കൊച്ചി: മറന്നുവോ നിങ്ങൾ ആ രാവുകളും ദ്വീപുകളും? ശരീരത്തിന്റെ ഓരോ ഇഞ്ചിലും സംഗീതം ഒരു വൈദ്യുതിപ്രവാഹമായി പടർന്ന രാവുകൾ. ഒരു നിമിഷംപോലും നിശ്ചലമാകാൻ കഴിയാതെ ഓരോരുത്തരും നൃത്തച്ചുവടുകളുടെ ദ്വീപുകളായ നിമിഷം. ഒടുവിൽ ആ മനുഷ്യദ്വീപുകളെല്ലാം ചേർന്ന് സംഗീതത്തിന്റെയും നൃത്തത്തിന്റെയും ഒരു വൻകരയായപ്പോൾ ആരവത്തോടെ നിങ്ങൾ അടയാളപ്പെടുത്തി, മാതൃഭൂമി കപ്പ കൾച്ചർ.
കലയും സംഗീതവും ഫാഷനും ഫുഡും സാഹസികതയുമെല്ലാം കൈകോർക്കുന്ന സ്വപ്നതീരമായി മാതൃഭൂമി കപ്പ കൾച്ചർ ജനുവരി 10 മുതൽ 12 വരെ എറണാകുളം ബോൾഗാട്ടി പാലസിൽ അരങ്ങേറും. ആദ്യദിനത്തിലെ പ്രവേശന ടിക്കറ്റിന് 2000 രൂപയും അതിനടുത്ത ദിനങ്ങളിലേത് 2500 രൂപ വീതവുമാണ്. മൂന്നുദിനത്തിലും വരുന്നവർക്ക് 5000 രൂപയുടെ ടിക്കറ്റ് മതിയാകും.
ത്രില്ലും ചില്ലും നിറഞ്ഞൊരു ലോകം
കഴിഞ്ഞ തവണ അനുഭവിച്ചതിനെക്കാൾ ത്രില്ലും ചില്ലും നിറഞ്ഞൊരു ലോകമാകും കപ്പ കൾച്ചറിന്റെ രണ്ടാം എഡിഷനിൽ തെളിയുക. സംഗീതത്തിന്റെ എല്ലാ തലങ്ങളെയും കോർത്തിണക്കി ദേശീയ-അന്താരാഷ്ട്രതലത്തിലുള്ള ഒട്ടേറെ കലാകാരൻമാർ ഇതിന്റെ ഭാഗമാകും. ബ്രസീലുകാരനായ വിക്ടർ റൂയിസും റഷ്യയിൽ നിന്നുള്ള ഗ്ലാഫിറയും മാക്സിം ഡാർക്കും ഇറ്റലിയിൽ നിന്നുള്ള ജോർജിയ ആംഗുലി, ഫ്രാൻസിൽ നിന്നുള്ള ഒളിമ്പേ 4000 ന്റും യു.കെ.യിൽനിന്നുള്ള കസ്സീമുമൊക്ക ഇവരിൽ ചിലർ മാത്രം.
സംഗീതത്തിന്റെയും ആഘോഷത്തിന്റെയും ലഹരി നിറയുന്ന മൂന്ന് രാപകലുകൾ തീർക്കുന്ന കൾച്ചറിലെ ഓരോ ഇവന്റും വിസ്മയാനുഭവമാകും. ഡിസ്കോയും ഫങ്കും ഹൗസുമെല്ലാം ഒരിടത്തിൽതന്നെ ആസ്വദിക്കാൻ കഴിയുന്ന വിധമാണ് ഇത്തവണയും കൾച്ചറിന്റെ ഭ്രമലോകം സൃഷ്ടിക്കപ്പെടുന്നത്. ഇതിനൊപ്പം ഫാഷന്റെയും ഫുഡിന്റെയും വാഹനങ്ങളുടെയും വൈവിധ്യമാർന്ന സ്റ്റാളുകളും ചേരുമ്പോൾ കൾച്ചർ കലാപ്രേമികളുടെ മനസ്സിൽ അവിസ്മരണീയ ലോകം തീർക്കും.
മികച്ച അന്താരാഷ്ട്ര, ദേശീയ ഇലക്ട്രോണിക് കലാകാരന്മാരുടെ തത്സമയ സെറ്റുകളും പ്രകടനങ്ങളും നിങ്ങളെ ഒരു സോണിക് യാത്രയിലേക്ക് കൂട്ടിക്കൊണ്ടുപോകും. ആസ്വാദകർക്കുള്ള പ്രവേശനം ടിക്കറ്റ് മുഖേന നിയന്ത്രിച്ചിട്ടുണ്ട്. ടിക്കറ്റുകൾക്ക്: thekappa.com
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]