
തലവൻ എന്ന സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന മികച്ച സ്വീകരണത്തിന് നന്ദി പറഞ്ഞ് പ്രൊഡക്ഷൻ കൺട്രോളർ ആസാദ് കണ്ണാടിക്കൽ. വളരെക്കുറഞ്ഞ ആളുകളെ വെച്ചാണ് തലവന്റെ ആദ്യ പ്രദർശനം നടത്തിയതെന്നും തുടർന്നുണ്ടായ പ്രേക്ഷക പ്രതികരണങ്ങളാണ് ചിത്രം ഇത്രത്തോളം മികച്ച വിജയംനേടി മുന്നോട്ടുപോവുന്നതെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു.
നമ്മൾ ഒരു സിനിമയെ എത്രത്തോളം പ്രൊമോഷൻ ചെയ്താലും ഇല്ലെങ്കിലും ഒരു സിനിമ നല്ലതാണെങ്കിൽ ജനങ്ങൾ തന്നെ അതിന്റെ പരസ്യം ചെയ്തോളുമെന്നും ആസാദ് കണ്ണാടിക്കൽ എഴുതി.
ആസാദ് കണ്ണാടിക്കൽ എഴുതിയ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
നല്ല സിനിമകളെ എന്നും സ്നേഹിക്കുന്ന ആ ശീലം ഇപ്പോഴും തുടർന്ന് കൊണ്ട് പോവുന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് “തലവൻ” എന്ന സിനിമ ഇരു കൈകളും നീട്ടി നിങ്ങൾ സ്വീകരിച്ചത്. കാരണം ഈ സിനിമ റിലീസ് ആവുന്നതിന് മുമ്പ് വലിയ പരസ്യങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല അത്കൊണ്ട് തന്നെ റിലീസ് ദിവസം രാവിലെ ആദ്യ ഷോ കാണാൻ തീയറ്ററുകളിൽ എല്ലാം വളരെ ദയനീയം ആയിരുന്നു. പല സ്ഥലങ്ങളിലും 20 ആളുകൾ, 40 ആളുകൾ അങ്ങനെ വളരെ കുറഞ്ഞ ആളുകളെ വെച്ചാണ് ഷോ തുടങ്ങിയത്.
അങ്ങനെ ആദ്യ ഷോ കഴിഞ്ഞിട്ട് അത് കണ്ട് ഇറങ്ങിയ ആളുകൾ അവരുടെ അഭിപ്രായങ്ങൾ സോഷ്യൽ മീഡിയ വഴിയും അവരുടെ ഫ്രണ്ട്സ് വഴിയും വാട്സപ്പ് ഗ്രൂപ്പിലും ഷെയർ ചെയ്തു. അങ്ങനെ അഭിപ്രായങ്ങൾ കേട്ടവർ ഈ സിനിമയ്ക്ക് പോവാൻ തുടങ്ങി. അവരും ഇതുപോലെ ചെയ്തത് ഷെയർ ചെയ്ത കാരണങ്ങൾ കൊണ്ട് മാത്രമാണ് ഈ സിനിമയ്ക്ക് ഇപ്പോൾ ആളുകൾ കയറാൻ തുടങ്ങിയത്. ഇതിൽ നിന്ന് ഒരു കാര്യം വ്യക്തമായി, നമ്മൾ ഒരു സിനിമയെ എത്രത്തോളം പ്രൊമോഷൻ ചെയ്താലും ഇല്ലെങ്കിലും ഒരു സിനിമ നല്ലത് ആണെങ്കിൽ അത് ജനങ്ങൾ തന്നെ അതിന്റെ പരസ്യം ചെയ്തോളും.
അങ്ങനെ ഈ സിനിമയും 2024 ൽ മലയാളത്തിൽ ഇറങ്ങിയ ഹിറ്റ് സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ഈ സിനിമ റിലീസ് ദിവസം കേരളത്തിലെ മിക്ക സ്ഥലങ്ങളിലും വളരെ കുറഞ്ഞ പ്രദർശനങ്ങൾ ആണ് കിട്ടിയിരുന്നത്. അതും, സാധാരണ സിനിമയുടെ സമയങ്ങളിൽ നിന്നും വ്യത്യസ്തമായ സമയങ്ങൾ തീയറ്ററുകാർ തീരുമാനിച്ച നേരത്താണ് ഷോ ഉണ്ടായിരുന്നത്. അതും ഒരു ദിവസം രണ്ടോ അല്ലെങ്കിൽ മൂന്ന്. ചില സ്ഥലത്ത് 4 കളികൾ. എന്നാൽ, ഈ സിനിമ ചെയ്ത് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ ഇതേ തീയറ്ററുകാർ ദിവസം 8 ഷോ, 10 ഷോ, 6 ഷോ ആക്കി വർധിപ്പിച്ചു. അങ്ങനെ അവർ ചെയ്യാൻ ഉള്ള കാരണം ഈ തലവൻ സിനിമ കണ്ട ആൾക്കാരുടെ അഭിപ്രായവും, അത് കേട്ട് ആളുകൾ സിനിമ കാണാൻ തീയറ്ററുകളിൽ പോയത് കൊണ്ട് തന്നെയാണ്.
സിനിമയെ സ്നേഹിക്കുന്ന എല്ലാവരോടും തലവൻ സിനിമയുടെ പ്രൊഡക്ഷൻ കൺട്രോളർ എന്ന നിലയിലും നല്ല സിനിമ കാണാൻ ഇഷ്ടപെടുന്ന ഒരു പ്രേക്ഷകൻ എന്ന നിലയിലും നിങ്ങളോട് എല്ലാവരോടും എന്റെ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.
രണ്ട് വ്യത്യസ്ത റാങ്കുകളിലുള്ള പോലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്നങ്ങളാണ് പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിക്കുന്നത്. ആസിഫ് അലിയും ബിജു മേനോനുമാണ് നായകൻമാർ. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് തലവൻ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]