‘‘പുഷ്പ എന്നുപറഞ്ഞാൽ ഫ്ളവർ അല്ലെടാ, ഫയറാടാ…’ തിയേറ്ററിനുള്ളിലെ ജനസാഗരത്തെ ആവേശത്തിലാറാടിച്ച ആ ഡയലോഗ് പുഷ്പരാജ് ഒന്നു തിരുത്തുകയാണ്. നാഷണൽ അല്ലാതെ ഇന്റർനാഷണലായി, വെറും ഫയർ അല്ലാതെ വൈൽഡ് ഫയറായി പുഷ്പ വീണ്ടുംവരുമ്പോൾ ലോകമെമ്പാടുമുള്ള ആരാധകരും ആവേശത്തോടെ കാത്തിരിക്കുകയാണ്. അല്ലു അർജുൻ നായകനായി ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക് ബസ്റ്റർ ചിത്രമായ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാംഭാഗമായെത്തുന്ന ‘പുഷ്പ 2: ദി റൂൾ’ ബോക്സോഫീസിൽ കൊടുങ്കാറ്റായി മാറുമെന്നാണ് പ്രതീക്ഷിക്കുന്നത്. ആറ് ഭാഷകളിലായാണ് പുഷ്പ 2 ഒരുങ്ങുന്നത്. ഡിസംബർ അഞ്ചിന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവെച്ച് രാജ്യമെങ്ങും സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ് അല്ലു അർജുനും സംഘവും. ആ യാത്രയ്ക്കിടെ മലയാളി ആരാധകരെ കാണാൻ കൊച്ചിയിലെത്തിയ അല്ലു അർജുനും നായികയായ രശ്മിക മന്ദാനയും സംസാരിക്കുന്നു.
മലയാളത്തിലെ പാട്ട്
‘നമസ്കാരം, എല്ലാവർക്കും നമസ്കാരം, എല്ലാ മലയാളികൾക്കും സുഖമല്ലേ…’ മെക്സിക്കൻ തിരമാലകൾ തീർത്ത് പ്രിയതാരത്തെ വരവേറ്റ ആരാധകരോട് മലയാളം ഡയലോഗ് പറഞ്ഞായിരുന്നു അല്ലുവിന്റെ എൻട്രി. അതുകേട്ടതോടെ ഇളകിയാർത്ത ആരാധകരുടെമുന്നിൽ അല്ലു മലയാളത്തോടുള്ള മറ്റൊരു ഇഷ്ടംകൂടി പങ്കുവെച്ചു: ‘‘പുഷ്പ 2-ൽ മനോഹരമായ ഒരു പാട്ടുണ്ട്. അത് മലയാളം വരികളിലാണ് തുടങ്ങുന്നത്. പുഷ്പ-2 ആറുഭാഷകളിലാണ് നിർമിച്ചിരിക്കുന്നത്. എന്നാൽ, ഈ പാട്ട് ആറുഭാഷകളിലും മലയാളത്തിൽത്തന്നെയായിരിക്കും വരുന്നത്. കേരളത്തിലെ പ്രിയപ്പെട്ട ആരാധകരോടുള്ള എന്റെ സ്നേഹം അറിയിക്കാനാണ് ഈ പാട്ട് മലയാളത്തിൽത്തന്നെ നിലനിർത്തുന്നത്. ‘ആര്യ’ എന്ന സിനിമ മുതൽ മലയാളികൾ എന്നെ ഏറ്റെടുത്തതാണ്. ഇവിടെയുള്ളവർ എനിക്ക് നൽകുന്ന സ്നേഹത്തിനും പിന്തുണയ്ക്കും എത്ര നന്ദിപറഞ്ഞാലും മതിയാകില്ല. ഈ പാട്ട് മലയാളത്തിൽത്തന്നെ എല്ലാ ഭാഷക്കാരും ആസ്വദിക്കട്ടെ…’’ -അല്ലു മലയാളത്തോടുള്ള ഇഷ്ടം പങ്കുവെച്ചു.
ഫഫാ! മൈ ബ്രദർ
പുഷ്പയുടെ രണ്ടാംവരവിന്റെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ അല്ലു അർജുന് ആവേശത്തോടെ പറയാനുണ്ടായിരുന്ന ഒരാൾ അയാളായിരുന്നു, ഫഫാ!. ഭൻവർ സിങ് ശെഖാവത്ത് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പുഷ്പയിലെ കൈയടിമുഴുവൻ നേടിയ മലയാളത്തിന്റെ പ്രിയ നടൻ ഫഹദ് ഫാസിൽ. കൊച്ചിയിലെത്തിയപ്പോൾ ഫഹദ് കൂടെയില്ലാത്തതിന്റെ സങ്കടം പങ്കുവെച്ചാണ് അല്ലു അർജുൻ തുടങ്ങിയത്. ‘‘എന്റെ കരിയറിൽ ആദ്യമായി വലിയൊരു മലയാളിനടനൊപ്പം ഞാൻ അഭിനയിച്ചത് പുഷ്പയിലാണ്. എന്റെ സഹോദരൻതന്നെയായ ഒരാൾ, ഫഫാ… നിങ്ങളുടെ ഫഹദ് ഫാസിൽ. ഇന്ന് ഇവിടെയെത്തുമ്പോൾ അദ്ദേഹത്തെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നു. ഞങ്ങൾ ഒരുമിച്ച് കൊച്ചിയിലെ ഈ വേദിയിലുണ്ടായിരുന്നെങ്കിൽ അത് ഐക്കോണിക് ആകുമായിരുന്നു. എല്ലാ മലയാളികളുടെയും അഭിമാനമാണ് ഫഹദ് ഫാസിൽ. ഫഫാ തകർപ്പൻ പ്രകടനംതന്നെയാണ് പുഷ്പയിലും കാഴ്ചവെച്ചിരിക്കുന്നത്. ഈ സിനിമയിൽ ഫഹദുണ്ടെന്നതാണ് അത് സ്പെഷ്യലാകാനുള്ള ഒരു കാരണം. നിങ്ങൾക്കും അതു കാണണ്ടേ…’’ അല്ലുവിന്റെ ചോദ്യത്തിന് ആവേശത്തിന്റെ ആരവമായിരുന്നു മറുപടി.
ശ്രീവല്ലിയുടെ സന്തോഷം
പുഷ്പയുടെ നായികയായ ശ്രീവല്ലിയുടെ വേഷംചെയ്ത രശ്മികാ മന്ദാനയും ചിത്രത്തിന്റെ രണ്ടാംഭാഗത്തെ ആവേശത്തോടെയാണ് കാത്തിരിക്കുന്നത്. ശ്രീവല്ലി എന്ന കഥാപാത്രം മനസ്സിൽ അത്രയേറെ കുടിയേറിപ്പാർത്ത ഒരാളാണെന്നാണ് രശ്മിക പറയുന്നത്. ‘‘ശ്രീവല്ലി എന്ന കഥാപാത്രം എന്നെ ഇതുവരെ വിട്ടുപോയിട്ടില്ല. മൂന്നുവർഷംമുൻപ് സിനിമയുടെ ആദ്യഭാഗം റിലീസ് ചെയ്തപ്പോൾ മുതൽ ശ്രീവല്ലിയെ നിങ്ങളെല്ലാം ഏറ്റെടുത്താണ്. അതുകൊണ്ടുതന്നെയാകാം ശ്രീവല്ലി എന്റെയുള്ളിൽനിന്ന് ഒരിക്കലും ഇറങ്ങിപ്പോകാത്തത്. വീട്ടിൽപ്പോലും ചിലനേരത്ത് ഞാൻ ശ്രീവല്ലിയെപ്പോലെ സംസാരിക്കാറുണ്ട്. ശ്രീവല്ലിയെ മലയാളികളും ആവേശത്തോടെ ഏറ്റെടുത്തതിൽ എനിക്ക് വലിയസന്തോഷമുണ്ട്. ഈ ഭാഷയും ഇവിടുത്തെ ആളുകളെയും എനിക്ക് വലിയ ഇഷ്ടമാണ്. കൂർഗിൽനിന്നാണ് ഞാൻ വരുന്നത്. കേരളത്തോട് വളരെ അടുത്ത സ്ഥലമാണല്ലോ കൂർഗ്. കേരളത്തിൽ എപ്പോൾ വരാനും എനിക്കിഷ്ടമാണ്. ഇവിടെയെത്തിയാൽ എനിക്ക് ഏറ്റവും ഇഷ്ടമുള്ളൊരു കാര്യം പായസമാണ്. നിങ്ങളുടെ പായസം എനിക്ക് എത്ര ഇഷ്ടമാണെന്നോ’’ -നിറഞ്ഞ ചിരിയോടെ രശ്മിക പറയുന്നു.
പുഷ്പ വൈൽഡ് ഫയറാണ്
പുഷ്പയുടെ രണ്ടാംഭാഗത്തെപ്പറ്റി പറയുമ്പോൾ രശ്മികയുടെ വാക്കുകളിൽ ആവേശം നിറഞ്ഞുകൊണ്ടേയിരുന്നു. ‘‘കൊച്ചിയിൽ വന്നിറങ്ങിയ നേരംമുതൽ ഞാൻ ഇവിടത്തെ അല്ലു അർജുൻ ആരാധകരുടെ ആവേശം കണ്ടുകൊണ്ടിരിക്കുകയായിരുന്നു. അല്ലുവിനെ കാണാൻ എത്രയോപേരാണ് വിമാനത്താവളത്തിലും ഇവിടെയുമൊക്കെ കാത്തുനിന്നത്. പുഷ്പയുടെ രണ്ടാംഭാഗത്തിനുള്ള നിങ്ങളുടെ കാത്തിരിപ്പും അതുപോലെയാണെന്നറിയാം. പുഷ്പയുടെ രണ്ടാംവരവും നിങ്ങളെല്ലാം ഏറ്റെടുക്കുമെന്നതിൽ എനിക്ക് ഒരു സംശയവുമില്ല. ആ സിനിമ കണ്ടിറങ്ങുമ്പോൾ നിങ്ങൾക്ക് ഒരല്പംപോലും നിരാശയുണ്ടാകില്ല. ആ സിനിമയിലെ ഡയലോഗുകൾ നിങ്ങളെല്ലാം പറയും. ആ സിനിമയിലെ നൃത്തച്ചുവടുകൾക്കൊപ്പം നിങ്ങളും ആവേശത്തോടെ കൂടും. അത്രയേറെ ഭംഗിയായാണ് ഈ സിനിമ ആരാധകർക്കായി ഒരുക്കിയിരിക്കുന്നത്’’- രശ്മിക പറയുന്നതുകേട്ട് അല്ലു അർജുൻ ചിരിച്ചു.
മലയാളമേ നന്ദി
പുഷ്പയുടെ വിശേഷങ്ങൾ പങ്കുവെക്കുമ്പോൾ മലയാളത്തിന് നന്ദിപറയാനും അല്ലു അർജുൻ മറന്നില്ല. ‘‘മലയാളത്തിന്റെ ശക്തമായ പിന്തുണയോടെയാണ് ഞാൻ ഈ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. മൂന്ന് മലയാളികളുടെ പേര് എടുത്തുപറയാതിരിക്കാൻ കഴിയില്ല. ആദ്യത്തേത് നിങ്ങളുടെ പ്രിയപ്പെട്ട ഫഫാ. പിന്നെ റസൂൽ പൂക്കുട്ടിയും രാജാകൃഷ്ണനും. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടിയാണ് ഈ സിനിമയുടെ സൗണ്ട് എൻജിനിയർ എന്നത് വലിയൊരു അംഗീകാരവും സന്തോഷവുമാണ്. പുഷ്പ രണ്ടാംഭാഗത്തിനായി കാത്തിരുന്ന നിങ്ങളൊയൊക്കെ സന്തോഷിപ്പിക്കണമെന്നുതന്നെയാണ് ഇതിന്റെ അണിയറപ്രവർത്തകരുടെ ആഗ്രഹം. സംവിധായകൻ സുകുമാർമുതൽ മലയാളത്തിൽ ഇതിന്റെ വിതരണം ഏറ്റെടുത്തവർവരെയായി എത്രയോപേരോട് എനിക്ക് നന്ദിപറയാനുണ്ട്. നിങ്ങളുടെയെല്ലാം കാത്തിരിപ്പ് വെറുതേയാകില്ല…’’ -സംസാരത്തിനൊടുവിൽ അല്ലു ആ ഡയലോഗ് വീണ്ടും പറഞ്ഞു: ‘‘പുഷ്പ നാഷണലല്ല, ഇന്റർനാഷണലാണ്…’’
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]