
ലിജോ ജോസ് പെല്ലിശ്ശേരി-മോഹൻലാൽ ചിത്രം മലൈക്കോട്ടൈ വാലിബനെ പ്രശംസിച്ച് നടി മഞ്ജു വാര്യർ. ഫെയ്സ്ബുക്കിലൂടെയാണ് അവർ ചിത്രത്തേയും സംവിധായകനേയും നായകനേയും അഭിനന്ദിച്ചത്. ലിജോ ജോസ് പെല്ലിശ്ശേരിക്ക് മാത്രം ചെയ്യാനാവുന്ന ഒന്ന് എന്നാണ് മഞ്ജുവാര്യർ ചിത്രത്തേക്കുറിച്ച് എഴുതിയത്. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്താണ് കൂടുതൽ പറയേണ്ടതെന്നും അവർ ചോദിക്കുന്നു.
ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
“സിനിമയിൽ സൃഷ്ടിച്ചെടുക്കാൻ പ്രയാസമുള്ള രണ്ട് കാര്യങ്ങളാണ് നർമവും ഫാന്റസിയും. അതിലെ അയുക്തികളാണ് അതിന്റെ സൗന്ദര്യം. ഗന്ധർവനും യക്ഷിയുമൊക്കെ നമ്മുടെ കഥാപരിസരങ്ങളിൽ എപ്പോഴും ചുറ്റിത്തിരിയുന്നവരാണ്. അതിന്റെ യുക്തിഭദ്രത ചോദ്യം ചെയ്യുന്നതിൽ കഴമ്പുണ്ടെന്ന് തോന്നുന്നില്ല. ട്രെയിലർ കണ്ട ശേഷം ഒരു ഫാന്റസിയുടെ ലോകത്തേക്ക് പറക്കാനുള്ള മനസ്സുമായാണ് മലൈക്കോട്ടൈ വാലിബൻ കണ്ടത്.
ചതിയൻമാരായ മല്ലൻമാരും, കുബുദ്ധിക്കാരായ മന്ത്രിമാരും, ചോരക്കൊതിയൻമാരായ രാജാക്കൻമാരും, ക്രൂരൻമാരായ പടയാളികളും, ഒപ്പം നല്ലവരായ ജനങ്ങളും, നർത്തകരും, മയിലാട്ടക്കാരും, എല്ലാം പണ്ടെങ്ങോ വായിച്ചുമറന്ന ഒരു ചിത്രകഥയെ ഓർമ്മിപ്പിച്ചു. കടുംചായം കോരിയൊഴിച്ചൊരു കാൻവാസ് പോലെ ഭ്രമിപ്പിക്കുന്നു മധു നീലകണ്ഠന്റെ ഫ്രെയിമുകൾ. തിയറ്ററിൽ നിന്നിറങ്ങിയിട്ടും മനസ്സിൽ പെരുമ്പറകൊട്ടുന്ന പ്രശാന്ത് പിള്ളയൊരുക്കിയ പശ്ചാത്തല സംഗീതം. അഭിനയം കൊണ്ടും ആകാരം കൊണ്ടും വാലിബനിലേക്ക് കൂടുവിട്ടു കൂടുമാറിയ ലാലേട്ടനെപ്പറ്റി എന്തു കൂടുതൽ പറയാൻ!
വാലിബൻ ഒരു കംപ്ലീറ്റ് എൽ.ജെ.പി സിനിമയാണ്. ഇതിനു മുൻപ് അദ്ദേഹം എങ്ങനെ വ്യത്യസ്ത ആശയങ്ങളിലൂടെയും ചിത്രീകരണരീതികളിലൂടെയും നമ്മളെ വിസ്മയിപ്പിച്ചോ അതു വാലിബനിലും തുടരുന്നു. മലയാളത്തിൽ അദ്ദേഹത്തിനു മാത്രം ചെയ്യാനാവുന്ന ഒന്ന്.”
സൊണാലി കുൽക്കർണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠൻ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നത്.
ഷിബു ബേബി ജോൺ, അച്ചു ബേബി ജോൺ എന്നിവരുടെ നേതൃത്വത്തിലുള്ള ജോൺ ആൻഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്സ് ലാബ്, വിക്രം മെഹ്റ, സിദ്ധാർഥ് ആനന്ദ് കുമാർ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി എസ് റഫീക്കാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]