
രണ്ട് ആഴ്ചയായി ഇൻസ്റ്റഗ്രാം റീൽസ് നോക്കിയാൽ ഒരു പഴയ തമിഴ് സിനിമാഗാനം കേൾക്കാതെ കടന്നുപോകാൻ സാധിക്കില്ല. 58 വർഷം മുൻപ് റിലീസായ അൻപേ വാ എന്ന ചിത്രത്തിലെ ‘രാജാവിൻ പാർവെയ് റാണിയിൻ പക്കം’ എന്ന ഗാനം. ഡാൻസ്, ട്രാവൽ, മോഷൻ, കണ്ടന്റ് സെലിബ്രിറ്റി അങ്ങനെ എല്ലാത്തരം വീഡിയോകളുടെയും ബാക്ക്ഗ്രൗണ്ടിൽ ഈ ഗാനം വ്യാപകമായി ഉപയോഗിക്കപ്പെടുന്നു. അത്രമേൽ യുവതലമുറ ഈ ഗാനം ഏറ്റെടുത്തു.
പഴയ ഗാനങ്ങൾ പുതിയ ചിത്രങ്ങളിൽ ഉപയോഗിക്കുന്ന ട്രെൻഡ് അടുത്തകാലത്തായി തമിഴിൽ ഉണ്ട്. എന്നാൽ ഇത് അത്തരത്തിൽ ഹിറ്റായതല്ല എന്നതാണ് കൗതുകം. റീൽസിൽ സജീവമായ കുറച്ച് ക്രിയേറ്റേഴ്സ് ആദ്യം ഉപയോഗിച്ചു തുടങ്ങിയ ഗാനം പിന്നീട് വ്യാപകമായി ഉപയോഗിക്കപ്പെടുകയായിരുന്നു. നൂറുകണക്കിന് റീലുകളാണ് ഈ പാട്ടിന്റെ അകമ്പടിയോടെ പോസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നത്. വലിയൊരു വിഭാഗം മലയാളികളും ഇതിൽ ഉൾപ്പെടുന്നു. ഇതോടെ യുട്യൂബിലും പാട്ടിന് പതിനായിരക്കണക്കിന് പുതിയ കാഴ്ചക്കാരെയാണ് ലഭിച്ചത്. യുട്യൂബ് വീഡിയോയുടെ അടിയിൽ വരുന്ന കമന്റുകൾ ശ്രദ്ധിച്ചാൽ മനസ്സിലാകും, പുതിയ കാഴ്ചക്കാരിൽ ഭൂരിഭാഗവും റീൽസ് കണ്ട് വന്നവരാണെന്ന്.
അന്നും ഹിറ്റ്
എ.വി.എം. പ്രൊഡക്ഷനിൽ എ.സി.തിരുലോക്ചന്ദർ സംവിധാനംചെയ്ത് 1966-ൽ പുറത്തിറങ്ങി അൻപേ വാ ചിത്രത്തിലെ ഗാനം അന്നും വലിയ ഹിറ്റായിരുന്നു. എം.എസ്.വിശ്വനാഥൻ സംഗീതംചെയ്ത ഗാനത്തിന്റെ വരികളെഴുതിയത് വാലിയാണ്. ടി.എം.സൗന്ദരരാജനും പി.സുശീലയും ചേർന്നാണ് ആലപിച്ചത്. എം.ജി.ആറും സരോജാദേവിയും ദേവലോകത്ത് പാറിപ്പറന്നുനടക്കുന്ന ദൃശ്യങ്ങൾ കൂടി ചേർന്നതോടെ പാട്ട് സൂപ്പർഹിറ്റ്. സിനിമയിലെ ബാക്കി ഗാനങ്ങൾ എല്ലാം ചെയ്തശേഷം മറ്റൊരു പാട്ടുകൂടി വേണമെന്ന് ആവശ്യം വന്നപ്പോൾ വളരെ ചുരുങ്ങിയ സമയത്തിൽചെയ്ത ഗാനമാണ് ‘രാജാവിൻ പാർവെയ്’ എന്നും ഒരു കഥയുണ്ട്.
മലയാള ചിത്രത്തിലും
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
2004-ൽ പുറത്തിറങ്ങിയ വാമനപുരം ബസ് റൂട്ട് എന്ന മലയാള ചിത്രത്തിൽ ഈ ഗാനം വരികളും സംഗീതവും മാറ്റാതെ ഉപയോഗിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. യഥാർഥ പാട്ടിന്റെ ദൃശ്യങ്ങൾക്ക് സമാനമായ രീതിയിൽ ചിത്രീകരിച്ച ഇതിൽ മോഹൻലാലും ലക്ഷ്മി ഗോപാലസ്വാമിയുമാണ് അഭിനയിച്ചത്. പാടിയത് എസ്.പി.ബാലസുബ്രഹ്മണ്യവും കെ.എസ്.ചിത്രയും ചേർന്ന്.