
നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ കാണുമെന്ന് നടൻ കമൽഹാസൻ. മലയാളചിത്രമായ ചെമ്മീൻ ഉദാഹരണമാക്കിയായിരുന്നു ഉലകനായകന്റെ പരാമർശം. തന്റെ ഏറ്റവും പുതിയ ചിത്രമായ കൽക്കിയുമായി ബന്ധപ്പെട്ടുള്ള വാർത്താ സമ്മേളനത്തിലാണ് കമൽ ചെമ്മീൻ സിനിമയേക്കുറിച്ചും അത് കണ്ട അനുഭവത്തേക്കുറിച്ചും പറഞ്ഞത്.
“എന്റെ ചെറുപ്പകാലത്ത് ‘ചെമ്മീൻ’ എന്ന ചിത്രം മൊഴിമാറ്റം പോലും ചെയ്യാതെ, സബ്ടൈറ്റിൽ പോലും ഇല്ലാതെ ഇവിടെ റിലീസ് ചെയ്തിട്ടുണ്ട്. ഞാനൊക്കെ രണ്ടുതവണ പോയി ആ സിനിമ കണ്ടിട്ടുണ്ട്. അതെന്തിനുകണ്ടു എന്നു ചോദിച്ചാൽ എനിക്ക് ഉത്തരം പറയാൻ അറിയില്ല. ചെന്നൈയിൽ എല്ലാവരും ആ സിനിമ പോയി കണ്ടിരുന്നു. നൂറിലധികം ദിവസം ആ സിനിമ ചെന്നൈയിൽ ഓടി.” കമൽഹാസൻ പറഞ്ഞു.
കൽക്കിയിൽ സുപ്രീം യാസ്കിൻ എന്ന വില്ലൻ വേഷത്തിലാണ് കമൽഹാസൻ എത്തിയത്. സിനിമയ്ക്ക് ഒരു പ്രത്യേക ഭാഷയില്ലെന്ന് കമൽഹാസൻ ചൂണ്ടിക്കാട്ടി. സിനിമയ്ക്ക് അതിന്റേതായ ഭാഷയുണ്ട്. അത് കൽക്കിയിൽ അനുഭവിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചിത്രത്തിൽ അശ്വത്ഥാമാവ് എന്ന കഥാപാത്രമായെത്തിയ അമിതാഭ് ബച്ചനെ കമൽഹാസൻ പ്രത്യേകം അഭിനന്ദിച്ചു.
“അദ്ദേഹത്തെ മുതിർന്ന നടനെന്നോ പുതിയ നടനെന്നോ എങ്ങനെ വിളിക്കണമെന്ന് എനിക്കറിയില്ല. അത്ര നന്നായി അദ്ദേഹം ചെയ്തിട്ടുണ്ട്. മിത്തോളജി സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടില്ല. മനുഷ്യർക്കൊപ്പം ജീവിക്കുന്ന വ്യക്തിയാണ് ഞാൻ. ഭക്തിസിനിമ ആകാതെ യുക്തിസഹജമായാണ് നാഗ് അശ്വിൻ കൽക്കി ഒരുക്കിയിരിക്കുന്നത്”– കമലിന്റെ വാക്കുകൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഇന്ത്യൻ മിത്തോളജിയിൽ വേരൂന്നി പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’. ‘കാശി, ‘കോംപ്ലക്സ്’, ‘ശംഭാള’ എന്നീ മൂന്ന് ലോകങ്ങളുടെ കഥ പറയുന്ന ചിത്രത്തിൽ ബിസി 3101-ലെ മഹാഭാരതത്തിൻ്റെ ഇതിഹാസ സംഭവങ്ങൾ മുതൽ എഡി 2898 സഹസ്രാബ്ദങ്ങൾ വരെ നീണ്ടുനിൽക്കുന്ന യാത്രയാണ് ദൃശ്യാവിഷ്കരിക്കുന്നത്.