
കാക്കനാട്: ‘മോഹന്‍ലാല്‍ കഴിഞ്ഞാല്‍ ആരാ?’ മമ്മൂട്ടി. ‘മമ്മൂട്ടി കഴിഞ്ഞാലോ?’ ദിലീപ്… സാപ്പിയുടെ ചോദ്യങ്ങള്‍ക്ക് ഇങ്ങനെ മറുപടി നല്‍കണം, ചിലപ്പോള്‍ മമ്മൂട്ടി കഴിഞ്ഞാല്‍ ആരാ? മോഹന്‍ലാല്‍ എന്ന ക്രമത്തിലാവും ചോദ്യോത്തരങ്ങള്‍. നടന് സിദ്ദിഖിന്റെ അന്തരിച്ച മകന് റാഷിന് എന്ന, വീട്ടുകാരുടെയും നാട്ടുകാരുടെയും സ്വന്തം സാപ്പിയുടേതായിരുന്നു ഈ ചോദ്യങ്ങളെല്ലാം. ചോദിക്കുന്നതോ വീടിനടുത്തുള്ള പലചരക്കു കടയിലെ സിയാദിനോടും.
ഇതുമാത്രമല്ല, നിത്യേന കടയിലെത്തുന്ന സാപ്പിക്ക് പല കാര്യങ്ങളും ചോദിക്കാനും പറയാനുമുണ്ടാവും. വിചാരിച്ച മറുപടി കിട്ടിയില്ലെങ്കില്‍ ചെറിയ പരിഭവം. എന്നാല്‍, കടയില്‍ സ്ഥിരമായി എത്തുന്ന ആരെങ്കിലും വാപ്പ സിദ്ദിഖിന്റെ സിനിമാ വിശേഷങ്ങളെ കുറിച്ച് ചോദിച്ചാല്‍ ഒന്നും മിണ്ടാതെ തലയാട്ടും.
ഇടയ്ക്ക് കടയില്‍നിന്ന് ഇഷ്ടമുള്ളത് എടുത്തു കഴിക്കാനും മറക്കില്ല. ഈ കടയില്‍നിന്നും അടുത്തുള്ള ചായക്കടയില്നിന്നുമെല്ലാം എന്തുവേണമെങ്കിലും എടുത്തു കഴിക്കാനുള്ള സ്വാതന്ത്ര്യം കടയുടമകള്‍ അവരുടെ സ്വന്തം സാപ്പിക്ക് നല്‍കിയിട്ടുണ്ട്. മകന് എടുക്കുന്ന സാധനങ്ങളുടെ ചെലവ് കൃത്യമായി സിദ്ദിഖ് കട നടത്തുന്നവര്‍ക്ക് നല്‍കാറുണ്ടെന്നും സിയാദ് പറഞ്ഞു.
ഭിന്നശേഷിക്കാരനായ മൂത്ത മകന് റാഷിനെ സ്പെഷ്യല്‍ ചൈല്‍ഡ് എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. അവന്റെ വിശേഷങ്ങള്‍ നടന് ഇടയ്ക്കിടെ പങ്കുവെക്കാറുമുണ്ടായിരുന്നു.
പൊട്ടിക്കരഞ്ഞ് സിദ്ദിഖ്; സാപ്പിക്കു വിട
തന്റെ പ്രിയപുത്രന്റെ വിയോഗം അറിഞ്ഞ് കാക്കനാട് പടമുകളിലെ വീട്ടിലെത്തിയ സിനിമാ മേഖലയിലെ സഹപ്രവര്‍ത്തകരോട് സംസാരിക്കാന്‍ കഴിയാതെ സിദ്ദിഖ് എന്ന പിതാവ് വല്ലാതെ തളര്‍ന്നിരുന്നു. എന്നാല്‍, ആരും കാണാതെ ഉള്ളിലൊതുക്കിയ വിഷമം സഹപ്രവര്‍ത്തകര്‍ ചേര്‍ത്തുപിടിച്ചതോടെ പൊട്ടിക്കരച്ചിലായി.
ദിലീപ്, ഫഹദ് ഫാസില്‍, മനോജ് കെ. ജയന്, കുഞ്ചാക്കോ ബോബന്, കാവ്യ മാധവന്, റഹ്മാന്, നാദിര്‍ഷ, ബാബുരാജ്, ജോമോള്‍, ബേസില്‍ ജോസഫ്, രജിഷ വിജയന്, ഗ്രേസ് ആന്റണി, ആന്റോ ജോസഫ്, രണ്‍ജി പണിക്കര്‍, ജിത്തു ജോസഫ്, ഷാഫി, ആന്റണി പെരുമ്പാവൂര്‍, ഇടവേള ബാബു, സായികുമാര്‍, അജയ് വാസുദേവ്, ടിനി ടോം, കുഞ്ചന്‍, അനൂപ് ചന്ദ്രന്, ഷാജോണ്‍, സുരേഷ് കൃഷ്ണ, മേജര്‍ രവി, അബു സലീം, കൈലാശ്, സീനത്ത്, ലിസ്റ്റിന് സ്റ്റീഫന്‍, സീമ ജി. നായര്‍, ബാദുഷ, മാല പാര്‍വതി തുടങ്ങി സിനിമാ രംഗത്തെ നിരവധി പേരാണ് റാഷിന് അന്ത്യാഞ്ജലിയര്‍പ്പിക്കാന്‍ എത്തിയത്.
വ്യാഴാഴ്ച വൈകീട്ട് പടമുകള്‍ പള്ളിയില്‍ നടന്ന കബറടക്ക ചടങ്ങില്‍ ദിലീപ്, മനോജ് കെ. ജയന് ഉള്‍പ്പെടെയുള്ള താരങ്ങളും പങ്കെടുത്തിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]