വേദിയില്‍ പാടുന്നതിനിടെ സെല്‍ഫിയെടുക്കാന്‍ എത്തിയ ആരാധികമാരെ ചുംബിച്ച വിവാദത്തില്‍ വിശദീകരണവുമായി ഗായകന് ഉദിത് നാരായണ്‍. ആരാധകര്‍ സ്നേഹംകൊണ്ട് ഉന്മാദികളെ പോലെ പെരുമാറുമെന്നും അതിനെ അനാവശ്യമായി വിവാദമാക്കുകയാണ് സാമൂഹികമാധ്യമങ്ങള്‍ ചെയ്യുന്നതെന്നും ഉദിത് ആരോപിച്ചു. ഈ ആഴ്ച എക്സിലൂടെ പങ്കുവയ്ക്കപ്പെട്ട് വൈറലായ വീഡിയോ ഏതുപരിപാടിയില് നിന്ന് എടുത്തതാണെന്ന് വ്യക്തമല്ല. എന്തായാലും സംഭവം വിവാദമായതോടെയാണ് ഗായകന് വിശദീകരണവുമായി രംഗത്തെത്തിയത്.
‘ആരാധകര്‍ ചിലനേരം ഉന്മാദികളെ പോലെയാണ്. അത് സ്വാഭാവികമാണ്. പക്ഷേ ഞങ്ങള്‍ അത്തരം മനുഷ്യരല്ല, ഞങ്ങള്‍ മാന്യന്മാരാണ്. ചിലര്‍ ഇത്തരം സ്നേഹപ്രകടനങ്ങള്‍, ചുംബിക്കുന്നതടക്കം പ്രോത്സാഹിപ്പിക്കാറുണ്ട്. അവര്‍ അങ്ങനെയാണ് സ്നേഹം പ്രകടിപ്പിക്കുക. അതിന്റെ പേരില്‍ ഇത്രവലിയ വിവാദം ഉണ്ടാക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സദസ്സില്‍ ഒരുപാട് ആളുകളുണ്ടാവും, ഞങ്ങളുടെയൊപ്പം സുരക്ഷാജീവനക്കാരും ഉണ്ടാകും. അതിനിടയില്‍ വീണുകിട്ടുന്ന ഇത്തരം നിമിഷങ്ങള്‍ ആരാധകര്‍ അവരുടേതായ രീതിയില്‍ ആഘോഷമാക്കുന്നതില്‍ എന്താണ് തെറ്റ്,’ ഉദിത് ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തില്‍ ചോദിക്കുന്നു.
‘ഇത്തരം വേദികളില്‍ മാത്രമാണ് ആരാധകര്‍ക്ക് നമ്മളെ അടുത്ത് കാണാനുള്ള അവസരം ലഭിക്കുക. അപ്പോള്‍ അവര്‍ ആരാധനയുടെയും ആഘോഷത്തിന്റെയും ഉന്മാദാവസ്ഥയില് ആയിരിക്കും. അവരുടെ ആരാധനാപാത്രത്തെ കാണാനും ഒന്ന് തൊടാനുമൊക്കെ അവര്‍ ആഗ്രഹിക്കും. ചിലര്‍ക്ക് ഒന്ന് തൊട്ടാല്‍മതി, ചിലര്‍ കൈയില്‍ ചുംബിക്കും. അവസരം കിട്ടിയാല്‍ ചിലര്‍ കെട്ടിപ്പിടിക്കും ഉമ്മവെക്കും. ഇതൊക്കെ ആരാധകരുടെ ഓരോതരം ഭ്രാന്തുകളാണ്. അതിനൊന്നും ഇത്രയും ശ്രദ്ധ കൊടുക്കേണ്ട ആവശ്യമില്ല, കൊടുക്കുകയും അരുത്,’ ഉദിത് പറഞ്ഞു.
അതേസമയം, സാമൂഹികമാധ്യമങ്ങളില്‍ ഇതുസംബന്ധിച്ച് വലിയ ചര്‍ച്ചയാണ് നടന്നുകൊണ്ടിരിക്കുന്നത്. ഗായകനെ അനുകൂലിച്ചും പ്രതികൂലിച്ചും വീഡിയോ ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ഉദിത് നാരായണില്‍ നിന്നും ഇത്തരത്തിലുള്ള ഒരു പ്രവര്‍ത്തി പ്രതീക്ഷിച്ചില്ലെന്നും ഒരു പൊതുവിടത്തില്‍ പരിപാടി അവതരിപ്പിക്കുമ്പോള്‍ പാലിക്കേണ്ട സാമാന്യമര്യാദ പോലും ഗായകന് കാണിച്ചില്ലെന്നും നെറ്റിസണ്‍സ് പറയുന്നു. വീഡിയോ അങ്ങേയറ്റം വെറുപ്പുളവാക്കുന്നതാണ് എന്നും എ.ഐ. ഉപയോഗിച്ച് നിര്‍മിച്ചതാണോ എന്നുവിചാരിച്ചുവെന്നും നീളുന്നു കമന്റുകള്‍.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]