ന്യൂ ഡൽഹി: തന്റെ പുതിയ ചിത്രമായ മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പ് റിലീസ് ചെയ്യുന്നതിന് കെെക്കൂലി നൽകേണ്ടിവന്നുവെന്ന് നടൻ വിശാലിന്റെ ആരോപണത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രം. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെ കേന്ദ്ര വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം അറിയിച്ചതാണ് അക്കാര്യം.
കേന്ദ്ര സെൻസർ ബോർഡിലെ അഴിമതിയേക്കുറിച്ച് നടൻ വിശാൽ ഉന്നയിച്ച ആരോപണങ്ങൾ അത്യന്തം നിർഭാഗ്യകരമാണെന്ന് വാർത്താ വിനിമയ പ്രക്ഷേപണ മന്ത്രാലയം എക്സിൽ കുറിച്ചു. സർക്കാർ അഴിമതി ഒരിക്കലും വെച്ചുപൊറുപ്പിക്കില്ല. വിശാൽ ഉന്നയിച്ച ആരോപണത്തിലുൾപ്പെട്ടവർക്കെതിരെ കർശന നടപടിയെടുക്കും. നടന്റെ ആരോപണം അന്വേഷിക്കാൻ ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിങ് മന്ത്രാലയത്തിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെ മുംബൈയിലേക്ക് അയച്ചിട്ടുണ്ട്. മന്ത്രാലയവുമായി സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നതായും കേന്ദ്രം അറിയിച്ചു.
വെള്ളിയാഴ്ചയാണ് സെൻസർ ബോർഡിനെതിരെ ഗുരുതര ആരോപണങ്ങളുമായി വിശാൽ രംഗത്തെത്തിയത്. സര്‍ട്ടിഫിക്കറ്റിനായി മുംബൈയിലെ സെന്‍സര്‍ ബോര്‍ഡ് ഓഫീസിനെ സമീപിച്ചപ്പോഴാണ് ദുരനുഭവം നേരിട്ടത്. മഹാരാഷ്ട്ര മുഖ്യമന്ത്രിയേയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ടാഗ് ചെയ്തുകൊണ്ടാണ് വിശാൽ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചിത്രം റിലീസ് ചെയ്യാൻ മൂന്നു ലക്ഷവും യു/എ സർട്ടിഫിക്കറ്റ് ലഭിക്കാൻ മൂന്നര ലക്ഷം രൂപയും താൻ നൽകിയെന്ന് നടൻ പറഞ്ഞു. പണം ട്രാൻസ്ഫർ ചെയ്ത അക്കൗണ്ട് വിവരങ്ങളും വിശാൽ പുറത്തുവിട്ടിട്ടുണ്ട്.
താൻ അധ്വാനിച്ചുണ്ടാക്കിയ പണം അഴിമതിയിലൂടെ നഷ്ടമാകുന്നതിലെ നീരസവും വിശാൽ പങ്കുവെച്ചിരുന്നു. വെള്ളിത്തിരയിൽ അഴിമതി കാണിക്കുന്നത് കുഴപ്പമില്ല. എന്നാൽ യഥാർഥ ജീവിതത്തിൽ ശരിയല്ല. അത് അംഗീകരിക്കാനാകില്ല, പ്രത്യേകിച്ച് സർക്കാർ ഓഫീസുകളിൽ. അതിലും മോശമായത് സിബിഎഫ്സി മുംബൈ ഓഫിസിൽ സംഭവിച്ചു. എന്റെ ചിത്രം മാർക്ക് ആന്റണിയുടെ ഹിന്ദി പതിപ്പിന് 6.5 ലക്ഷം രൂപ നൽകേണ്ടിവന്നു. രണ്ട് ഇടപാടുകൾ നടത്തി. സ്ക്രീനിങ്ങിന് മൂന്ന് ലക്ഷവും സർട്ടിഫിക്കറ്റിനായി 3.5 ലക്ഷവും നൽകി. എന്റെ കരിയറിൽ ഒരിക്കലും ഇത്തരമൊരു അവസ്ഥ നേരിട്ടിട്ടില്ല. ഇടനിലക്കാരിക്ക് പണം കൊടുക്കുകയല്ലാതെ വേറെ വഴിയില്ലായിരുന്നു എന്നാണ് വിശാൽ പറഞ്ഞത്.
താൻ നൽകിയ പണത്തിൽ ആർക്കൊക്കെ പങ്കുണ്ടെന്ന് അറിയില്ലെന്നും സത്യം പുറത്തുവരാൻ നൽകിയ വിലയാണ് ആറുലക്ഷമെന്നും വിശാൽ പറഞ്ഞു. സിനിമയിൽ മാത്രമല്ല താൻ അഴിമതിക്കെതിരെ പോരാടുന്നതെന്നും നടൻ വ്യക്തമാക്കി.
Content Highlights: central government started investigation on actor vishal’s allegations against cbfc, mark antony
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]