വരുൺ ധവാനെ നായകനാക്കി കലീസ് സംവിധാനംചെയ്ത ചിത്രമാണ് ബേബി ജോൺ. വിജയ് നായകനായെത്തിയ തെരി എന്ന ചിത്രത്തിന്റെ റീമേക്ക് ആയ ചിത്രം വൻ പ്രതീക്ഷയോടെയാണ് എത്തിയതെങ്കിലും നിർമാതാവിന്റെ കൈപൊള്ളിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചിത്രം 2024-ലെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളിലൊന്നായിരിക്കുകയാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
തെരി ഒരുക്കിയ അറ്റ്ലി നിർമിച്ച ചിത്രമാണ് ബേബി ജോൺ. 160 കോടി മുതൽമുടക്കിലെടുത്ത ചിത്രത്തിന് ആഗോളതലത്തിൽ ആകെ ലഭിച്ചത് 47 കോടി രൂപയാണ്. 12 കോടിയായിരുന്നു ചിത്രത്തിന്റെ ആദ്യദിന കളക്ഷൻ. ഒരു മാസ് ആക്ഷൻ ചിത്രത്തെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ കളക്ഷനാണിതെന്നാണ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്. 4300 പ്രദർശനങ്ങളാണ് റിലീസ് ദിവസം ചിത്രത്തിന് ലഭിച്ചതെങ്കിൽ എട്ടാം ദിവസമായപ്പോഴേക്കും അത് 1800 ഷോകളായി കുറഞ്ഞിരിക്കുകയാണ്.
ബേബി ജോണിന്റെ അന്തിമ ബോക്സോഫീസ് കളക്ഷൻ 60 കോടിക്ക് താഴെയായിരിക്കുമെന്നും നിർമാതാവിന് 100 കോടി രൂപയാണ് നഷ്ടമുണ്ടാവുകയെന്നുമാണ് അനലിസ്റ്റുകൾ വ്യക്തമാക്കുന്നത്. ചിത്രം 2024-ലെ ബോക്സോഫീസ് ദുരന്തമാണെന്നും അവർ അഭിപ്രായപ്പെടുന്നു. കീർത്തി സുരേഷ് നായികയായെത്തിയ ചിത്രത്തിൽ സൽമാൻ ഖാൻ അതിഥി വേഷത്തിലെത്തിയിരുന്നു.
വൻ പ്രതീക്ഷകളുമായെത്തിയ ചിത്രം ബോക്സോഫീൽ തണുപ്പൻ പ്രകടനം നടത്തിയതിനുപിന്നാലെ ഇവിടങ്ങളിൽ മലയാളചിത്രമായ മാർക്കോയുടെ ഹിന്ദി പതിപ്പ് പ്രദർശിപ്പിച്ചത് വാർത്തയായിരുന്നു. കൂടുതല്‍ സീറ്റുകളുള്ള തിയേറ്റര്‍ ഹാളുകള്‍ മാര്‍ക്കോയ്ക്ക് വിട്ടു നല്കി എന്ന് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാർക്കോയുടെ ഹിന്ദി പതിപ്പിന് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]