അഭിനയിച്ച സിനിമകളെക്കാളും വ്യക്തിജീവിതത്തിലെ സംഭവവികാസങ്ങള്‍ കൊണ്ട് വാര്‍ത്തകളില്‍ നിറയുന്ന ആളാണ് അര്ജുന് കപൂര്‍. മലൈകാ അറോറയുമായുള്ള പ്രണയബന്ധത്തിന്റെ പേരിലാണ് അര്ജുന് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ നിറഞ്ഞിട്ടുള്ളത്. ഇരുവരും ബ്രേക്കപ്പ് ആയതോടെ അതിനെക്കുറിച്ച് ചോദിച്ചാണ് പാപ്പരാസികള്‍ ഇപ്പോള്‍ അര്‍ജുന്റെ പുറകെ കൂടിയിരിക്കുന്നത്. പുതിയ ചിത്രത്തിന്റെ ട്രെയിലര്‍ ലോഞ്ചിന് എത്തിയപ്പോഴും പാപ്പരാസികള്‍ ബ്രേക്കപ്പിനെപ്പറ്റിയും കല്യാണത്തെപ്പറ്റിയുമൊക്കെ ചോദിച്ചുതുടങ്ങിയതോടെ കുറിക്ക് കൊള്ളുന്നപടി അര്ജുന് കൊടുത്ത മറുപടിയാണ് ഇപ്പോള്‍ താരത്തെ വൈറലാക്കിയിരിക്കുന്നത്.
‘പതി പത്നി ഓര് വോ’ (2019), ‘ഖേല്‍ ഖേല്‍ മെയ്ന്‍’ (2024) എന്നീ ചിത്രങ്ങളുടെ സംവിധായകനായ മുദ്ദസര്‍ അസീസിന്റെ ഏറ്റവും പുതിയ ചിത്രമാണ് ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ (എന്റെ ഭര്‍ത്താവിന്റെ ഭാര്യ) . ഹാസ്യത്തിന് പ്രാധാന്യം കൊടുത്തുകൊണ്ടുള്ള ചിത്രത്തില്‍ രാകുല്‍ പ്രീത് സിങ്, ഭൂമി പഡ്നേക്കര്‍ എന്നിവരാണ് നായികമാരായി എത്തുന്നത്. ചിത്രത്തിന്റെ ട്രെയിലര്‍ റിലീസിനെത്തിയ അര്‍ജുനോട് കല്യാണത്തെപ്പറ്റിയുള്ള ചോദ്യങ്ങള്‍ ചോദിച്ചുതുടങ്ങിയതോടെയാണ് താരത്തിന്റെ രസകരമായ മറുപടി എത്തിയത്, ‘എന്റെ ഭാര്യയെപ്പറ്റിയല്ല, ഇപ്പോള്‍ നമുക്ക് ‘എന്റെ ഭര്‍ത്താവിന്റെ ഭാര്യ’യെപ്പറ്റി സംസാരിക്കാം,’ എന്നാണ് താരം പറഞ്ഞത്.
സിനിമയുമായി ബന്ധപ്പെട്ട പരിപാടികള്‍ക്ക് വരുമ്പോള്‍ ദയവുചെയ്ത് ആ സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ വേണം ചോദിക്കാനെന്നും സ്വകാര്യ ജീവിതത്തില്‍ എന്തെങ്കിലും നടന്നാല്‍ അത് പ്രത്യേകമായിതന്നെ അറിയിക്കാമെന്നും അര്ജുന് വ്യക്തമാക്കി. ‘എന്റെ ജീവിതത്തില്‍ വിവാഹവുമായി ബന്ധപ്പെട്ട എന്തെങ്കിലും സംഭവിച്ചാല്‍ ഞാന്‍ തന്നെ അതിനെക്കുറിച്ച് നിങ്ങളെ അറിയിക്കാം. ഇന്ന് ഈ സിനിമയെപ്പറ്റി വേണം നമ്മള് സംസാരിക്കാന്‍. എനിക്ക് ഈ സിനിമയെപ്പറ്റി സംസാരിച്ചേ മതിയാകൂ. ഞാന്‍ നന്നായിരിക്കുന്ന സമയത്തൊക്കെ നിങ്ങളുടെ ഇത്തരം ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിട്ടുണ്ട്, ഇപ്പോള്‍ പക്ഷേ എന്റെ വ്യക്തിജീവിതത്തെപ്പറ്റി സംസാരിക്കേണ്ട സമയമല്ല,’ അര്ജുന് പറഞ്ഞു.
‘എന്നെ സംബന്ധിച്ചിടത്തോളം, ഈ നിമിഷം, നമ്മള് സംസാരിക്കേണ്ടത് എന്റെ ഭാര്യയെപ്പറ്റിയല്ല, ‘എന്റെ ഭര്‍ത്താവിന്റെ ഭാര്യ’യെപ്പറ്റിയാണ്. എന്റെ ഭാര്യയെപ്പറ്റി സംസാരിക്കേണ്ട സമയം വരുമ്പോള്‍ നമുക്ക് അതിനെപ്പറ്റി സംസാരിക്കാം. ഇപ്പോള്‍ അത് വേണ്ട,’ അര്ജുന് പറഞ്ഞു. അതേസമയം, അര്ജുന് ശരിക്കും വിഷയം മാറ്റിയതാണോ അതോ വിവാഹം ഉടന്‍ ഉണ്ടാകും എന്നത് സംബന്ധിച്ച സൂചന നല്കിയതാണോ എന്ന് കണ്‍ഫ്യൂഷനിലാണ് ചില ആരാധകര്‍. ഫെബ്രുവരി 21-നാണ് ‘മേരെ ഹസ്ബന്‍ഡ് കി ബീവി’ തിയേറ്ററുകളില്‍ എത്തുക.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]