
രണ്ടുദിവസം മുൻപാണ് കമൽഹാസനെ നായകനാക്കി ഷങ്കർ സംവിധാനംചെയ്യുന്ന ഇന്ത്യൻ 2 എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. ട്രെയിലർ കണ്ട എല്ലാവരും ഒരേ സ്വരത്തിൽ ചോദിച്ച ഒരു കാര്യമുണ്ട്. നൂറുവയസിന് മുകളിൽ പ്രായമുള്ള സേനാപതി എങ്ങനെ ഇതുപോലുള്ള ആക്ഷൻ, സാഹസിക രംഗങ്ങൾ ചെയ്യുമെന്ന്. അതിനുള്ള ഉത്തരം ഷങ്കർതന്നെ നൽകിയിരിക്കുകയാണിപ്പോൾ.
ചിത്രവുമായി ബന്ധപ്പെട്ട് നടന്ന ഒരു വാർത്താ സമ്മേളനത്തിൽ ഒരു മാധ്യമപ്രവർത്തകൻ ഇക്കാര്യം സംവിധായകനോട് ഉന്നയിച്ചിരുന്നു. കമൽഹാസനും ഈ വാർത്താസമ്മേളനത്തിൽ പങ്കെടുത്തിരുന്നു. ഇന്ത്യൻ സിനിമയുടെ കഥ നടക്കുന്ന സമയം വച്ചു നോക്കുകയാണെങ്കിൽ സേനാപതിയുടെ ജനനം 1918ലാണ്. അതായത് ഇപ്പോള് പ്രായം 106. ഇന്ത്യൻ 2 സിനിമയുടെ ട്രെയിലറിൽ സേനാപതിയുടെ അതിഗംഭീര ആക്ഷൻ സീക്വൻസുകളും കാണാം. ഈ പ്രായത്തിൽ സേനാപതിക്ക് ഇത്രയും ആക്ഷനൊക്കെ ചെയ്യാൻ സാധിക്കുമോ? എന്നായിരുന്നു മാധ്യമപ്രവർത്തകന്റെ ചോദ്യം.
സേനാപതിയുടെ പ്രായം ശരിയാണെന്നുപറഞ്ഞ ഷങ്കർ ചോദ്യത്തിനുള്ള ഉത്തരം അല്പം വിശദമായിത്തന്നെ നൽകി. ‘‘ചൈനയിൽ ഒരു മാർഷ്യൽ ആർട്സ് മാസ്റ്റർ ഉണ്ട്. അദേഹത്തിന്റെ പേര് ലൂസി ജിയോൺ എന്നാണ്. 120-ാം വയസ്സിലും അദ്ദേഹം മാർഷ്യൽ ആർട്സ് പെർഫോം ചെയ്യും. പറന്നും കറങ്ങിയും എല്ലാത്തരത്തിലുമുള്ള പ്രകടനങ്ങൾ ഇപ്പോഴും ചെയ്യുന്നുണ്ട്.
സേനാപതിയും അങ്ങനെയൊരു മാസ്റ്റർ ആണ്. മർമം ആണ് അദ്ദേഹത്തിന്റെ ഏരിയ. യോഗയും മറ്റു പരിശീലനങ്ങളെല്ലാം ചെയ്യുന്ന സേനാപതിയുടെ ഭക്ഷണ ശൈലി പോലും വ്യത്യസ്തമാണ്. ദിവസം ഒരുനേരം മാത്രമാണ് ഭക്ഷണം. നിങ്ങൾ ഒരു മാസ്റ്റർ ആണെങ്കിൽ, അച്ചടക്കം പുലർത്തുന്ന സ്വഭാവക്കാരനാണെങ്കിൽ വയസ് ഒരു പ്രശ്നമല്ല. ഏത് സ്റ്റണ്ടും ചെയ്യാൻ അദ്ദേഹത്തിന് കഴിയും.’’ –ശങ്കറിന്റെ വാക്കുകൾ.
1996-ലെ ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് ബ്ലോക്ക്ബസ്റ്ററടിച്ച ‘ഇന്ത്യൻ’ എന്ന ചിത്രത്തിന്റെ തുടർച്ചയാണ് ‘ഇന്ത്യൻ 2’. 1996 മെയ് 9നാണ് ‘ഇന്ത്യൻ’ റിലീസ് ചെയ്തത്. അഴിമതിക്കെതിരെ പോരാടുന്ന സ്വാതന്ത്രസമര സേനാനിയായ സേനാപതിയെന്ന വൃദ്ധന്റെ റോളിലാണ് കമൽഹാസൻ ‘ഇന്ത്യ’നിൽ പ്രത്യക്ഷപ്പെട്ടത്.