തിയേറ്ററുകളിൽ പുതിയ റെക്കോർഡുകൾ തീർത്ത് വിജയക്കുതിപ്പ് തുടരുകയാണ് മമ്മൂട്ടി നായകനായ കണ്ണൂർ സ്ക്വാഡ്. ഛായാഗ്രാഹകൻ റോബി വർഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത് റോബിയുടെ സഹോദരനും നടനുമായ റോണി ഡേവിഡ് രാജും മുഹമ്മദ് ഷാഫിയും ചേർന്നാണ്. ചിത്രത്തിന്റെ ദൈർഘ്യം കുറയ്ക്കണമെന്ന് ഒരു തിയേറ്ററുടമ തന്നോടാവശ്യപ്പെട്ടു എന്നുപറഞ്ഞിരിക്കുകയാണ് റോണി ഡേവിഡ്.
കണ്ണൂർ സ്ക്വാഡിന്റെ പ്രചാരണാർത്ഥം ചിത്രത്തിലെ താരങ്ങളും അണിയറപ്രവർത്തകരും കഴിഞ്ഞദിവസം തിയേറ്റർ സന്ദർശനം തുടങ്ങിയിരുന്നു. അതിനിടെയാണ് റോണി ഒരു തിയേറ്റർ ഉടമ തന്നോടാവശ്യപ്പെട്ട കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. സിനിമ ഇറങ്ങുന്നതിന് മുമ്പ് മലബാറിലെ ഒരു തിയേറ്റർ ഓണർ സിനിമയുടെ ദൈർഘ്യത്തേക്കുറിച്ച് അന്വേഷിച്ചുവെന്ന് റോണി ഓർമിച്ചു. രണ്ടേ മുക്കാൽ മണിക്കൂറിനടുത്തുണ്ടെന്ന് പറഞ്ഞപ്പോൾ 20 മിനിറ്റ് കട്ട് ചെയ്തേക്ക് എന്നാണ് തിയേറ്റർ ഉടമ പറഞ്ഞത്. അപ്പോൾ താനൊന്നും മിണ്ടിയില്ല. പുള്ളി വീണ്ടും ഇതേ കാര്യം ആവശ്യപ്പെട്ടു. താൻ പെട്ടന്ന് ക്ഷോഭിക്കുന്നയാളാണ്. മൂന്നാം തവണയും ഇതാവർത്തിച്ചപ്പോൾ അടുത്ത തവണ തിരക്കഥയെഴുതുമ്പോൾ ചേട്ടനേയും വിളിക്കാമെന്ന് മറുപടി നൽകി. ഇപ്പോൾ അദ്ദേഹം വിളിച്ചിട്ട് ഒന്നും കാര്യമായെടുക്കരുതെന്ന് ഖേദം പ്രകടിപ്പിച്ചെന്നും റോണി വ്യക്തമാക്കി.
ഞാനടക്കമുള്ള പ്രധാനപ്പെട്ട അണിയറക്കാരെല്ലാം പുതുമുഖങ്ങളാണ്. അതും സാധാരണ സിനിമയിലല്ല, മമ്മൂക്ക സിനിമയിൽ. അങ്ങനെയുള്ളപ്പോൾ നമ്മൾ ചെയ്തത് പ്രേക്ഷകർക്ക് ഇഷ്ടപ്പെടുക എന്നത് ദൈവാനുഗ്രഹമാണ്. മമ്മൂക്കയേപ്പോലെ ഒരു നടനെ ഇത്രയും നാടുകളിലൂടെ, ഇന്ത്യയൊട്ടാകെ കൊണ്ടുപോയി എന്നുതന്നെ പറയാം. സത്യസന്ധമായി എല്ലാ കാര്യങ്ങളും ചെയ്തതുകൊണ്ടായിരിക്കാം ഈ കോരിച്ചൊരിയുന്ന മഴയത്തും ആളുകൾ തിയേറ്ററിലേക്ക് വരുന്നത്. എല്ലാവരും സന്തോഷമായി തിരിച്ചുപോകുന്നതിൽ സന്തോഷം. 2019 ജൂണിൽ തുടങ്ങിയ ചിത്രമാണ് 2023 സെപ്റ്റംബറിൽ തിയേറ്ററുകളിലെത്തിയത്. മമ്മൂക്കയ്ക്ക് റോബിയുടെ കഴിവിൽ വിശ്വാസമുണ്ടായിരുന്നെന്നും റോണി കൂട്ടിച്ചേർത്തു.
കേസന്വേഷണത്തിന്റെ ഭാഗമായി പ്രതികളെ തിരഞ്ഞ് ഇന്ത്യയൊട്ടാകെ പോലീസ് സംഘം നടത്തുന്ന അന്വേഷണമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ സ്ക്വാഡിലെ എ.എസ്.ഐ. ജോർജ് ആയാണ് മമ്മൂട്ടി എത്തുന്നത്. മുൻ കണ്ണൂർ എസ്പി എസ്. ശ്രീജിത്ത് രൂപീകരിച്ച കണ്ണൂർ സ്ക്വാഡിന്റെ ഭാഗമായ പോലീസ് ഉദ്യോഗസ്ഥരുടെ സംഘത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഇപ്പോഴും പ്രവർത്തനക്ഷമമായ ഒറിജിനൽ സ്ക്വാഡിൽ ആകെ ഒമ്പത് അംഗങ്ങളുണ്ടെങ്കിലും ചിത്രത്തിൽ നാല് പോലീസ് ഓഫീസർമാരെ മാത്രം കേന്ദ്രീകരിച്ചാണ് കഥ പറയുന്നത്. മമ്മൂട്ടിയോടൊപ്പം റോണി ഡേവിഡ് രാജ്, ശബരീഷ് വർമ്മ, അസീസ് നെടുമങ്ങാട് എന്നിവരാണ് സ്ക്വാഡ് അംഗങ്ങൾ.
Content Highlights: actor writer rony david raj about kannur squad success, rony david raj interview
അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]