
മെഹബൂബ് ഭായിയും എം. എസ് ബാബുരാജ് എന്ന ഇന്ത്യ കണ്ട ഏറ്റവും മികച്ച സംഗീത ജീനിയസ്സായ നമ്മുടെ സ്വന്തം ബാബുക്കയും അന്നൊരു നാൾ കൗമാരക്കാരനായ ഭായിയുടെ അരുമ ശിഷ്യൻ ജൂനിയർ മെഹബൂബും… മറക്കാനാകാത്ത ഒരു കൂടിക്കാഴ്ച…
ഒരു മദിരാശി യാത്ര ജൂനിയറിന് സമ്മാനിച്ച പ്രതീക്ഷകളും തുടർന്നുണ്ടായ വേദനാജനകവുമായ ആ അനുഭവ കഥ ജൂനിയർ മെഹബൂബ് എന്നോട് പറഞ്ഞപ്പോൾ നേരം വെളുക്കുവോളം ഒരു ഹാർമോണിയവുമായി ഈ പ്രതിഭാധനർ തീർത്ത ഹൃദയസ്പർശിയായ ആ പുത്തൻ സംഗീതത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞിരുന്നെങ്കിലോ എന്ന് ഞാൻ വെറുതെ ആശിച്ചു പോയി…
ചഞ്ചല എന്ന ഒരു സിനിമയിൽ പാട്ടു പാടിയ ആനന്ദത്തിൽ ആയിരുന്നു കൗമാര പ്രായക്കാരനായ ജൂനിയർ മെഹബൂബ്. അക്കാലത്ത് സിനിമയിൽ ഒരു പാട്ട് പാടാൻ അവസരം ലഭിക്കുക എന്ന് പറഞ്ഞാൽ വലിയ പ്രയാസമാണ്. തന്റെ അഞ്ചു വയസ്സ് മുതൽ ജൂനിയർ മെഹബൂബ് എച്ച്. മെഹബൂബ് ഭായിയോടൊപ്പമായിരുന്നു.
ഭായിയുടെ മകൻ ആയാണ് ഭായി ജൂനിയറിനെ കണ്ടിരുന്നത്. അതുകൊണ്ട് തന്നെ ഭായിയുടെ ആ സംഗീതം ജൂനിയറിന് എന്നും മനപാഠമാണ്. മെഹബൂബ് ഭായിയ്ക്ക് അവസരങ്ങൾ കുറഞ്ഞ ഒരു കാലം. ഭായി ഒരു ദിവസം ജൂനിയറിനോട് പറഞ്ഞു. മോനേ നമുക്ക് ഒന്ന് മദിരാശിയിലേയ്ക്ക് പോകാം. അവിടെ ബാബുക്കയുണ്ട്. നിന്റെ പാട്ട് ബാബുക്ക കേൾക്കണം. അത് നിനക്ക് ഏറെ ഗുണം ചെയ്യും.
ഭായിയുടെ ആ വാക്കുകൾ കേട്ടതും ജൂനിയർ മറ്റേതോ സ്വപ്ന ലോകത്തിലേക്ക് പോയി. യേശുദാസിനും ജാനകിയമ്മയ്ക്കും അവരെ എക്കാലത്തും ഓർക്കുവാൻ ബാബുക്ക സമ്മാനിച്ച അനശ്വരമായ ആ ഗാനങ്ങൾ ജൂനിയറിന്റെ മനസ്സിൽ ഓടിയടുത്തു. പുത്തൻ പ്രതീക്ഷകളുമായി ജൂനിയർ എറണാകുളത്ത് നിന്നും ആ കൽക്കരി വണ്ടിയിൽ മദിരാശിയിലേക്ക് യാത്രയായി.
നിലാവുള്ള ആ രാത്രിയിൽ ഉറക്കം വരാതെ ജൂനിയർ തന്റെ ഗുരുവിന്റേയും ബാബുക്കയുടെയും ഗാനങ്ങൾ മൂളിയിരുന്നു. ഒരോ ഗാനങ്ങൾക്കും ബാബുക്ക എഴുതി വെച്ച ഓർക്കെസ്ട്രേഷന്റെ കൃത്യത പോലും ഈ യാത്രയിൽ മനസ്സിൽ തെളിഞ്ഞു വന്നു. ഓരോ ഗാനങ്ങൾക്കും ഇൻസ്ട്രുമെൻസ് എന്ത് വായിക്കണം എന്ത് വായിക്കരുത് എന്ന ഒരു മഹത്തരമായ കാര്യം വളരെ കൃത്യതയോടെ പാലിച്ചിരുന്ന ബാബുരാജ് എന്ന സംഗീതത്തെ ഒരിക്കൽ കൂടി മനസ്സിൽ ആരാധിച്ചു കൊണ്ട് ജൂനിയർ ആ യാത്ര തുടർന്നു.
നേരം പരപര വെളുത്തപ്പോൾ ചൂളം നിലച്ച് കൽക്കരി വണ്ടി മദിരാശിയിൽ എത്തി. ഒരു സൈക്കിൾ റിക്ഷ പിടിച്ച് ഇരുവരും ബാബുക്ക താമസിച്ചിരുന്ന ആ പുരാതന ലോഡ്ജിന്റെ കുടുസ്സു മുറിയിൽ എത്തി. അവിടെ വിശ്വോത്തര സംഗീതത്തിന്റെ ശീലുകൾ സമ്മാനിച്ച വളരെ പഴകിയ ബാബുക്കയുടെ ഹാർമോണിയും മാത്രമേയുള്ളൂ. ബാബുക്ക ഇല്ല. അക്കാലത്ത് അവസരങ്ങൾ കുറഞ്ഞ ബാബുക്ക രണ്ടാമുദയത്തിനായി ആരെയൊക്കെയോ കാണുവാൻ പുറത്ത് പോയിരിക്കുകയായിരുന്നു.അദ്ദേഹം രാത്രിയിൽ തിരിച്ചെത്തും വരെ എന്നും ഓർമ്മയിൽ കാത്ത് സൂക്ഷിക്കുവാൻ അദ്ദേഹം തീർത്ത ആ ഈണങ്ങൾ മീട്ടിയ ഹാർമോണിയവും നോക്കി ജൂനിയർ ഇരുന്നു. ആ ഹാർമോണിയത്തിൽ ആർക്കും ഒന്ന് സ്പർശിക്കുവാൻ പോലും അനുവാദം ബാബുക്ക നൽകിയിരുന്നില്ല. രാത്രി ആയപ്പോൾ ബാബുക്ക വന്നു. ഭായിയെ കണ്ടതും സന്തോഷത്താൽ ബാബുക്ക ആലിംഗനം ചെയ്തു. തനിക്ക് ലഭ്യമായേക്കാവുന്ന പ്രതീക്ഷയുള്ള പുതിയ പ്രോജക്ടുകളെക്കുറിച്ച് ബാബുക്ക ഭായിയോട് വലിയ പ്രതീക്ഷയോടെ സംസാരിച്ചു.
ഇരുവരും കൂടുതലായും സംസാരിച്ചത് ദക്കിനി ഭാഷയിൽ ആയിരുന്നു. കാരണം ഇരുവരും പട്ടാൺ സമുദായാംഗങ്ങൾ ആയിരുന്നത് കൊണ്ടാകാം. സംസാര മദ്ധ്യേ ഭായി ജൂനിയറിനെ പരിചയപ്പെടുത്തി. ബാബുക്ക ജൂനിയറിനോട് പാടാൻ പറഞ്ഞു. ബാബുക്കയുടെ ഏറ്റവും മികച്ച ഗാനം ജൂനിയർ പാടി തുടങ്ങിയപ്പോൾ ബാബുക്ക പറഞ്ഞു. വേണ്ട.നീ മുകേഷിന്റെ ഏതെങ്കിലും പാത്തോസ് പാടൂ. ശ്രുതി ഞാൻ മീട്ടാം. അങ്ങനെ മുകേഷ് എന്ന അനശ്വര ഗായകന്റെ മൂന്നോളം ദർദ്ഭരി സോങ്ങ് ജൂനിയർ പാടി. പാടി കഴിഞ്ഞപ്പോൾ ബാബുക്ക പറഞ്ഞു. നിനക്ക് ഞാൻ അവസരം നൽകാം. എനിക്ക് സിനിമകൾ ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കൂ. തുടർന്ന് നേരം വെളുക്കുവോളം ബാബുക്കയുടെ പുത്തൻ ഈണങ്ങളുടെ ഒരു മെഹഫിൽ ആയിരുന്നു അവിടെ അരങ്ങേറിയത്.
ആ ട്യൂണുകൾക്കൊക്കെ വിശ്വോത്തര നിലവാരമുണ്ടായിരുന്നു. ജൂനിയറിന്റെ മനസ്സിൽ ഈ പുത്തൻ ട്യൂണുകൾ പുത്തൻ പ്രതീക്ഷകൾ നൽകി. ഇവയിൽ ഒരു രണ്ട് വരി എങ്കിലും പാടുവാൻ കഴിഞ്ഞിരുന്നെങ്കിലോ? എന്ന് ജൂനിയർ ആഗ്രഹിച്ചു. യാത്ര പറഞ്ഞു പോകാൻ നേരം ബാബുക്ക ജൂനിയറിനെ അനുഗ്രഹിച്ചു. എന്നിട്ട് പറഞ്ഞു നീ എനിക്ക് പുതിയ സിനിമ കിട്ടുവാൻ സർവേശ്വരനോട് പ്രാർത്ഥിക്കണേ..
പ്രതീക്ഷകളുമായി നാട്ടിൽ എത്തിയ ജൂനിയർ ആ വാർത്ത കേട്ട് ഏറെ വേദനിച്ചു. പെട്ടെന്നുണ്ടായ പക്ഷാഘാതം മൂലം ബാബുക്ക ശരീരത്തിന്റെ ഒരു വശം തളർന്ന് ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ആണ്. പ്രതീക്ഷ അസ്തമിച്ചതിനേക്കാളേറെ ആ മഹത്തരമായ സംഗീതം ഒരിക്കലും നിലയ്ക്കരുത് എന്ന പ്രാർത്ഥന യായിരുന്നു ജൂനിയറിന്റെ മനസ്സിൽ.
മാസങ്ങൾക്ക് ശേഷം…അൽപം വൈകി ഉറക്കമുണർന്നിരുന്ന ജൂനിയർ സൈക്കിൾ റിക്ഷ തൊഴിലാളിയായ പരിചയക്കാരന്റെ വിളി കേട്ടാണ് ഉണർന്നത്. മെഹബൂബേ നിന്നെ കാണ്മാൻ ഒരാള് വന്നിട്ടുണ്ട്. മദിരാശിയിൽ നിന്നോ മറ്റോ ആണ് അയാൾ വരുന്നതെന്ന് പറഞ്ഞു. ജൂനിയർ ആ മനുഷ്യനെ കണ്ട് പകച്ചു നിന്നുപോയി. സാക്ഷാൽ ബാബുരാജ് അതും തന്നെ കാണുവാൻ ഇങ്ങോട്ട് വരികയോ?
ആ പാദങ്ങളിൽ തൊട്ട് വണങ്ങി അദ്ദേഹത്തെ അകത്തേക്ക് കയറ്റി ഇരുത്തി. കടുപ്പത്തിൽ ഒരു സുലൈമാനി കുടിച്ചുകൊണ്ട് ബാബുക്ക പറഞ്ഞു. മോനേ എന്റെ ചികിത്സയുടെ ഭാഗമായി അടിയന്തിരമായി കുറച്ചു പണം ആവശ്യമാണ്. ആരോടും പോയി പണം ചോദിക്കാൻ എന്നെക്കൊണ്ട് കഴിയില്ല. അത് കൊണ്ട് ധനശേഖരാർത്ഥം മലബാർ ഏരിയയിൽ ഞാൻ ഒരു സംഗീത നിശ നടത്തുവാൻ ആഗ്രഹിക്കുന്നു.
മോൻ എന്നോടൊപ്പം പാടണം. വലിയ പൈസ ഒന്നും പ്രതീക്ഷിക്കരുത്. മറ്റ് പലരേയും എനിക്ക് ഈ പരിപാടിയ്ക്ക് വിളിക്കാമായിരുന്നു. പക്ഷേ അവരൊക്കെ ഇപ്പോൾ വലിയ തിരക്കിലാണ്. ഞാൻ വിളിക്കുമ്പോൾ അവർക്ക് വരാൻ അസൗകര്യം ആണ് എന്ന് പറഞ്ഞാൽ ചിലപ്പോൾ അത് വലിയ സങ്കടമാകും.
ജൂനിയർ ബാബുക്കയുടെ കൈ ചുംബിച്ചു കൊണ്ട് പറഞ്ഞു. ഞാൻ കൂടെ ഉണ്ടാകും. കാശ് ഒന്നും വേണ്ട. ഈ അനുഗ്രഹം മാത്രം മതി എനിക്ക്. ഈ വാക്കുകൾ കേട്ടപ്പോൾ ബാബുരാജ് എന്ന ആ അനശ്വര സംഗീതത്തിന്റെ ഹൃദയം സന്തോഷത്താൽ ഒന്ന് വിങ്ങിയിട്ടുണ്ടാകാം. അങ്ങനെ മലബാറിലെ നിരവധി വേദികളിൽ ജൂനിയർ ബാബുക്കയോടൊപ്പം പാടി.
ഏതൊരു സംഗീത നിശയുടേയും അണിയറയിൽ ഒരു സംഗീതജ്ഞൻ ഉണ്ടാകണം എങ്കിലെ ഗായകർക്ക് ഗാനങ്ങൾ കൃത്യമായി ആലപിക്കുവാനും അത് ശ്രോതാക്കൾക്ക് ആസ്വാദ്യകരമാകുവാനും ഏറെ സഹായകരമാകൂ എന്ന കാര്യത്തിൽ സംശയമൊന്നുമില്ല. ഗാന മേളകളിൽ സംഗീതോപകരണങ്ങൾ വായിക്കുന്ന പ്രതിഭകൾക്കും ഏറെ സഹായകരമാകും സംഗീതജ്ഞരുടെ സാമീപ്യം.
ഒറിജിനൽ ഫീൽ പാട്ടുകൾക്ക് കിട്ടണമെങ്കിൽ തീർച്ചയായും ഒരു സംഗീതജ്ഞന്റെ നിയന്ത്രണം അത്യന്താപേക്ഷിതമാണ്. ജൂനിയറിന് വലിയ അനുഭവ സമ്പത്ത് നൽകി ബാബുക്കയോടൊപ്പമുള്ള ഈ സംഗീത സപര്യ. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ബാബുരാജ് എന്ന അനശ്വര സംഗീതം ഒരു ഉയർത്തെഴുന്നേൽപ്പിനായി കാത്തു നിൽക്കാതെ അദ്ദേഹം തീർത്ത സംഗീത സംസ്ക്കാരത്തോട് യാത്ര പറഞ്ഞു.
ജൂനിയർ മെഹബൂബ് തന്റെ ഈ അനുഭവം എന്നോട് പറഞ്ഞ് തീർന്നപ്പോൾ ആ കണ്ണുകൾ നനയുന്നത് എനിക്ക് കാണാമായിരുന്നു. എന്റെ മനസ്സിനെയും ഏറെ വേദനിപ്പിച്ചു ജൂനിയർ മെഹബൂബിന്റെ ഈ ജീവിതാനുഭവം. പ്രിയ എച്ച് മെഹബൂബ് ഭായിയ്ക്കും ബാബുക്കയ്ക്കും എന്റെ പ്രണാമം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]