
നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന ‘കൽക്കി 2898 എഡി’ എന്ന ചിത്രത്തിലെ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടുകൊണ്ട് അണിയറപ്രവർത്തകർ. മധ്യപ്രദേശിലെ നേമാവർ എന്ന സ്ഥലത്തുവച്ചാണ് നിറഞ്ഞ സദസ്സിന്റെയും മാധ്യമങ്ങളുടെയും സാന്നിധ്യത്തിൽ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ ടീസർ അനാച്ഛാദനം ചെയ്തത്. മഹാഭാരതത്തിലെ ചിരഞ്ജീവിയായ അശ്വത്ഥാമാവ് എന്ന കഥാപാത്രത്തെയാണ് ബച്ചൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ബച്ചന്റെ വ്യത്യസ്തമായ ഗെറ്റപ്പും ഡീ-ഏജിംഗ് ടെക്നോളജി ഉപയോഗിച്ചുള്ള ചെറുപ്പകാലത്തെ വേഷവും ടീസറിൽ കാണാം.
മഹാഭാരതത്തിലെ പ്രധാന കഥാപാത്രങ്ങളിൽ ഒരാളായിരുന്ന അശ്വത്ഥാമാവ് ഇന്നും മധ്യപ്രദേശിലെ നേമാവറിൽ ജീവിച്ചിരിപ്പുണ്ട് എന്നാണ് ഐതിഹ്യം. അതിനാലാണ് ബച്ചന്റെ കഥാപാത്രത്തിന്റെ വിവരങ്ങൾ പുറത്തുവിടാൻ അതേ സ്ഥലം തിരഞ്ഞെടുത്തത്. തുടർന്ന് അമിതാഭ് ബച്ചനും ട്വിറ്ററിലൂടെ ഇത്തരമൊരു വേഷം അവതരിപ്പിക്കാനായതിന്റെ സന്തോഷം പങ്കുവച്ചു.
നേരത്തെ മഹാശിവരാത്രി വേളയിൽ ചിത്രത്തിലെ നായകനായ സൂപ്പർസ്റ്റാർ പ്രഭാസിന്റെ കഥാപാത്രത്തിന്റെ പേര് ‘ഭൈരവ’ എന്നാണെന്ന് അണിയറപ്രവർത്തകർ മാധ്യമങ്ങളോട് അറിയിച്ചിരുന്നു. പ്രഭാസിനെയും ബച്ചനെയും കൂടാത, കമൽഹാസൻ, ദീപിക പദുക്കോൺ, ജൂനിയർ എൻടിആർ, വിജയ് ദേവരക്കൊണ്ട, ദുൽഖർ സൽമാൻ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്ന ഈ സയൻസ് ഫിക്ഷൻ ഫാന്റസി ചിത്രം നാഗ് അശ്വിനാണ് സംവിധാനം ചെയ്യുന്നത്. വൈജയന്തി മൂവീസിന്റെ ബാനറിൽ സി അശ്വിനി ദത്താണ് ‘കൽക്കി 2898 എഡി’ നിർമ്മിക്കുന്നത്. പുരാണങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഭാവിയെ തുറന്നുകാണിക്കുന്ന ഒരു സയൻസ് ഫിക്ഷനാണ് ‘കൽക്കി 2898 എഡി’ എന്നാണ് റിപ്പോർട്ട്.
തമിഴകത്തെ നിരവധി ഹിറ്റ് ഗാനങ്ങൾക്ക് സംഗീതം നൽകിയ സന്തോഷ് നാരായണനാണ് ‘കൽക്കി 2898 എഡി’യുടെയും പാട്ടുകൾ ഒരുക്കുക. സാൻ ഡീഗോ കോമിക്-കോണിൽ കഴിഞ്ഞ വർഷം നടന്ന തകർപ്പൻ അരങ്ങേറ്റത്തിന് ശേഷം ആഗോളതലത്തിൽ ശ്രദ്ധയാകർഷിച്ച ഈ ചിത്രം വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ നോക്കികാണുന്നത്. പി.ആർ.ഒ: ആതിര ദിൽജിത്ത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]