
പുറത്ത് കോരിച്ചൊരിയുന്ന രാമഴ; അകത്ത് കോരിത്തരിപ്പിക്കുന്ന അനുരാഗമഴ. സുന്ദരിയായ പ്രിയ രാജ് വംശിനെ ചേർത്തിരുത്തി കാറോടിച്ചുകൊണ്ട് മുഹമ്മദ് റഫിയുടെ സ്വർഗീയനാദത്തിൽ ടാക്സി ഡ്രൈവർ നവീൻ നിശ്ചൽ പാടുകയാണ്:
‘തും ജോ മിൽ ഗയേ ഹോ
തോ യേ ലഗ്ത്താ ഹേ,
കേ ജഹാം മിൽ ഗയാ…’
അര നൂറ്റാണ്ട് മുൻപ് പുറത്തിറങ്ങിയ “ഹസ്തെ സഖ്മി”ൽ മദൻമോഹൻ ഈണമിട്ട ഗാനം.
കാർ ഏതെന്നു കൂടി അറിയുക: പ്രീമിയർ പദ്മിനി.
ഉള്ളിലെ പ്രണയം പറയാതെ പറഞ്ഞ്, കാമുകൻ ദിനേശ് താക്കൂറിനൊപ്പം കാറിന്റെ പിൻസീറ്റിൽ അലസയായി ചാരിയിരുന്ന് മുബൈ നഗരക്കാഴ്ചകൾ വിടർന്ന കണ്ണുകളിലൂടെ ആസ്വദിക്കുന്ന വിദ്യാ സിൻഹ. പശ്ചാത്തലത്തിൽ സലിൽ ചൗധരിയുടെ ഈണത്തിൽ മുകേഷിന്റെ പ്രണയാർദ്ര ശബ്ദം:
‘കയി ബാർ യൂഹി ദേഖാ ഹേ
യെ ജോ മൻ കി സീമരേഖാ ഹേ..’
(ചിത്രം: രജനീഗന്ധ)
കാർ പഴയത് തന്നെ: പ്രീമിയർ പദ്മിനി.
തീർന്നില്ല. ഭാവിയെ കുറിച്ചുള്ള ആശങ്കകളോടെ, ആകുലതകളോടെ നഗരത്തിരക്കിലൂടെ കാറോടിക്കുന്ന ഫാറൂഖ് ഷെയ്ക്കിന്റെ ഗുലാം ഹസ്സൻ. പശ്ചാത്തലത്തിൽ ഹസ്സന്റെ ആത്മഗീതം പോലെ ജയദേവിന്റെ ഈണം; സുരേഷ് വാഡ്ക്കറിന്റെ ശബ്ദം:
‘സീനേ മേ ജലൻ ആംഖോം മേ
തൂഫാൻ സാ ക്യോഹേ…’
കാർ ഇത്തവണയും പ്രീമിയർ പദ്മിനി.
ആറു പതിറ്റാണ്ടോളമായി മുംബൈയുടെ ഹൃദയത്തുടിപ്പായിരുന്ന പ്രീമിയർ പദ്മിനി ടാക്സികൾ നഗരവീഥികളിൽ നിന്ന് അപ്രത്യക്ഷമാകുന്നു എന്ന വാർത്തക്കൊപ്പം മനസ്സിൽ വന്നുനിറഞ്ഞ ഗാനരംഗങ്ങൾ. അങ്ങനെ എത്രയെത്ര. മഞ്ഞയും കറുപ്പും കലർന്ന “കാലിപീലി” പുതുതലമുറ കാറുകൾക്ക് വേണ്ടി വഴിമാറുമ്പോൾ തിരശ്ശീല വീഴുക ആത്മബന്ധത്തിന്റെ ഒരു യുഗത്തിനാണ്. മധ്യവയസ്സ് പിന്നിട്ട മുംബൈക്കാർക്ക് ഒരിക്കലും മറക്കാനാവാത്ത സ്നേഹസുരഭില ബന്ധം.
സാധാരണക്കാരുടെ ജീവിതത്തിൽനിന്ന് പകർത്തിയ അസാധാരണ കഥകളുമായി ബസു ചാറ്റർജിയും ബസു ഭട്ടാചാര്യയും ഗുൽസാറും മുസഫർ അലിയും ഋഷികേശ് മുഖർജിയുമൊക്കെ ബോളിവുഡിൽ സാന്നിധ്യമറിയിച്ച ഘട്ടത്തിലായിരുന്നു വെള്ളിത്തിരയിൽ പ്രീമിയർ പദ്മിനിയുടെ സുവർണ്ണകാലം. മുംബൈയിൽ ഭാഗ്യം തേടിയെത്തിയ ടാക്സി ഡ്രൈവർമാരുടെ കഥ പറഞ്ഞ സിനിമകൾ വരെ ഉണ്ടായി. ആ കഥകളിലെല്ലാം മനോഹര ഗാനങ്ങളും. റോബർട്ട് ഡി നീറോ നായകനായ ക്ലാസ്സിക് ഹോളിവുഡ് ചിത്രം “ടാക്സി ഡ്രൈവറി”ൽ (1976) നിന്ന് പ്രചോദനമുൾക്കൊണ്ട് അമോൽ പലേക്കറിനെ നായകനാക്കി ഇർഷാദ് സംവിധാനം ചെയ്ത ടാക്സി ടാക്സി (1977) ഉദാഹരണം.
അമിതാഭ് ബച്ചൻ (ഖുദ് -ദാറിലെ “ഹട് ജാ ബാജൂ നഹി തോ ഉഡാ ദൂംഗാ”), ദേവാനന്ദ് (ജാനേമനിലെ ശീർഷക ഗാനം) രാജേഷ് ഖന്ന (ഛയ്ലാ ബാബുവിലെ കൽ രാത് സഡക് പേ), അമോൽ പലേക്കർ (ടാക്സി ടാക്സിയിലെ ജീവൻ മേ ഹംസഫർ)…. വെള്ളിത്തിരയിൽ പ്രീമിയർ പദ്മിനിയെ സംഗീതസാന്ദ്രമാക്കിയ “ഡ്രൈവർമാ”രുടെ നിര ഇനിയും നീളും. പ്രണയവും വിരഹവും ചുംബനവും മരണവുമൊക്കെയുണ്ടാകും പദ്മിനിയുടെ സിനിമാ സ്മരണകളിൽ.
ഹിന്ദി സിനിമയിലെ ആദ്യ സൂപ്പർ ഹിറ്റ് ടാക്സി ഡ്രൈവർ പിറന്നത് 1954-ൽ. അതേ പേരിൽ ചേതൻ ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ ദേവാനന്ദ് ആയിരുന്നു നായകൻ. പക്ഷേ, അന്ന് പ്രീമിയർ പദ്മിനി ജനിച്ചിട്ടില്ല. ആ സിനിമയിൽ ദേവാനന്ദിന്റെ “മംഗൾ” എന്ന കഥാപാത്രം ഓടിച്ചത് 1947 മോഡൽ ഷെവർലെ ഫ്ളീറ്റ്മാസ്റ്റർ സെഡാൻ. അതേ വർഷം പുറത്തുവന്ന “ആർപാറി” ലും നായകൻ ടാക്സി ഡ്രൈവർ തന്നെ- ഗുരുദത്ത്. ഷെവർലെയും ഡോഡ്ജും പ്ലിമത്തും ആയിരുന്നു സ്വാതന്ത്ര്യാനന്തര കാലത്തെ മുംബൈ ടാക്സികൾ. ഇന്ത്യക്ക് വേണ്ടി പിറന്ന കാർ എന്നറിയപ്പെടുന്ന ഹിന്ദുസ്ഥാൻ അംബാസഡർ നിരത്തിലിറങ്ങിയത് 1957-ൽ.
1964-ൽ ഇറ്റലിയിലെ വിഖ്യാതമായ ഫിയറ്റ് കമ്പനിയുടെ ലൈസൻസുമായി പ്രീമിയർ ഓട്ടോമൊബൈൽസ് ലിമിറ്റഡ് നിലവിൽ വരുന്നു. 1200 സി സി എൻജിനുമായി മുംബൈ വീഥികളിൽ ഓടിത്തുടങ്ങിയ കാറിന്റെ ആദ്യത്തെ പേര് ഫിയറ്റ് 1100 ഡിലൈറ്റ്. 1970-ൽ പ്രീമിയർ പ്രസിഡണ്ട് എന്ന പേരിൽ റീബ്രാൻഡ് ചെയ്യപ്പെട്ട കാർ അധികം വൈകാതെ പ്രീമിയർ പദ്മിനിയാകുന്നു. അംബാസഡറിനൊപ്പം ഇന്ത്യക്കാരന്റെ പ്രിയപ്പെട്ട കാറുകളിൽ ഒന്നായി മാറുന്നു അത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2001-ൽ പ്രീമിയർ ഓട്ടോമൊബൈൽ ലിമിറ്റഡ് നിർമ്മാണം നിർത്തുംവരെ പ്രീമിയർ പദ്മിനി എന്നായിരുന്നു കാറിന്റെ പേര്. പദ്മിനിയുടെ പ്രതാപകാലത്ത് മുംബൈയിൽ അറുപതിനായിരത്തോളം കാറുകൾ ഓടിക്കൊണ്ടിരുന്നു എന്നാണ് ഏകദേശ കണക്ക്. പുതിയ വിദേശ ബ്രാൻഡുകൾ കടന്നുവരികയും സ്പെയർ പാർട്ടുകൾ ദുർലഭമാകുകയും ചെയ്തതോടെയാണ് പദ്മിനിയുടെ കഷ്ടകാലം തുടങ്ങിയത്. ഇരുപത് വർഷം പഴക്കമുള്ള കാറുകൾക്ക് നിരോധനം കൂടി വന്നതോടെ നിലനിൽപ്പ് തീർത്തും അസാധ്യമായി.
സ്വാതന്ത്ര്യ സമരസേനാനിയും ലോക്സഭാംഗവുമായ വിത്തൽ ബാലകൃഷ്ണ ഗാന്ധിയാണ് ടാക്സികൾക്ക് മഞ്ഞയും കറുപ്പും കലർന്ന “യൂണിഫോം” നിർദേശിച്ചതെന്നാണ് ചരിത്രം. എത്ര ദൂരെനിന്നും കാഴ്ച്ചയിൽ പെടാവുന്ന നിറം എന്ന നിലയ്ക്കാണ് മഞ്ഞയുടെ വരവ്. കറുപ്പ്, കാറിനേൽക്കാനിടയുള്ള ചില്ലറ “പരിക്കുകൾ” മറച്ചു വെക്കാൻ പോന്ന നിറം എന്ന നിലയ്ക്കും.
പ്രീമിയർ പദ്മിനി കൺവെട്ടത്തുനിന്ന് മറയുമ്പോൾ ഭൂതകാലസ്മരണകളിൽ അഭിരമിക്കുന്ന മുംബൈക്കാർക്ക് ആശ്വാസം ഒന്നു മാത്രം: വെള്ളിത്തിരയിലെ “കാലിപീലി”ക്ക് മരണമില്ലല്ലോ.