
നടന് വിജയും സംവിധായകനും പിതാവുമായ എസ്.എ ചന്ദ്രശേഖറും തമ്മിലുള്ള അസ്വാസര്യങ്ങള്‍ പരസ്യമായിട്ട് ഏതാനും നാളുകളായി. വിജയ്യുടെ പേരില്‍ ചന്ദ്രശേഖര്‍ ഒരു രാഷ്ട്രീയ സംഘടന ഉണ്ടാക്കാന്‍ ശ്രമിച്ചത് വലിയ വിവാദമായിരുന്നു. എന്നാല്‍ ഇതിനെതിരേ വിജയ് നിയമനടപടികള്‍ സ്വീകരിച്ചു. രാഷ്ട്രീയത്തില്‍ വിജയിന് ഒരു അടിത്തറയുണ്ടാക്കാനാണ് താന്‍ ശ്രമിച്ചതെന്നായിരുന്നു പിതാവിന്റെ വാദം. രാഷ്ട്രീയ പ്രവര്‍ത്തനത്തിന് തന്റെ പേരോ ചിത്രമോ ആരാധക സംഘടനയുടെ പേരോ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് വിജയ് ഹര്‍ജി സമര്‍പ്പിക്കുകയും തുടര്‍ന്ന് ചെന്നൈ സിറ്റി സിവില്‍ കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പാര്‍ട്ടി പിരിച്ചു വിട്ടുവെന്ന് ചന്ദ്രശേഖര്‍ വ്യക്തമാക്കുകയും ചെയ്തു.
വിജയുടെ ആരാധക സംഘടനയിലെ ഏതാനും ചില സംവിധായകരുമായും കടുത്ത അഭിപ്രായ വ്യത്യാസമുണ്ടെന്ന് ചന്ദ്രശേഖര്‍ നേരത്തെ വ്യക്തമായിക്കിയിട്ടുണ്ട്. ഇപ്പോള്‍ സംവിധായകന് ലോകേഷ് കനകരാജി നെയും ‘ലിയോ’ സിനിമയെയും പരോക്ഷമായി വിമര്‍ശിച്ച് രംഗത്ത് വരികയാണ് ചന്ദ്രശേഖര്‍. ലിയോയിലെ നരബലി രംഗങ്ങള്‍ പ്രേക്ഷകര്‍ അംഗീകരിക്കില്ലെന്നും രണ്ടാം പകുതിയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടെന്നും ചൂണ്ടിക്കാണിച്ചപ്പോള്‍ ലോകേഷ് ഫോണ്‍കോള്‍ കട്ട് ചെയ്തു എന്നാണ് ചന്ദ്രശേഖര്‍ ഒരു സിനിമയുമായി ബന്ധപ്പെട്ട ചടങ്ങിനിടെ വെളിപ്പെടുത്തിയത്. സംവിധായകന്റെയോ സിനിമയുടെയോ പേര് വെളിപ്പെടുത്തിയില്ലെങ്കിലും ചിത്രത്തിലെ ‘നരബലി’ രംഗത്തെക്കുറിച്ച് പരാമര്‍ശിച്ചപ്പോള്‍ അത് ലോകേഷ് കനകരാജിനെക്കുറിച്ചാണെന്ന് വ്യക്തമാവുകയാണ്.
വിജയ്യുടെ പിതാവിന്റെ വാക്കുകള്‍
വിജയ് യുടെ പിതാവ് എന്ന നിലയിലല്ല ഞാന്‍ കഥകള്‍ കേള്‍ക്കാറുള്ളത്. സാധാരണ പ്രേക്ഷകന് എന്ന നിലയില്‍ കേള്‍വിക്കാരനായി ഇരിക്കും. അതിനിടെ മനസ്സില്‍ വരുന്ന ചില ചോദ്യങ്ങളും സംശയങ്ങളും ചോദിക്കും. ഇപ്പോള്‍ തിരക്കഥകള്‍ക്ക് ആരും മര്യാദ കൊടുക്കുന്നില്ല. ഒരു നായകനെ കിട്ടിയാല്‍ മതി എന്ന അവസ്ഥയാണ്. പടം എങ്ങനെയെങ്കിലുമൊക്കെ എടുക്കും. ഇപ്പോഴുള്ള പ്രേക്ഷകനും നായകനെ കാണാനാണ് തിയറ്ററുകളില്‍ വരുന്നത്. അയാള്‍ക്ക് കഥയോ തിരക്കഥയോ പ്രശ്നമല്ല. അങ്ങനെ ആ ഹീറോ കാരണം പടം ഓടുന്നു, ചിലരൊക്കെ അതോടെ വലിയ സംവിധായകരായി മാറുകയും ചെയ്യും. എന്നാല്‍ അതേ സിനിമകള്‍ നല്ല തിരക്കഥകളോടെ വരുകയാണെങ്കില്‍ ഇരട്ടി വിജയം നേടാനാകും.
ഒരു സിനിമ യഥാര്‍ഥത്തില്‍ വിജയമാകണമെങ്കില്‍ ആദ്യം അതിന്റെ തിരക്കഥ നല്ലതായിരിക്കണം. എങ്കില്‍ ആര് അഭിനയിച്ചാലും ആ സിനിമ വിജയമായിരിക്കും. എന്റെ മകന്റെ കരിയറിലും ഇതുപോലെ എത്രയോ സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ‘തുള്ളാത മനവും തുള്ളും’ എന്ന സിനിമ വിജയ്യുടെ സിനിമാ ജീവിതത്തിലെ നാഴികക്കല്ലാണ്. ഇതുപോലൊരു പത്ത് സിനിമയേ ഉണ്ടാകുകയുള്ളൂ. അതില്‍ ഒന്നാണ് ‘തുള്ളാത മനവും തുള്ളും’. ഏതൊരു നടനും ഉയര്‍ന്നു വരാന്‍ കാരണം തിരക്കഥാകൃത്തുക്കളാണ്. അത് ഞാന്‍ എവിടെ വേണമെങ്കിലും വിളിച്ചു പറയും.
അടുത്തിടെ ഇറങ്ങിയ ഒരു ചിത്രം റിലീസിന് അഞ്ചു ദിവസം മുന്‍പ് കാണുവാന്‍ എനിക്ക് അവസരം ഉണ്ടായി. അതിന് പിന്നാലെ സംവിധായകനെ ഞാന്‍ ഫോണില്‍ വിളിച്ചു. ആദ്യ പകുതി നല്ലതാണെന്ന് പറഞ്ഞപ്പോള്‍ അതെല്ലാം കേള്‍ക്കാനുള്ള ക്ഷമ അദ്ദേഹം കാണിച്ചു. എന്നാല്‍ രണ്ടാം പകുതിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞു. അതോടെ അയാള്‍ പറഞ്ഞു, ‘സര് ഞാന്‍ ഭക്ഷണം കഴിക്കുകയാണ് പിന്നെ വിളിക്കാമെന്ന്’. ഞാന്‍ നല്ലതു പറഞ്ഞുകൊണ്ടിരുന്നപ്പോള്‍ ഭക്ഷണം കഴിക്കുന്ന കാര്യം പറഞ്ഞില്ല, എന്നാല്‍ സിനിമയെക്കുറിച്ച് മോശം പറഞ്ഞു തുടങ്ങിയതോടെ ഫോണ്‍ വെച്ചു പോയി.
സിനിമയുടെ രണ്ടാം പകുതിയില്‍ ചില ചടങ്ങുകളൊക്കെ കാണിക്കുന്നുണ്ട്. അതില്‍ ഒരു അച്ഛന് സമ്പത്തിനും കച്ചവടത്തിനും വേണ്ടി സ്വന്തം മക്കളെ ബലി കൊടുക്കാന്‍ ഒരുങ്ങുന്നു. സത്യത്തില്‍ ആരും അത് വിശ്വസിക്കില്ല. ആ ഭാഗം ചിലപ്പോള്‍ നന്നായി വരാന്‍ സാധ്യതയില്ല എന്നാണു ഞാന്‍ ആ വ്യക്തിയോട് പറഞ്ഞത്. ഇത് കേട്ടയുടനെ ‘പിന്നെ വിളിക്കാം’ എന്ന് പറഞ്ഞ് സംവിധായകന് ഫോണ്‍ വച്ചു. എന്നാല്‍ പിന്നീട് ഒരിക്കലും വിളിച്ചുമില്ല. തിയറ്ററില്‍ എത്തിയപ്പോള്‍ ആളുകള്‍ ഏറ്റവും കൂടുതല്‍ കുറ്റം പറഞ്ഞതും ഈ ഭാഗത്തെക്കുറിച്ചാണ്.
ഒരിക്കല്‍ മറ്റൊരു സംവിധായകന് കഥ പറയാന്‍ വന്നു. കഥ പറഞ്ഞു തീര്‍ന്ന ഉടന്‍ ഞാന്‍ എഴുന്നേറ്റ് അദ്ദേഹത്തെ കെട്ടിപ്പിടിച്ചു. നമ്മുടെ ‘തുപ്പാക്കി’ സംവിധായകന് (എ.ആര് മുരുഗദോസ്). അതിനു ശേഷം ഒരു അസിസ്റ്റന്റ് സംവിധായകന് എന്ന നിലയില്‍ ഞാനൊരു ചോദ്യം ചോദിച്ചു, ”സര്, കഥ നല്ലതാണ്. ഇതില്‍ സ്ലീപ്പര്‍ സെല്സിനെക്കുറിച്ച് പറയുന്നുണ്ട്. സാധാരണ ജനങ്ങള്‍ക്ക് സ്ലീപ്പല്‍ സെല്‍സ് എന്നാല്‍ മനസ്സിലാകുമോ. അന്ന് അദ്ദേഹം മറുപടിയൊന്നും പറയാതെ തിരിച്ചുപോയി. പക്ഷേ സിനിമയിലെ ഒരു രംഗത്തില്‍ എന്താണ് സ്ലീപ്പര്‍ സെല്‍സ് എന്നു കാണിക്കുന്ന ഒരു ഭാഗം തന്നെ മുരുകദോസ് എടുത്തുവച്ചിരുന്നു. ഇത്ര വലിയ സംവിധായകന് തന്നെ ഞാന്‍ പറഞ്ഞത് മനസ്സില്‍ വച്ച്, എന്നോടു പറയാതെ അത് തിരക്കഥയില്‍ ഉള്‍പ്പെടുത്തി. അതാണ് അദ്ദേഹത്തിന്റെ പക്വത, അതുതന്നെയാണ് വിജയത്തിനു കാരണവും.
എല്ലാവരും ഇതുപോലെയാകണം. നല്ല തിരക്കഥയോടെ വരൂ. ഇപ്പോള്‍ സംവിധായകര്‍ തന്നെയാണ് കഥയും തിരക്കഥയുമൊക്കെ ചെയ്യുന്നത്. പണ്ടൊക്കെ പത്ത് തല വെട്ടുന്നവനെ വില്ലന്‍ എന്നു വിളിക്കുമായിരുന്നു. ഇന്ന് അതേ കാര്യം നായകനെകൊണ്ട് ചെയ്യിക്കുന്നു. ഇതൊക്കെ ആഘോഷിക്കുമ്പോള്‍ എന്ത് സന്ദേശമാണ് നാം പുതിയ തലമുറയ്ക്ക് നല്‍കുന്നത്. കാരണം താരങ്ങളെ പിന്തുടരുന്നവരാണ് ഇന്നത്തെ തലമുറ. അവര്‍ ഇടുന്ന ഷര്‍ട്ട് ധരിക്കുന്നു. ഹെയര്‍ സ്റ്റൈല്‍ വരെ വയ്ക്കുന്നു. നിങ്ങളോട് അപേക്ഷിക്കുകയാണ്, നല്ല വിഷയങ്ങള്‍ മാത്രം സിനിമയാക്കൂ. സമൂഹത്തിനു ഗുണകരമാകുന്ന സിനിമകള്‍ ചെയ്യൂ. എംജിആര്‍ ഏതെങ്കിലും സിനിമകളില്‍ മദ്യപിച്ചുകണ്ടിട്ടുണ്ടോ? അദ്ദേഹത്തെ കോടാനുകോടി മനുഷ്യര്‍ പിന്തുടരുന്നത് അറിയാവുന്നതുകൊണ്ടാണ് അങ്ങനെ ചെയ്യാതിരുന്നത്- ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.
അതേ സമയം വിജയ് നേതൃത്വം നല്കുന്ന രാഷ്ട്രീയപാര്‍ട്ടി രൂപവത്കരണത്തിനുള്ള നടപടികള്‍ ഊര്‍ജ്ജിതമായി പുരോഗമിക്കുകയാണെന്നാണ് റിപ്പോർട്ട്. തിരഞ്ഞെടുപ്പ് കമ്മീഷനില്‍ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്നതിന് മുന്നോടിയായി 200-ഓളം അംഗങ്ങളുള്ള ജനറല്‍ കൗണ്‍സില്‍ യോഗം ചേര്‍ന്നു. പാര്‍ട്ടിയുടെ അധ്യക്ഷനായി വിജയ് തിരഞ്ഞെടുക്കപ്പെട്ടെന്നാണ് സൂചന.
ജനറല്‍ കൗണ്‍സില്‍ യോഗത്തിൽ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി, ട്രഷറര്‍ എന്നിവരെ നിയമിച്ചു. പാര്‍ട്ടി കേന്ദ്ര എക്സിക്യുട്ടീവ് കമ്മിറ്റിക്കും ജനറല്‍ കൗണ്‍സില്‍ യോഗം രൂപം നല്കി. പാര്‍ട്ടിയുടെ പേര് തീരുമാനിക്കാനും രജിസ്ട്രേഷന് നടത്താനും തുടര്‍ന്ന് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടക്കാനും നടന് വിജയിനെ യോഗം ചുമതലപ്പെടുത്തി.
2026-ലെ തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി വിജയ് രാഷ്ട്രീയപ്രവേശനം നടത്തുമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ പറയുന്നത്. തമിഴ്നാടിന്റെ പാരമ്പര്യത്തിന് ഉതകുന്ന പേരാകും പാര്‍ട്ടിക്ക് ഉണ്ടാകുകയെന്നും പേരിനൊപ്പം തീര്‍ച്ചയായും ‘കഴകം’ ഉണ്ടാകുമെന്നും വിജയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.
പതിറ്റാണ്ടുകളായി തമിഴ് സിനിമാലോകത്ത് നിറഞ്ഞുനില്ക്കുന്ന വിജയുടെ രാഷ്ട്രീയ മോഹങ്ങള്‍ക്ക് പത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ട്. 68 ചലച്ചിത്രങ്ങളില്‍ അഭിനയിച്ച വിജയ് തന്റെ ആരാധക കൂട്ടായ്മകള്‍ സജീവമായി നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, സൗജന്യ ഭക്ഷ്യവിതരണം, വിദ്യാഭ്യാസ സ്കോളര്‍ഷിപ്പ് വിതരണം, വായനശാലകള്‍, സായാഹ്ന ട്യൂഷന്, നിയമസഹായം തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് വിജയ് ഫാന്‍സ് തമിഴ്നാട്ടിലുടനീളം ചെയ്തുകൊണ്ടിരിക്കുന്നത്.
വിജയ് ആരാധകരുടെ സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പ് രാഷ്ട്രീയപാര്‍ട്ടിയാക്കി മാറ്റാന്‍ കഴിഞ്ഞ ദിവസമാണ് തീരുമാനിച്ചത്. ചെന്നൈക്ക് സമീപം പനയൂരില്‍ ചേര്‍ന്ന വിജയ് മക്കള്‍ ഇയക്കത്തിന്റെ നേതൃയോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]