
സമൂഹത്തില്‍ കുറ്റകൃത്യം പെരുകുന്നതിന് കാരണം സിനിമകളുടെ സ്വാധീനമല്ല, കുടുംബങ്ങളിലെ പ്രശ്നങ്ങളാണെന്നും നടന് വിജയരാഘവന്. സമൂഹത്തിലെ പ്രശ്നങ്ങള്‍ക്ക് സിനിമയിലെ വയലന്‍സില്‍ പഴി ചാരുന്നതില്‍ കാര്യമില്ലെന്നും കുറ്റകൃത്യങ്ങള്‍ കണ്ടെത്തുന്നതിലും തടയിടുന്നതിലും സംവിധാനങ്ങള്‍ക്കുള്ള പോരായ്മയാണ് പ്രധാന പ്രശ്നമെന്നും അദ്ദേഹം മാതൃഭൂമി ഡോട് കോമിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു. ഏറ്റവും പുതിയ ചിത്രമായ ഔസേപ്പിന്റെ ഒസ്യത്തിന്റെ പ്രമോഷന്റെ ഭാഗമായി നല്കിയ അഭിമുഖത്തിലായിരുന്നു പ്രതികരണം.
സിനിമ മാത്രമാണോ സമൂഹത്തില്‍ ക്രൈം കൂടാനുള്ള പ്രധാന കാരണം. ഏറ്റവും കൂടുതല്‍ ലോക സിനിമകള്‍ ചെറുപ്പക്കാര്‍ കണ്ടത് കോവിഡ് കാലത്താവും. പ്രത്യേകിച്ച് കൊറിയന്‍ സിനിമകള്‍ക്ക് പ്രിയമേറിയതും അക്കാലത്താണ്. ഏറ്റവുമധികം ക്രൂരതകള്‍ ആവിഷ്കരിക്കുന്നത് കൊറിയന്‍ സിനിമകളിലാണ്. ഞാനത്തരം സിനിമകള്‍ കാണാനാഗ്രഹിക്കാത്ത ആളാണ്. വില്ലന്‍ വേഷങ്ങള്‍ ചെയ്താലും വയലന്‍സ് സിനിമകളില്‍ അഭിനയിച്ചാലും അത്തരം സിനിമകള്‍ കാണാന്‍ ആഗ്രഹിക്കാത്ത ആളാണ് ഞാന്‍. ഇതുപോലുള്ള സിനിമകള്‍ ഫോണില്‍ കണ്ട ധാരാളം പേരുണ്ട്, അവരെല്ലാം നശിച്ചു പോയോ ?
അടിസ്ഥാനപരമായി സമൂഹത്തിലുണ്ടാകുന്ന ഇത്തരം പ്രശ്നങ്ങള്‍ക്ക് കാരണം കുടുംബത്തിലുണ്ടാവുന്ന പ്രശ്നങ്ങള്‍ തന്നെയാണ്. ഇപ്പോള്‍ വാര്‍ത്തകളില്‍ പ്രതികളാക്കപ്പെട്ട കുട്ടികളുടെയൊക്കെ കുടുംബ പശ്ചാത്തലം നോക്കിയാല്‍ മനസിലാകും അത്. കുട്ടി എങ്ങനെ ആയിത്തീരണമെന്ന് തീരുമാനിക്കേണ്ടത് അച്ഛനുമമ്മയും ആണ്. അവര്‍ പഠിക്കുന്ന സ്കൂള്‍, എത്തിപ്പെടുന്ന സാഹചര്യങ്ങള്‍, വളര്‍ന്നു വരുന്ന സാഹചര്യങ്ങള്‍ എല്ലാം നോക്കണം. പിന്നെ ഇന്നെല്ലാം സുലഭമാണ്. മയക്കുമരുന്നും കള്ളും കഞ്ചാവുമെല്ലാം ഇന്ന് സുലഭമായി കിട്ടാനുണ്ട്. അതിന്റെ ഉപയോഗം ഇന്ന് കൂടുതലാണ്. അതെല്ലാം നിയന്ത്രിക്കാന്‍ സംവിധാനം വേണം. ആ സംവിധാനത്തിന്റെ പോരായ്മയാണ് പ്രധാന പ്രശ്നം. ഇങ്ങനെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കൃത്യമായ ശിക്ഷ വേണം. കൃത്യം ശിക്ഷ ലഭിച്ചില്ലെങ്കില്‍ കുറ്റങ്ങളും കൂടിക്കൊണ്ടിരിക്കും.
പിന്നെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്ക് പിന്തുണ നല്‍കാനും കുറേ പേര് ഉണ്ടെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതിനകത്ത് രാഷ്ട്രീയവും മതവുമൊക്കെ കാരണങ്ങളാണ്. അവിടുന്ന് കുറ്റം ചെയ്താലും രക്ഷപ്പെടാനുള്ള മാര്‍ഗങ്ങള്‍ ലഭിക്കും.. ഇതൊക്കെ വലിയ വിഷയങ്ങളാണ്. സിനിമ കൊണ്ട് മാത്രം ആരും നശിച്ചുപോകില്ല. അങ്ങനെയാണെങ്കില്‍ സിനിമ കണ്ട് നന്നായിക്കൂടെ. എന്തിന് സിനിമ, സീരിയലുകളായ മഹാഭാരതവും രാമായണവും കണ്ടാല്‍ നന്നാവില്ലേ. അതും വേണ്ട അഹിംസയില്‍ വിശ്വസിച്ച ഗാന്ധിജിയുടെ തത്വങ്ങള്‍ പിന്തുടര്ന്നൂടെ, മാതൃകയാക്കിക്കൂടെ ? ഒരമ്മ പറയുകയാണ്, മകന് എന്നെ കാണുന്നത് അമ്മ എന്ന രീതിയില്‍ അല്ല, പേടിയാണ് അവന് വീട്ടില്‍ വരുമ്പോള്‍ എന്ന്. പെങ്ങള് പറയുന്നു ആങ്ങളയെ പേടിയാണെന്ന്.. ഈ കുറ്റകൃത്യങ്ങളില്‍, സാഹചര്യങ്ങളില്‍ കൃത്യമായ നിയന്ത്രണം വേണം. അതിനുള്ള സംവിധാനങ്ങളുണ്ടല്ലോ..പോലീസുണ്ട്, എക്സൈസുണ്ട് അതെല്ലാം ഉപയോഗിച്ച് ഇതിനെ അടിച്ചമര്‍ത്തേണ്ടതാണ്….. വിജയരാഘവന് പറഞ്ഞു.
ഷാജോണ്‍
ദൃശ്യം മോഡല്‍ കൊലപാതകം എന്നാണ് ഇപ്പോള്‍ വരുന്ന പല ക്രൈം വാര്‍ത്തകള്‍ക്കും തലക്കെട്ടെന്നും ദൃശ്യം ഇറങ്ങുന്നതിന് മുമ്പ് ഇവിടെയാരും ആരെയും കൊന്ന് കുഴിച്ചിട്ടിട്ടില്ലേ എന്നും ചോദിക്കുകയാണ് നടന് ഷാജോണ്‍.
സിനിമ ആളുകളെ സ്വാധീനിക്കില്ല എന്നൊന്നും ഞാന്‍ പറയില്ല. ചില സ്വാധീനങ്ങള്‍ ഉണ്ടാകും. ഞാനൊക്കെ കേളേജില്‍ പഠിക്കുന്ന സമയത്ത് മുണ്ടുടുത്ത് കോളേജില്‍ പോകുമ്പോള്‍ ലാലേട്ടന്റെ ആ ചരിവ് എനിക്കുണ്ടാകാറുണ്ട്. അതുപോലെ മുടി നീട്ടി വളര്‍ത്തുമ്പോള്‍ ദി കിങ്ങിലെ മമ്മൂക്കയും കയറി വരും. എന്നും പറഞ്ഞ് അവര്‍ നായകന്മാരായി ആളുകളെ അടിച്ചിടുന്നത് പോലെ നമ്മളാരെയെങ്കിലും തല്ലിയിട്ടുണ്ടോ ജീവിതത്തില്‍? ഇതിനൊക്കെ അപ്പുറം വേറെയെന്തൊക്കെയോ ആണ്. അമ്മയെയും അനിയനെയും ചുറ്റികയ്ക്ക് അടിച്ച് കൊല്ലുന്നതും ഫോണ്‍ തിരിച്ചു തന്നില്ലെങ്കില്‍ കൊന്നു കളയുമെന്ന് സ്കൂള്‍ പ്രിന്‍സിപ്പാളിനെ ഭീഷണിപ്പെടുത്തുന്നതും ഏത് സിനിമയിലണ് കാണിച്ചിരിക്കുന്നത്. ഇല്ല. അതാണ് പറഞ്ഞത് ഇതൊക്കെ മറ്റെന്തോ വിഷയങ്ങളാണ്. അത് കൃത്യമായി കണ്ടുപിടിക്കണം, ചര്‍ച്ച ചെയ്യപ്പെടണം…ഷാജോണ്‍ പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]