ന്യൂഡൽഹി: കാര് കമ്പനിയായ ലാന്ഡ് റോവറിന് എതിരെ 50 കോടി രൂപയുടെ നഷ്ടപരിഹാര കേസ് നൽകി ബോളിവുഡ് നടി റിമി സെന്. 2020-ലാണ് 92 ലക്ഷം രൂപയ്ക്ക് നടി കാർ വാങ്ങിയത്. കാറിന് നിരവധി തവണ തകരാറുകൾ സംഭവിച്ചതിൻ്റെ ഭാഗമായി തനിക്ക് മാനസികമായ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നടി ചൂണ്ടിക്കാട്ടി.
സതീഷ് മോട്ടോഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തില് നിന്നുമാണ് നടി കാർ വാങ്ങിയത്. 2023 ജനുവരി വരെ വാറന്റിയുണ്ടായിരുന്നു. കോവിഡും തുടർന്നുണ്ടായ ലോക്ഡൗണും മൂലം കുറെയധികം നാൾ കാർ ഉപയോഗിച്ചിരുന്നില്ല. പിന്നീട് ഉപയോഗിച്ച് തുടങ്ങിയതോടെ തകരാറുകൾ പ്രകടമായിത്തുടങ്ങിയെന്ന് നടി പറയുന്നു.
കാറിന്റെ സണ്റൂഫ്, സൗണ്ട് സിസ്റ്റം, റിയര് എന്ഡ് ക്യാമറ എന്നിവയ്ക്കെല്ലാം തകരാറുണ്ടായി എന്ന് റിമി സെന് പരാതിപ്പെട്ടു. ക്യാമറ തകരാറിലായതോടെ 2022 ഓഗസ്റ്റിൽ കാർ തൂണിലിടിച്ച് അപകടം സംഭവിച്ചുവെന്നും നടി പറയുന്നു. ഈ പ്രശ്നങ്ങൾ ഡീലർമാരെ അറിയിച്ചപ്പോൾ അവർ തൻ്റെ പരാതികൾ തള്ളിക്കളഞ്ഞുവെന്ന് പരാതിയിലുണ്ട്. കമ്പനി തെളിവുകൾ ചോദിക്കുകയാണെന്നും നിരവധി തകരാറുകൾ തുടരെത്തുടരെ ഉണ്ടായതായും നടിയുടെ പരാതിയിലുണ്ട്.
കാർ നിർമാണത്തിൽ തകരാറുണ്ടെന്നാണ് നടിയുടെ ആരോപണം. പത്ത് തവണ അറ്റകുറ്റപ്പണികൾക്കായി കാർ അയച്ചുവെന്നും ഇത് കാറിന്റെ സ്ഥിതി കൂടുതൽ മോശമാക്കിയെന്നും ആരോപണമുണ്ട്. താൻ അനുഭവിച്ച മാനസിക പീഡനത്തിന് 50 കോടി രൂപ നഷ്ടപരിഹാരത്തിന് പുറമെ നിയമ ചെലവുകൾക്കായി 10 ലക്ഷം രൂപ നൽകണമെന്നും നടി പറയുന്നു. തനിക്ക് കാർ മാറ്റി നൽകണമെന്നും നടി ആവശ്യപ്പെടുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]