
തിയേറ്ററുകളിൽ വൻ പ്രേക്ഷകപ്രീതി സ്വന്തമാക്കി കുതിക്കുകയാണ് ആസിഫ് അലി, ബിജു മേനോൻ എന്നിവരെ നായകന്മാരാക്കി ജിസ് ജോയ് സംവിധാനംചെയ്ത തലവൻ. ക്യാമറയ്ക്ക് മുന്നിലും പിന്നിലും മികച്ച ടീം തന്നെയാണ് ചിത്രത്തിനുവേണ്ടി അണിനിരന്നത്. ഇപ്പോഴിതാ ചിത്രത്തിലെ ഒരു രംഗം പരിപൂർണതയിലെത്തിക്കാൻ നടത്തിയ ഒരു ഓട്ടത്തേക്കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് സഹ കലാസംവിധായകനായ അനൂപ് ചാലിശ്ശേരി.
സിനിമയിലെ നിർണായകമായ ഒരു രംഗത്തിലേക്ക് ഒറിജിനൽ പനമ്പട്ടയും ആനപ്പിണ്ടവും വേണം. ഈ രംഗം ചിത്രീകരിക്കുന്നതിന് ആനപ്പിണ്ടം സംഘടിപ്പിക്കാൻ വേണ്ടി ഓടിയ ഓട്ടത്തേക്കുറിച്ചാണ് അനൂപ് ചാലിശ്ശേരി ഫെയ്സ്ബുക്കിൽ എഴുതിയത്. ‘തലവൻ’സൂപ്പർ ഡ്യൂപ്പർ ഹിറ്റാകുമ്പോൾ സിനിമയുടെ പിന്നാമ്പുറത്ത് നിന്ന് ആരും പറയാത്ത ഒരു കഥൈ സൊല്ലട്ടുമാ…. എന്ന ആമുഖത്തോടെയാണ് അനൂപ് കുറിപ്പ് ആരംഭിക്കുന്നത്.
അനൂപിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ:
ക്യാമറയ്ക്കു മുന്നിലേക്ക് നടക്കുമ്പോൾ
ബിജുമേനോൻ ചോദിച്ചു : ‘ഈ സീനിൽ ആനയുണ്ടോ…?
ഭയങ്കര ആനപിണ്ടത്തിന്റെ മണമുണ്ടല്ലോ’….?
ഞാൻ : ‘ആനയില്ല ചേട്ടാ’…പക്ഷെ ഫീൽ…മ്മള് സെറ്റാണ്..
ബിജുമേനോൻ : ‘എങ്ങനെ ഒപ്പിച്ചെടാ’…?
ഞാൻ : ‘അതൊരു കഥയാണ് ചേട്ടാ’…
പക്ഷെ…ബിജുമേനോൻ കഥ കേട്ടില്ല…ഷോട്ടിലേയ്ക്ക് നടന്നു. പുള്ളിയ്ക്ക്
തിരക്കല്ലേ… ആ കഥ നിങ്ങളോടു പറയുന്നു… സീനിന്റെ പെർഫെക്ഷന് വേണ്ടി ഒരു സഹകലാസംവിധായകനും ടീമും
നിർത്താതെ ഓടിയ ഓട്ടം
തലവന്റെ ഷൂട്ടിംഗ് പയ്യന്നൂരിൽ നടക്കുന്നു…
അജയ് മാങ്ങാട് ആണ് കലാസംവിധായകൻ…
കഥയിൽ ബിജുമേനോൻ അവതരിപ്പിക്കുന്ന ജയശങ്കറിന്റെ
വീടിനു സൈഡിലൂടെയുള്ള ഇടവഴിയിൽ താലപ്പൊലി കഴിഞ്ഞു
ആന പോയതിന്റെ അടയാളങ്ങൾ വേണം…..
എന്ന് വെച്ചാൽ…സാക്ഷാൽ ആനപ്പിണ്ടവും പട്ടയും വേണം….
ഡമ്മി പിണ്ടം റെഡിയാക്കി ഏറ്റില്ല…
സംവിധായകന് ഒറിജിനൽ തന്നെ വേണം…ഒരു രക്ഷയുമില്ല
ചെറിയ ഷോട്ട്, ബിജുമേനോൻ വന്നാൽ ഉടനെ സീൻ തുടങ്ങും
ഒരു മണിക്കൂർ സമയം മുന്നിലുണ്ട്…
സാധാരണ സിനിമാ ഷൂട്ടിന് ആർട്ട് വിഭാഗത്തിന് മിക്ക ദിവസം കുറ്റങ്ങളും
കുറവുകളും ആരോപണങ്ങളും അവഗണനയും
പതിവാണ് …..പക്ഷെ ഷൂട്ട് തുടങ്ങി അത്രയും നാളായിട്ടും
ആർട്ട് ഡിപ്പാർട്മെന്റിന് നേരെ ഒരു പരാതിയും സംവിധായകൻ പറഞ്ഞിട്ടില്ലായിരുന്നു…
പറയിപ്പിക്കാതിരിക്കാൻ ഞങ്ങൾ പരമാവധി നേരത്തെ തന്നെ ആർട്ട് നോക്കുന്ന അസിസ്റ്റന്റ് ഡയറക്ടേഴ്സിനോട് ചോദിച്ച്
കാര്യങ്ങളെല്ലാം അറേഞ്ച് ചെയ്യുമായിരുന്നു…
സാറും ഹാപ്പി… ഞങ്ങളും ഹാപ്പി…
പക്ഷെ ഒറിജിനൽ ആനപ്പിണ്ടം…
എവിടെന്നു സംഘടിപ്പിക്കും…
തൃശൂരോ പാലക്കാടോ ആണെകിൽ
സാധനം റെഡിയാണ് ….
കണ്ണൂർ ഏരിയയിൽ ആനകൾ കുറവാണ്…
തന്ന സമയം കൈയിൽനിന്നും ചോർന്നുപോയികൊണ്ടിരിക്കുന്നു.
പുറത്ത് ജൂനിയർ ആർട്ടിസ്റ്റുകളും നാട്ടുകാരും സിനിമാ ടീം മൊത്തമുണ്ട് …
മനസ്സ് വെന്തുനിൽക്കുന്ന ആർട്ട് ടീമംഗങ്ങൾ
മറ്റൊരു അസ്സോസിയേറ്റായ സുനിൽ വെങ്ങോല അലറി….(സെറ്റ് മൊത്തം കേൾക്കാൻ)
‘ഡാ ചാലിശ്ശേരീ ….വണ്ടിയെടുത്തു വിട്ടോ…’
പതിയെ ദയനീയമായി എന്റെ ചെവിട്ടിൽ പറഞ്ഞു…
‘എടാ കിട്ടോ….ന്ന് എവിടുന്നേലും സാനം കൊണ്ട് വന്നേക്കണ ഡാ…’
വെങ്ങോലയുടെ അലർച്ചയുടെ ഒരു പീസ് കാതിൽ കിടന്നു…മൂളുന്നു..
അതുക്കും മേലെ ഒറ്റപ്പാലം ബാബുവേട്ടന്റെ ടവേര ചീറിയടുത്തു…
സഹായി ഷാജിയും പയ്യന്നൂരിലെ കരുണേട്ടനും അടങ്ങുന്ന ആനപിണ്ട വേട്ടക്കാർ റെഡി…..
സൂപ്പർ സ്റ്റാർസ് ഷൂട്ടിങ് കഴിഞ്ഞു വണ്ടിയിലേക്ക് കേറും പോലെ ഞങ്ങൾ ജനങ്ങൾക്കിടയിലൂടെ ടവേരയിൽ ചാടിക്കയറി.
കൂട്ടത്തിൽ ഉള്ളവരുടെ നിർദ്ദേശം അനുസരിച്ച് വണ്ടി നേരെ തളിപ്പറമ്പ് രാജരാജേശ്വരി ക്ഷേത്രത്തിലേയ്ക്ക്.
ആനപാപ്പാൻമാർ താമസിക്കുന്ന സ്ഥലത്തേക്കുപോയി കൈയും കൂപ്പിനിന്നു….കാരിയം പറഞ്ഞു…
ഒട്ടും ദയയില്ലാതെ അപ്പൊ തന്നെ ഗെറ്റ് ഔട്ട് അടിച്ചു. ആനകൾ നീരിലാണ് പോലും …..വെറുതെ കിടക്കുന്ന പിണ്ടം പോലും തന്നില്ല.
അവർക്കെന്ത് ഷൂട്ടിംഗ് ….? ചത്ത മനസ്സുമായി അവിടെനിന്നും വണ്ടി നീങ്ങി ….സമയം അടുത്ത് വരുന്നു ….
‘ഇന്ന് തെറി വിളി കേൾക്കും’ മനസ്സുപറഞ്ഞു.
പിന്നെയും കൊറേ ആനബന്ധമുള്ളവരെ വിളിച്ചു.
കട്ടപ്പുക…..തന്നെ….
കണക്ഷൻ കോളുകളുടെ മധ്യത്തിൽ അവസാനം ഒരു പിടിവള്ളി കിട്ടി. പയ്യന്നൂരിൽ നിന്നും ഏകദേശം 42 കിലോമീറ്ററോളം അകലെ കരുവാൻചാലിൽ വീട്ടിൽ ആനയുണ്ടെന്നു ആനമുതലാളി തന്നെ വിളിച്ചു പറഞ്ഞു. ബാബുവേട്ടന്റെ കാലുകൾ ടവേരയുടെ ആക്സിലേറ്ററിൽ ആഞ്ഞമർന്നു….ഞങ്ങൾ സ്പോട്ടിലെത്തി… പാപ്പാന്മാരിൽ ഒരാൾ തൃശൂർകാരൻ പോരെ പൂരം….ആന നീരിൽ തന്നെയായിരുന്നു ഇവിടെയും…
ഷാജിയും ഞാനും ചാടിയിറങ്ങി…പാപ്പാന്റെ നിയന്ത്രണത്തിൽ നിന്ന ആനയുടെ കാലിനിടയിൽ നിന്ന് കൂടി പിണ്ഡം വാരുന്ന ഷാജിയുടെയും ഞങ്ങടെയുമൊക്കെ മനസ്സിലെ തീയറിഞ്ഞത് കൊണ്ടാവാം ആന ഇളം പച്ച നിറത്തിൽ നല്ല ഗുണവും മണവുമുള്ള ഫ്രഷ് സാനം ഇട്ടു തന്നു. നിറഞ്ഞമനസ്സോടെ ഫ്രഷ് അടക്കം മൂന്ന് വലിയ പ്ലാസ്റ്റിക് സഞ്ചി നിറയെ ആനപിണ്ഡവുമായി വിജയശ്രീലാളിതരായ ഞങ്ങൾ റോക്കറ്റ് കണക്കെ സെറ്റിലേക്ക്…വിട്ടു.
വണ്ടീടെ വേഗത്തിനിടയിൽ ചെന്നെറങ്ങുമ്പോ പറയാൻ പോകുന്ന ഡയലോഗ് മനസ്സിൽ ഒന്നൂടെ ഉറപ്പിച്ചു…
‘ഒരു സഹ കലാസംവിധായകനും അലയാത്ത വഴികളിലൂടെയൊക്കെ ഞാൻ അലയാം
എന്തിനുവേണ്ടി…? സിനിമയ്ക്കുവേണ്ടി അതിന്റെ പെർഫെക്ഷനുവേണ്ടി….
ജീവനും നിറവും ഓജസ്സുമുള്ള ആനപ്പിണ്ടം തരാമെന്നാണ് ഞാനേറ്റത്…
ഇന്നാ….പിടിച്ചോ’….
അങ്ങനെ ആ സീൻ മനോഹരമായി എടുത്തു… ഒരു വലിയ സിനിമയുടെ ഷൂട്ടിംഗ് കഴിയും വരെ വളരെ സ്നേഹത്തോടെ മാത്രം ഇടപെട്ട തലവന്റെ പ്രിയ സംവിധായകന് നിറഞ്ഞ സ്നേഹം അറിയിക്കുന്നു.
തീയിൽ കുരുത്തവരാണ് കലാകാരന്മാർ… അവസാന നിമിഷം വരെ പൊരുതാൻ വിധിക്കപ്പെട്ടവരാണ്… അതുകൊണ്ടുതന്നെ എവിടെയും തോറ്റുകൊടുക്കാൻ അവർക്ക് മനസുമില്ല… നല്ല സിനിമകളുടെ വസന്തകാലം ഇനിയുമുണ്ടാവട്ടെ… എല്ലാ സിനിമകളും നന്നാവട്ടെ…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]