ജൂനിയര്‍ എന്‍.ടി.ആറിനെ പുതുമുഖമെന്ന് വിശേഷിപ്പിച്ച ബോണി കപൂറിനെ തിരുത്തി സിദ്ധാര്‍ഥ്. ഗലാട്ട പ്ലസ് എന്ന യൂട്യൂബ് ചാനലിലെ റൗണ്ട് ടേബിള്‍ എന്ന പരിപാടിയില്‍, ഉത്തരേന്ത്യന്‍ – ദക്ഷിണേന്ത്യന്‍ സിനിമകളെക്കുറിച്ചുള്ള വാദപ്രതിവാദങ്ങള്‍ നടക്കുന്നതിനിടെ ആയിരുന്നു ഇരുവരുടെയും അഭിപ്രായ പ്രകടനം. ബോളിവുഡിനെ തകര്‍ത്ത് മുന്നേറുന്ന തെന്നിന്ത്യന്‍ സിനിമാ മേഖലയെ സംബന്ധിച്ചായിരുന്നു ചര്‍ച്ച. എന്‍.ടി.ആറിനെ പോലെയുള്ള പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യാന്‍ ബോളിവുഡിലെ വമ്പന്‍ നിര്‍മാതാക്കള്‍ തയ്യാറാകുന്നു എന്ന ബോണി കപൂറിന്റെ അഭിപ്രായത്തെയാണ് സിദ്ധാര്‍ഥ് എതിര്‍ത്തത്.
തെന്നിന്ത്യന്‍ സിനിമകളെയും സിനിമാ താരങ്ങളേയും ബോളിവുഡ് അംഗീകരിച്ചുതുടങ്ങി എന്ന് അഭിപ്രായപ്പെട്ട ബോണി കപൂര്‍, പണ്ടും കഴിവുള്ള തെന്നിന്ത്യന്‍ താരങ്ങളെയും സംവിധായകരെയും ഉത്തരേന്ത്യന്‍ സിനിമാ ലോകം അംഗീകരിച്ചിട്ടുണ്ട് എന്നും കൂട്ടിച്ചേര്‍ത്തു. കമല്‍ഹാസനെ നായകനാക്കി കെ. ബാലചന്ദറിന്റെ സംവിധാനത്തില്‍ 1981-ല്‍ ഇറങ്ങിയ ‘ഏക് ദുജേ കേ ലിയേ’ എന്ന സിനിമയെ മുന്‍നിര്‍ത്തിയായിരുന്നു ബോണി കപൂറിന്റെ അഭിപ്രായപ്രകടനം. ഇതിന്, കമല്‍ഹാസനും ബാലചന്ദറും അക്കാലത്തുതന്നെ തെന്നിന്ത്യയിലെ സൂപ്പര്‍ നടനും സംവിധായകനും ആയിരുന്നു എന്നാണ് സിദ്ധാര്‍ഥ് തിരിച്ചടിച്ചത്.
അവരുടെ സ്ഥാനത്ത് ഒരു പുതുമുഖനടനും സംവിധായകനും ആയിരുന്നെങ്കില്‍ ബോളിവുഡ് അവരെ സ്വീകരിക്കുമായിരുന്നോ എന്ന് സിദ്ധാര്‍ഥ് ചോദിച്ചു. ഇതിന് മറുപടിയായാണ് ബോണി കപൂര്‍ എന്‍.ടി.ആറിനെ ചൂണ്ടിക്കാണിച്ചത്. ‘തീര്‍ച്ചയായും, അങ്ങനെയല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് ആദിത്യ ചോപ്ര താരകിനെ (ജൂനിയര്‍ എന്‍.ടി.ആര്.) വെച്ച് ഒരു സിനിമ നിര്‍മിക്കാന്‍ തയ്യാറാകുന്നത്?’, ബോണി കപൂര്‍ ചോദിച്ചു. നിര്‍മാതാവ് നാഗവംശിയാണ് അതിന്, ‘ജൂനിയര്‍ എന്‍.ടി.ആര്. എന്ന താരക് ഒരു പുതുമുഖമല്ല,’ എന്ന മറുപടി നല്‍കിയത്. അദ്ദേഹത്തെ പിന്താങ്ങി സിദ്ധാര്‍ഥും രംഗത്തെത്തി.
‘തെന്നിന്ത്യയിലെ ഒരു വലിയ സൂപ്പര്‍സ്റ്റാറിനെയും ഉത്തരേന്ത്യയിലെ ഒരു വലിയ സൂപ്പര്‍സ്റ്റാറിനെയും വെച്ച് ഇന്ത്യയിലെ ഒരു വലിയ നിര്‍മാണ കമ്പനി ചെയ്യുന്ന സിനിമയെക്കുറിച്ചാണ് താങ്കള്‍ സംസാരിക്കുന്നത്,’ സിദ്ധാര്‍ഥ് പറഞ്ഞു. താരകിനെയും ഹൃത്വിക് റോഷനെയും പ്രധാനകഥാപാത്രങ്ങളാക്കി യാഷ് രാജ് ഫിലിം കമ്പനി നിര്‍മിക്കുന്ന വാര്-2 (War-2) എന്ന ചിത്രത്തെക്കുറിച്ചാണ് അവര്‍ സംസാരിച്ചത്. അയാന് മുഖര്‍ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കിയാര അദ്വാനിയും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. അതേസമയം, താരകിന്റെ നായികയായിട്ടാണ് ബോണി കപൂറിന്റെയും ശ്രീദേവിയുടെയും മകള്‍ ജാന്‍വി തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത് എന്നതും ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]