
കോഴിക്കോട് : ആരാധകർക്ക് സ്നേഹത്തിന്റെ ചിൽ നിമിഷങ്ങൾ. കൊടും വേനൽച്ചൂടിൽ ആകെക്കൂടിയൊരു തിരയിളക്കം. ടൊവിനോയും ‘നടികർ’ ടീമും ബീച്ചിലെത്തി. മേയ് മൂന്നിന് പ്രദർശനത്തിനെത്തുന്ന നടികർ സിനിമയുടെ പ്രചാരണാർഥമാണ് താരങ്ങൾ ബീച്ചിലെത്തിയത്. ടൊവിനോയ്ക്കൊപ്പം ബാലു വർഗീസ്, ചന്തു സലിംകുമാർ, നിർമാതാവ് അലൻ ആന്റണി, ആന്റോ ജോസഫ് എന്നിവരും വേദിയിലെത്തി.
ആൾക്കൂട്ടത്തിലേക്കിറങ്ങിയും അവർക്കൊപ്പം ഫോട്ടോയും വീഡിയോയുമെടുത്തും താരം കാണികളെ കൈയിലെടുത്തു. ചിലർ ടൊവിനോയുടെ ചിത്രങ്ങൾ വരച്ചുകൊണ്ടുവന്നു നൽകി. മത്സരങ്ങളിലെ വിജയികൾക്ക് ടൊവിനോ സമ്മാനങ്ങൾ നൽകി. എം.സി. കൂപ്പറും ബേബി ജിന്നും അടിപൊളി ഗാനങ്ങളുടെ തിരതന്നെ തീർത്തു. മാതൃഭൂമി ഇവന്റ്സും ക്ലബ്ബ് എഫ്.എമ്മും സംയുക്തമായി സംഘടിപ്പിച്ച പരിപാടി യുവതയെ ത്രസിപ്പിച്ചു. താരങ്ങൾ ജനങ്ങളുമായി സംവദിച്ചു.
‘ഒരുപാടു സന്തോഷം. കോഴിക്കോട് നൽകുന്ന സ്നേഹം അതിരില്ലാത്തതാണ്. സിനിമാ ഷൂട്ടിങ്ങിനായും അല്ലാതെയും ബീച്ചിൽ പലപ്രാവശ്യം വന്നിട്ടുണ്ട്. ഓരോ സന്ദർശനവും മനസ്സ് നിറയ്ക്കുന്നു’ -ടൊവിനോയുടെ വാക്കുകൾ കരഘോഷത്തോടെ ജനം ഏറ്റുവാങ്ങി.
ലാൽ ജൂനിയർ സംവിധാനംചെയ്ത നടികർ സിനിമയിലെ ഗാനങ്ങളുടെ റിലീസും ചൊവ്വാഴ്ച നടന്നു. ‘നാഴികക്കല്ലുകൾ, കിനാവുകൾ…’ ജനം ഗായകർക്കൊപ്പം പാടിത്തകർത്തു, ആടിത്തിമിർത്തു.
ഹണീബി, ഡ്രൈവിങ് ലൈസൻസ് എന്നീ സൂപ്പർഹിറ്റുകൾക്കുശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന നടികർ ഗോഡ് സ്പീഡ് ആൻഡ് മൈത്രി മൂവി മേക്കേഴ്സിന്റെ ബാനറിൽ നവീൻ യേർനേനി, വൈ. രവിശങ്കർ, അലൻ ആന്റണി, അനൂപ് വേണുഗോപാൽ എന്നിവരാണ് നിർമിക്കുന്നത്. ആൻ മെഗാ മീഡിയ ചിത്രം പ്രദർശനത്തിനെത്തിക്കും. ബിഗ് ബജറ്റിലൊരുങ്ങിയ സിനിമയിൽ ടൊവിനോ തോമസാണ് കേന്ദ്രകഥാപാത്രമായ ഡേവിഡ് പടിക്കൽ എന്ന സൂപ്പർതാരമായെത്തുന്നത്. സിനിമ പശ്ചാത്തലമാക്കിയാണ് നടികർ കഥ പറയുന്നത്.
മാതൃഭൂമി ഡയറക്ടർ (ഓപ്പറേഷൻസ്) ദേവികാ ശ്രേയാംസ്കുമാർ, ജനറൽ മാനേജർ (പബ്ലിക് റിലേഷൻസ്) കെ.ആർ. പ്രമോദ് തുടങ്ങിയവരും പങ്കെടുത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]