നെ അദ്ദേഹത്തെ നേരിട്ടുകണ്ടപ്പോഴാണ് ഞാൻ ഇതുവരെ ചെയ്യാത്ത ശൈലിയിലാണ് അദ്ദേഹം ഈ സിനിമ ഷൂട്ട് ചെയ്യാൻ പദ്ധതിയിട്ടിരുന്നത് എന്നു മനസിലായത്. മനുഷ്യന്റെ സ്വഭാവ സവിശേഷതകളുമായി ബന്ധപ്പെട്ട ചെറിയതും എന്നാൽ സൂക്ഷ്മവുമായ കാര്യങ്ങൾ അദ്ദേഹം പറഞ്ഞു. എന്റേതായ ചിന്തകൾ ഞാനും പറഞ്ഞു. സംസാരിച്ചു കഴിഞ്ഞപ്പോൾത്തന്നെ അതിനോടൊരു എക്സൈറ്റ്മെന്റ് തോന്നി. ഈ തിരക്കഥയിൽ എഴുതിയത് എങ്ങനെ ചിത്രീകരിച്ച് സ്ക്രീനിലെത്തിക്കും എന്ന് തോന്നി. ആ ആകാംക്ഷയാണ് പാരഡൈസ് ചെയ്യാനുള്ള പ്രധാന കാരണം. അപ്പോഴേക്കും വിതനഗെ സാറിന്റെ ഒന്നുരണ്ട് സിനിമകൾകൂടി ഞാൻ കണ്ടിരുന്നു. നല്ല സിനിമയാവുമെന്ന് ആദ്യമേ ഉറപ്പായിരുന്നു. സംശയങ്ങളെല്ലാം സാറിനോട് സംസാരിച്ചപ്പോൾ മാറി.
പൂർണമായും ശ്രീലങ്കയിൽ ചിത്രീകരിച്ച ചിത്രം
പൂർണമായും ശ്രീലങ്കയിലായിരുന്നു ചിത്രീകരണം. രണ്ട് പ്രധാനകഥാപാത്രങ്ങൾ ശ്രീലങ്കയിലെത്തുന്നതും അവിടത്തെ സ്ഥലങ്ങൾ കാണുന്നതും അവിടെ താമസിക്കുന്നതുമെല്ലാം തിരക്കഥയിലുണ്ടായിരുന്നു. 2023-ൽ ഒരുവർഷം ഈ സിനിമയുമായി ബന്ധപ്പെട്ട് ശ്രീലങ്കയിലുണ്ടായിരുന്നു. ശ്രീലങ്ക അവരുടെ തകർച്ചയിൽനിന്ന് പതിയെ തിരിച്ചുവരുന്ന സമയത്തായിരുന്നു ഷൂട്ടിങ്. പ്രധാനകഥാപാത്രങ്ങളായ ദമ്പതിമാർ താമസിക്കുന്ന സ്ഥലം ടൗണിൽനിന്നെല്ലാം മാറി കുറച്ച് ഒറ്റപ്പെട്ട ഇടത്തായിരുന്നു. ഒരു കുന്നിൻപ്രദേശം. പക്ഷേ അവിടെ നിന്ന് പുറത്തിറങ്ങി കൊളംബോയിലേക്കെത്തിയപ്പോഴാണ് ശ്രീലങ്കയിലെ പ്രശ്നത്തിന്റെ യഥാർത്ഥമുഖം മനസിലായത്. ഒറ്റനോട്ടത്തിൽ ഭീകരമായ പ്രശ്നങ്ങൾ ഉണ്ടെന്ന് തോന്നില്ല. പക്ഷേ ഒന്ന് സൂക്ഷിച്ചുനോക്കിയാൽ എവിടെയൊക്കെയോ പ്രശ്നമുണ്ടുതാനും.
ചിത്രീകരണത്തിലെ പ്ലാനിംഗ്
പല പല ലൊക്കേഷനിലാണ് ചിത്രീകരണം. ഓരോ കാര്യങ്ങൾക്കും വളരെയധികം പ്ലാനിങ് ഉണ്ടായിരുന്നു. ഏത് ഓർഡറിൽ ചെയ്താൽ ഏറ്റവും കൂടുതൽ ഇന്ധനം ചെലവാകുക എന്നൊക്കെ ഭയങ്കര മുൻഗണന കൊടുത്ത് ആലോചിക്കും. പുറത്തുനിന്നുള്ള പ്രൊഡക്ഷൻ ഹൗസുമായാണ് അവിടെ ചെന്നത്. പ്രൊഡക്ഷൻ ചെലവുകളെല്ലാം ഇന്ത്യൻ കറൻസിയിലാണ്. ഭയങ്കര പണച്ചെലവ് അനുഭവിച്ചില്ലെങ്കിലും രാജീവേട്ടന്റെ (രാജീവ് രവി) ക്രൂവിൽ ശ്രീലങ്കക്കാരായിരുന്നു നല്ലൊരുപങ്കും. അവർക്ക് ഈ സിനിമയോടും ഷൂട്ടിനോടുമുള്ള സമീപനം കണ്ടാൽ അറിയാം അവർ പഴയ ജീവിതത്തിലേക്ക് തിരിച്ചുവരാൻ എത്രമാത്രം കഷ്ടപ്പെടുന്നുണ്ടെന്ന്.
മാളിലെ ഒഴിഞ്ഞ റാക്കുകൾ
ഈ സിനിമയുടെ ഷൂട്ട് തീർത്ത് നാട്ടിലേക്ക് വരുന്നതിന് രണ്ടുദിവസം മുൻപ് കൊളംബോയിലെ ഒരു മാളിൽ പോയിരുന്നു. അവിടെ വിതനഗെ സാറിന്റെ ഗാഡി എന്ന പടം കളിക്കുന്നുണ്ടായിരുന്നു. ഐഎഫ്എഫ്കെയിലൊക്കെ വന്ന സിനിമയായിരുന്നു. ആ മാളിലെ ഷോപ്പുകളിൽ ലൈറ്റുകളൊക്കെ ഓൺ ആയിരുന്നെങ്കിലും റാക്കുകളെല്ലാം ഒഴിഞ്ഞുകിടന്നിരുന്നു. ഇവിടത്തെ മാളുകളിലൊന്നും നമ്മളങ്ങനെ കണ്ടിട്ടില്ലല്ലോ.
പ്രതീക്ഷകൾ
സിനിമ തിയേറ്ററിലേക്കെത്തുമ്പോൾ ഞാൻ വളരെ പ്രതീക്ഷയിലാണ്. ആകാംക്ഷയോടെ തന്നെയാണ് കാത്തിരിക്കുന്നത്. പ്രസന്ന സാർ ഇതൊരു ഗ്ലോബൽ സിനിമയാണ് എന്ന രീതിയിൽത്തന്നെയാണ് സിനിമ എടുത്തിരിക്കുന്നത്. ശ്രീലങ്കയുടെ പശ്ചാത്തലത്തിൽ ഇന്ത്യയിൽ നിന്നുള്ള , അല്ലെങ്കിൽ കേരളത്തിൽ നിന്നുള്ള രണ്ട് കഥാപാത്രങ്ങളെ പ്രതിഷ്ഠിച്ചിരിക്കുന്നതുതന്നെ ഈ സിനിമയ്ക്കൊരു ആഗോള റീച്ച് കിട്ടുന്നതിനായാണ്. ലോകമെമ്പാടുമുള്ളവർക്ക് മനസിലാവുന്നപോലെ അവതരിപ്പിക്കണമെന്നതായിരുന്നു അദ്ദേഹം മനസിൽ കണ്ടത്. പ്രദർശിപ്പിച്ച എല്ലാ മേളകളിൽനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചത്. ശ്രീലങ്കയുടെ കഥ എന്ന് ഒതുങ്ങിനിൽക്കുന്നതിനുപകരം എല്ലാവർക്കും റിലേറ്റ് ചെയ്യുന്നതുപോലെയാണ് ഈ കഥ പറഞ്ഞിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]