ഫാമിലി ഡ്രാമ എന്നും പ്രേക്ഷകര്‍ക്കൊരു വീക്ക്നസാണ്. അതുകൊണ്ട് തന്നെ ഇവയ്ക്ക് ലഭിക്കുന്ന സ്വീകാര്യതയും ഏറെയാണ്. എല്ലാം മറന്ന് ചിരിക്കാനും അതിനോടൊപ്പം തന്നെ വൈകാരികത നിറയ്ക്കാനും സാധിക്കുന്ന ഇത്തരം ഫാമിലി ഡ്രാമയുടെ കൂടെ ചേര്‍ത്ത് വായിക്കാവുന്നതാണ് കൃഷ്ണ ദാസ് മുരളി രചനയും സംവിധാനവും നിര്‍വഹിച്ച ഭരതനാട്യം.
വീടും നാടും അമ്പല കമ്മിറ്റിയുമായി നടക്കുന്ന ശശിയുടെ ജീവിതത്തെ ചുറ്റിപ്പറ്റിയാണ് കഥ പുരോഗമിക്കുന്നത്. ഈ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിത്രത്തിന്റെ ഒരു നിര്‍മാതാവ് കൂടിയായ സൈജു കുറുപ്പാണ്. അച്ഛനും, അമ്മയും, സഹോദരങ്ങളും അളിയന്മാരും അവരുടെ മക്കളും അടങ്ങുന്ന ഒരു ചെറിയ വലിയ കുടുംബമാണ് ശശിയുടേത്. നാട്ടിലെ മതപരമായ എല്ലാ കാര്യങ്ങള്‍ക്കും നായകന് തന്നെയാണ് മുന്നില്‍.
എല്ലാ വീടുകളിലും കാണുന്നതു പോലെ ഒരു മുരടനായ അച്ഛന് കഥാപാത്രം അതാണ് സായികുമാര്‍ അവതരിപ്പിക്കുന്ന ഭരതന് നായര്‍. മക്കളുമായി അത്രമേല്‍ അടുപ്പം കാണിച്ചില്ലെങ്കിലും വീട്ടിലെ കാര്യങ്ങള്‍ക്ക് യാതൊരു കുറവും വരുത്താത്ത അച്ഛന്. പെട്ടെന്നൊരു നാള് ഒട്ടും പ്രതീക്ഷിക്കാതെ ഒരു ദുരന്തം കുടുംബത്തിലരങ്ങേറുന്നു. ഇതിനോടൊനുബന്ധിച്ച് ക്ഷണിക്കപ്പെടാത്ത അതിഥികള്‍ കുടുംബത്തിലേക്കെത്തുന്നു. ഈ പ്രശ്നങ്ങള്‍ നായകന് എങ്ങനെ പരിഹരിക്കുന്നുവെന്നതും കൂടെയുണ്ടാകുന്ന പൊല്ലാപ്പുകളുമാണ് കഥയുടെ ഇതിവൃത്തം.
നര്‍മ്മത്തില്‍ ചാലിച്ച ഓരോ രംഗവും തീയേറ്ററുകളില്‍ പൊട്ടിച്ചിരിയുണ്ടാക്കുന്നുണ്ട്. അതിനോടൊപ്പം തന്നെ വൈകാരികമായി കുറച്ചധിക നേരവും സിനിമ പിടിച്ചിരുത്തി. ട്രെയ്ലറില് കാണുന്നത് അനുസരിച്ച് ഡീകോഡ് ചെയ്യാന്‍ സാധിക്കാത്ത തരത്തിലാണ് സിനിമയുടെ പോക്ക്. നാട്ടിന് പുറത്തെ മനോഹാരിത ഓരോ ഫ്രെയിമിലും ഒപ്പിയെടുത്താണ് ചിത്രം കോര്‍ത്തിണക്കിയിട്ടുള്ളത്. ഒരു സീനില്‍ നിന്ന് മറ്റൊരു സീനിലേക്ക് പോകുന്ന ഒഴുക്കും എടുത്തു പറയേണ്ടതാണ്.
സമൂഹത്തിന്റെ ജാതി വ്യവസ്ഥകളിലേക്കും ചിത്രത്തിന്റെ ചില ഭാഗങ്ങള്‍ വിരല്‍ ചൂണ്ടുന്നുണ്ട്. ഇതിനായും നര്‍മം തന്നെ കൂട്ടി യോജിപ്പിച്ചിട്ടുണ്ട്. കൂടാതെ ഗ്രാമവും അമ്പലവും ആചാരാനുഷ്ഠാനങ്ങളുമെല്ലാം അതിന്റെ ഭംഗി നഷ്ടപ്പെടാതെ ചിത്രത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.
നായകനായി മികച്ച പ്രകടനം സൈജു കുറുപ്പ് കാഴ്ച വെച്ചപ്പോള്‍ ഒട്ടും വിട്ടു കൊടുക്കാത്ത അഭിനയം തന്നെയാണ് സായ് കുമാര്‍ കാഴ്ച വെച്ചത്. കലാരഞ്ജിനി, മണികണ്ഠന് പട്ടാമ്പി, ശ്രീജ രവി, അഭിരാം രാധാകൃഷ്ണന്, നന്ദു പൊതുവാള്, സോഹന്‍ സീനുലാല്‍, ഗംഗ, ശ്രുതി സുരേഷ് തുടങ്ങിയവരും അവരുടെ റോള്‍ ഗംഭീരമാക്കി. മനു രഞ്ജിത്തിന്റെ വരികള്‍ക്ക് സാമുവല്‍ എബിയാണ് ഈണം പകര്‍ന്നിരിക്കുന്നത്.
ചിത്രത്തിന്റെ ഛായാഗ്രഹണം ഒരുക്കിയിരിക്കുന്നത് ബബിലു അജുവാണ്. എഡിറ്റിംഗ് – ഷഫീഖ്- വി.ബി. മേക്കപ്പ് – മനോജ് കിരൺ രാജ്. കോസ്റ്റ്യൂം ഡിസൈൻ – സുജിത് മട്ടന്നൂർ. കലാസംവിധാനം – ബാബു പിള്ള. ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ -സാംസൺ സെബാസ്റ്റ്യൻ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ്സ് -കല്ലാർ അനിൽ, ജോബി ജോൺ, പ്രൊഡക്ഷൻ കൺട്രോളർ -ജിതേഷ് അഞ്ചുമന എന്നിവരാണ് നിര്‍വഹിച്ചിരിക്കുന്നത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]