നിരൂപകപ്രശംസയും പ്രേക്ഷകപ്രശംസയും ഒരുപോലെ നേടിയ ചിത്രമാണ് രാജീവ് കപൂറിന്റെ സംവിധാനത്തില്‍ 1996-ല്‍ പുറത്തിറങ്ങിയ ‘പ്രേം ഗ്രന്ഥ്’. തോമസ് ഹാര്‍ഡിയുടെ ടെസ് ഓഫ് ദി ഉബര്വില്ലെസ് എന്ന നോവലിനെ അടിസ്ഥാനമാക്കി എടുത്ത സിനിമയില്‍ മാധുരി ദീക്ഷിതും റിഷി കപൂറുമാണ് പ്രധാനവേഷങ്ങളില്‍ എത്തിയത്. 90-കളില്‍ ഇത്തരത്തില്‍ ഒരു വിഷയം പ്രതിപാദിക്കുന്ന സിനിമ എടുക്കാന്‍ രാജീവ് കപൂര്‍ കാണിച്ച ധൈര്യത്തെ അഭിനന്ദിക്കുന്നതിനൊപ്പം എല്ലാവരും എടുത്തുപറഞ്ഞ പ്രകടനമായിരുന്നു മാധുരിയുടേത്. ചിത്രത്തിലെ ബലാത്സംഗരംഗം ഒരുപോലെ വിമര്‍ശനത്തിനും ആരാധനയ്ക്കും മാധുരിയെ പാത്രമാക്കി.
ആ സീനില്‍ മാധുരിക്കൊപ്പം അഭിനയിച്ച് അനുഭവം തുറന്നുപറയുകയാണ് ബോളിവുഡിലെ മുതിര്‍ന്ന നടന് ഗോവിന്ദ് നാംദേവ്. ഒരു തുടക്കക്കാരന്റെ ഭയവും ഉള്ളില്‍വെച്ചാണ് ആ രംഗം ചെയ്തതെന്നും എന്നാല്‍ മാധുരിയുടെ പിന്തുണയും അവര്‍ തന്ന ധൈര്യവുമാണ് ആ സീന്‍ അത്രയും മികച്ചതാകാന്‍ കാരണമെന്നും ഗോവിന്ദ് പറയുന്നു. ഹിന്ദി റഷ് എന്ന മാധ്യമത്തോട് സംസാരിക്കവേയാണ് ഗോവിന്ദ് പഴയ ഓര്‍മകളില്‍ വാചാലനായത്. ആ രംഗം കഴിയുന്നതോടെ മാധുരിയുമായി ഉണ്ടായിരുന്ന നല്ല ബന്ധം നശിക്കുമെന്നാണ് പേടിച്ചിരുന്നതെന്നും എന്നാല്‍ അതിനുശേഷം താന്‍ മാധുരിയുടെ വലിയ ആരാധകനായി മാറുകയാണ് ഉണ്ടായതെന്നും ഗോവിന്ദ് പറയുന്നു.
‘ജോലിയുടെ കാര്യത്തില്‍ എന്നെ മാധുരിയുടെ ആരാധനകനാക്കിയ സംഭവമായിരുന്നു അത്. സിനിമാ മേഖലയില്‍ പുതിയ ആളാവുകയും ആദ്യംതന്നെ ഇത്തരം ഒരു രംഗം അഭിനയിക്കേണ്ടിവരികയും ചെയ്യുക എന്നത് വലിയ വെല്ലുവിളിയായിരുന്നു. മാധുരിയുമായുള്ള നല്ല ബന്ധം നഷ്ടപ്പെടുമോ എന്നുപോലും ഞാന്‍ ഭയപ്പെട്ടു. എന്നാല്‍ ഭയവും ആശങ്കയും നിറഞ്ഞുനില്ക്കുന്ന ഒരു പുതുമുഖത്തിന് മാധുരിയെ പോലെ ഉയര്‍ന്ന നിലയിലുള്ള ഒരു അഭിനേതാവിന്റെ അടുത്ത് നിന്നും അത്രയും സഹകരണവും പിന്തുണയും ലഭിക്കുകയാണെങ്കില്‍ നമുക്ക് നമ്മുടെ കഴിവിന്റെ നൂറുശതമാനവും നല്‍കാനാവും,’ ഗോവിന്ദ് വ്യക്തമാക്കുന്നു.
‘സാധാരണയായി അങ്ങനെ സംഭവിക്കാറില്ല, മാധുരി അത്രയും തിളങ്ങിനില്‍ക്കുന്ന സമയമാണ്. അവര്‍ക്ക് എന്നെ നോക്കേണ്ട ആവശ്യമേയില്ല, എന്നാല്‍ അവര്‍ എനിക്ക് വേണ്ട എല്ലാ പിന്തുണയും ധൈര്യവും നല്കി. മാധുരിയുടെ മുന്നില്‍ കൈകള്‍ കെട്ടിനിന്ന് ഞാന്‍ പറയുമായിരുന്നു, ‘ഞാനിത് ചെയ്യാന്‍ പോകുകയാണ്’. അപ്പോള്‍ അവര്‍ പറയും, ‘ശരി, ഓക്കേ..’ എന്ന്. 100 ശതമാനവും പ്രൊഫഷണലായ അവരുടെ സമീപനമാണ് എന്നെ അദ്ഭുതപ്പെടുത്തിയത്. എന്നിട്ടും എന്റെ ഭയം മാറിയില്ല, എന്തെങ്കിലും അങ്ങോട്ടോ ഇങ്ങോട്ടോ ആയിപ്പോകുമോ, അവരെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ എന്തെങ്കിലും സംഭവിക്കുമോ എന്നൊക്കെ ഞാന്‍ ഭയന്നിരുന്നു,’ ഗോവിന്ദ് പറയുന്നു.
‘മാധുരി അന്ന് ഒന്നാം നമ്പര്‍ നായികയാണ്, അവര്‍ക്ക് ഞാന്‍ മൂലം ബുദ്ധിമുട്ടുണ്ടാകുമോ. അവരുടെ പേരിന് കളങ്കം വരുമോ എന്നൊക്കെ ഭയന്നിരുന്നു. അതിനേക്കാളുപരി, അവരും ഞാനും തമ്മില്‍ ഉണ്ടായ നല്ല സൗഹൃദത്തിന് ദോഷം സംഭവിക്കുമോ എന്നുവരെ ഞാന്‍ ഭയപ്പെട്ടു. പക്ഷേ, അവരുടെ അനുഭവസമ്പത്തും എന്നോടുള്ള സമീപനവും എല്ലാം നന്നായി കൊണ്ടുവന്നു. പ്രശ്നങ്ങളൊന്നുമില്ലാതെ ആ സീന്‍ ഷൂട്ട് ചെയ്തു തീര്‍ക്കാന്‍ സാധിച്ചു. അതിന് ഞാൻ മാധുരിയോട് കടപ്പെട്ടിരിക്കുന്നു,’ ഗോവിന്ദ് പറയുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]