
കണ്ണൂർ: ഓണം റിലീസായെത്തി പ്രേക്ഷകപ്രീതിയും നിരൂപകപ്രശംസയും നേടി നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ് ആസിഫ് അലി നായകനായ ‘കിഷ്കിന്ധാകാണ്ഡം’. തിയേറ്ററുകളിൽ ‘വിജയകാണ്ഡം’ തീർക്കുന്ന ഈ സിനിമയുടെ പിന്നിൽ കണ്ണൂർക്കാരായ രണ്ടുപേരാണ്. സംവിധായകൻ ദിൻജിത്ത് അയ്യത്താനും കഥ, തിരക്കഥ, സംഭാഷണവും ഛായാഗ്രഹണവും നിർവഹിച്ച ബാഹുൽ രമേഷും.
തലശ്ശേരി കുട്ടിമാക്കൂൽ സ്വദേശിയായ സംവിധായകൻ ദിൻജിത്ത് ചെന്നൈയിലാണ് താമസം. ആസിഫ് അലി നായകനായ ‘കക്ഷി അമ്മിണിപ്പിള്ള’യാണ് ആദ്യ സിനിമ. ഇതിന്റെ ക്യാമറ ചെയ്തതും ബാഹുൽ രമേഷാണ്. തലശ്ശേരി സെയ്ൻറ് ജോസഫ് ബോയ്സ് ഹൈസ്കൂളിലും കൂത്തുപറമ്പ് നിർമലഗിരി കോളേജിലുമായിരുന്നു വിദ്യാഭ്യാസം. പിന്നീട് 15 വർഷത്തോളം ആനിമേഷൻ-വി.എഫ്.എക്സ്. മേഖലയിലായിരുന്നു. ഡബിൾ ബാരൽ, 1983, ആക്ഷൻ ഹീറോ ബിജു തുടങ്ങിയ സിനിമകളുടെ വി.എഫ്.എക്സ് ഡയറക്ടർ കൂടിയാണ് ഇദ്ദേഹം. കുട്ടിമാക്കൂലിലെ അയ്യത്താൻ ദിവാകരന്റെയും വസന്തയുടെയും മകനാണ്. ഭാര്യ: ശർമിള. മക്കൾ: ധ്യാൻ, ദേവ്.
മാത്തിൽ ചൂരലാണ് ബാഹുൽ രമേഷിന്റെ വീട്. മാത്തിൽ ജി.എച്ച്.എസ്.എസിലെ പഠനത്തിനുശേഷം ചെന്നൈയിൽ വിഷ്വൽ കമ്യൂണിക്കേഷൻ പഠിച്ചു. തവിടുപൊടി ജീവിതം, ഗ്രേസ് വില്ല തുടങ്ങിയ ഷോർട്ട് ഫിലിമുകൾക്ക് ക്യാമറ ചെയ്താണ് തുടക്കം. മന്ദാരം, കക്ഷി അമ്മിണിപ്പിള്ള, ഇന്നലെ വരെ, മോഹൻകുമാർ ഫാൻസ് എന്നീ സിനിമകളുടെയും ക്യാമറമാനാണ്.
ഹോട്ട്സ്റ്റാറിൽ റിലീസ് ചെയ്യുന്ന കേരള ക്രൈം ഫയൽസ് – 2 എന്ന വെബ് സീരിസാണ് ബാഹുലിന്റെ അടുത്ത തിരക്കഥ.
മുൻ ബാങ്ക് സെക്രട്ടറി ടി.വി. രമേശന്റെയും ചൂരൽ എൽ.പി. സ്കൂൾ അധ്യാപിക എം. പ്രീതയുടെയും മകനാണ്. ഭാര്യ: പൂജ. മകൾ: ഇസൈ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]