കോഴിക്കോട്: അന്തരിച്ച നടൻ മാമുക്കോയയ്ക്കെതിരായ ജൂനിയർ ആർട്ടിസ്റ്റിന്റെ പരാമർശത്തിൽ പരാതിനൽകി മാമുക്കോയയുടെ മകൻ നിസാർ മാമുക്കോയ. കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണർക്കാണ് അദ്ദേഹം പരാതി നൽകിയത്. അപവാദപ്രചാരണം നടത്തിയതിന് നടപടി സ്വീകരിക്കണമെന്നാണ് നിസാറിന്റെ പരാതിയിൽ പറയുന്നത്.
ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനുപിന്നാലെ സിനിമാ മേഖലയിൽ പ്രവർത്തിക്കുന്ന ഒട്ടേറെ പേർ വെളിപ്പെടുത്തലുകളുമായി രംഗത്തുവന്നിരുന്നു. ഇതിൽ നടന്മാരായ ഇടവേള ബാബു, സുധീഷ്, മാമുക്കോയ, അന്തരിച്ച സംവിധായകൻ ഹരികുമാർ എന്നിവർക്കെതിരെ ജൂനിയർ ആർട്ടിസ്റ്റായ നടി ആരോപണം ഉന്നയിച്ചിരുന്നു. ഇതുസംബന്ധിച്ച് ഇവർ പരാതി നൽകുകയും ചെയ്തിരുന്നു. ഇവരുടെ മൊഴി പ്രത്യേക അന്വേഷണസംഘം രേഖപ്പെടുത്തുകയും സുധീഷിനും ഇടവേള ബാബുവിനുമെതിരെ നടക്കാവ് പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. 364 എ പ്രകാരമാണ് കേസെടുത്തത്.
ഇതിനുപിന്നാലെയാണ് നടിക്കെതിരെ മാമുക്കോയയുടെ മകൻ പരാതി നൽകിയത്. മരിച്ചുപോയ പിതാവിന് മോശം പേരുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് ജൂനിയർ ആർട്ടിസ്റ്റ് ആരോപണമുന്നയിച്ചിരിക്കുന്നത് എന്നാണ് നിസാറിന്റെ പരാതിയിൽ പറയുന്നത്. അടുത്തഘട്ടമായി കോടതിയെ സമീപിക്കുമെന്നും അദ്ദേഹം അറിയിച്ചു.
അതിനിടെ, വിഷയത്തിൽ കൂടുതൽ വിശദീകരണവുമായി നിസാർ ഫെയ്സ്ബുക്കിൽ വീഡിയോ പങ്കുവെക്കുകയും ചെയ്തു. ‘അമ്മയെ മാമയാക്കാൻ ശ്രമിക്കുന്നവരോടും ഹേമ കമ്മറ്റിയുടെ മറവിൽ കളപറിക്കാൻ ഇറങ്ങിയവരോടും എനിക്കും ചിലത് പറയാനുണ്ട്.. PART-1’ എന്ന പേരിൽ സുദീർഘമായ വീഡിയോയും അദ്ദേഹം പുറത്തുവിട്ടു.
സ്ത്രീകളെ അങ്ങേയറ്റം ബഹുമാനിക്കുന്നൊരാളാണ് ഞാൻ. അമ്പതുവർഷത്തിലേറെ കാലം എന്റെ ഉമ്മയും ഉപ്പയും ഒരുമിച്ച് ജീവിച്ചതാണ്. ഒരു വഴക്കും ഇക്കാലത്തിനിടയിൽ ഇവർ തമ്മിലുണ്ടായതായി ഞാൻ കേട്ടിട്ടില്ല. കേരളസമൂഹം വാർത്തയിലൂടെ കണ്ട ഒരുപാട് സ്ത്രീകളുടെ കഥ അറിയാം. ഒരു മാഡം എന്റെ ഉപ്പയേക്കുറിച്ചുപറഞ്ഞ അപവാദത്തിന്റെ പിന്നിലാണ് ഞാൻ ഈ വീഡിയോ ചെയ്യുന്നത്. വേട്ടക്കാരൻ ശിക്ഷിക്കപ്പെടണം. ഇരയ്ക്ക് മാന്യമായ നീതി ലഭിക്കുകയുംവേണം. അത് ആരായാലും ഏത് കേസിലായാലും, നിസാർ പറഞ്ഞു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]