
ഈ വർഷത്തെ കാൻ ചലച്ചിത്രമേളയിൽ ഗ്രാൻഡ് പ്രീ പുരസ്കാരം നേടിയ ചിത്രമാണ് പായൽ കപാഡിയ സംവിധാനംചെയ്ത ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. പുരസ്കാരനിറവിൽ നിൽക്കേ താൻ പഠിച്ച ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയേയും മലയാള സിനിമയേയും പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പായൽ.
അഞ്ചുവർഷമായിരുന്നു ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ വിദ്യാർത്ഥിയായി താനുണ്ടായിരുന്നതെന്ന് പായൽ കപാഡിയ പറഞ്ഞു. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ പാഠം പഠിച്ചതും ഇവിടെനിന്നായിരുന്നു. ചലച്ചിത്രനിർമ്മാണത്തെക്കുറിച്ചുള്ള നമ്മുടെ ചിന്തകൾ മാത്രമല്ല, നമ്മൾ വസിക്കുന്ന ലോകത്തെ കുറിച്ചും രൂപപ്പെടുത്താൻ കഴിയുന്ന ഒരു ഇടമായിരുന്നു അത്. സ്വതന്ത്ര ചിന്തകളെ പ്രോത്സാഹിപ്പിക്കുന്ന ഇടമാണ് എഫ്ടിഐഐ എന്നും പായൽ പറഞ്ഞു.
“എഫ്ടിഐഐ മാത്രമല്ല, നമ്മുടെ രാജ്യത്ത് നിർമിക്കപ്പെടുന്ന സിനിമകളിലേക്ക് ഒന്ന് കണ്ണോടിച്ചാൽ അതിന്റെയെല്ലാം അണിയറയിൽ ആരെങ്കിലുമൊക്കെ പഠിച്ചത് പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളിലാണെന്ന് കാണാം. ജാമിയ, ജെ.എൻ.യു, എച്ച്.സി.യു, എസ്.ആർ.എഫ്.ടി, കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവ അതിൽ ചിലതുമാത്രം.” പായൽ പറഞ്ഞു.
മലയാളം സിനിമാ മേഖലയേക്കുറിച്ചും പായൽ കപാഡിയ സംസാരിക്കുന്നുണ്ട്. “അവർ ഒരിക്കലും തങ്ങൾ വലിയ താരങ്ങളാണെന്ന് അവകാശപ്പെടുന്നില്ല. എന്നെ കാണാനും എനിക്കൊപ്പം സമയം പങ്കിടാനും തയ്യാറായി. ഞാനവരോട് വളരെയധികം നന്ദിയുള്ളയാളാണ്. കേരളത്തിൽ വിതരണക്കാരും തിയേറ്ററുടമകളും ആർട്ട് സിനിമകളെ തുറന്ന മനസോടെയാണ് സ്വീകരിക്കാറ്. വ്യത്യസ്തതരം ചിത്രങ്ങൾ കാണാൻ പ്രേക്ഷകരും വിശാലമനസോടെയിരിക്കുന്നു.” പായൽ കപാഡിയ കൂട്ടിച്ചേർത്തു.
ഇന്തോ-ഫ്രഞ്ച് സംയുക്ത നിർമാണ സംരംഭമാണ് ‘ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്’. പ്രഭ എന്ന നഴ്സിന്റെ കഥയാണ് ചിത്രം സംസാരിക്കുന്നത്. കനി കുസൃതി, ദിവ്യ പ്രഭ എന്നിവരാണ് ചിത്രത്തിൽ മുഖ്യവേഷത്തിൽ എത്തിയത്. പായൽ സംവിധാനംചെയ്ത ‘എ നൈറ്റ് നോയിങ് നത്തിങ്’ എന്ന ചിത്രം 2021-ലെ കാൻ ചലച്ചിത്രോത്സവത്തിൽ മികച്ച ഡോക്യുമെന്ററിക്കുള്ള ഗോൾഡൻ ഐ പുരസ്കാരം നേടിയിരുന്നു. ഇന്ത്യയിലെ ആദ്യതലമുറ വീഡിയോ ആർട്ടിസ്റ്റുകളിൽ ഒരാളായ നളിനി മാലാനിയുടെ മകളാണ് പായൽ.
30 വർഷത്തിന് ശേഷം ഒരു ഇന്ത്യൻ ചിത്രം കാനിലെ പാം ഡി ഓർ പുരസ്കാരത്തിനായി മത്സരിക്കുന്നുവെന്ന നേട്ടം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് നേരത്തെ സ്വന്തമാക്കിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]