പാലക്കാട് വടക്കതറയിലെ വ്യാസ വിദ്യ പീഠം സ്കൂൾ വളപ്പിൽ നിന്ന് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ കേസിൽ നിർണ്ണായക വഴിത്തിരിവ്. കല്ലേക്കാട് പൊടിപാറയിലുള്ള സുരേഷിന്റെ വീട്ടിൽ നിന്ന് കൂടുതൽ സ്ഫോടകവസ്തുക്കൾ പോലീസ് പിടിച്ചെടുത്തു.
സുരേഷ് ആർഎസ്എസ്-ബിജെപി പ്രവർത്തകനാണെന്ന് സിപിഐഎമ്മും കോൺഗ്രസും ആരോപിക്കുമ്പോൾ, ബിജെപി ഇത് നിഷേധിച്ചു. ഓഗസ്റ്റ് 20 ന് വൈകുന്നേരം വ്യാസ വിദ്യ പീഠം സ്കൂൾ പരിസരത്തുണ്ടായ സ്ഫോടനത്തിൽ പത്ത് വയസ്സുകാരനും ഒരു വയോധികക്കും പരിക്കേറ്റിരുന്നു.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെയുള്ളവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നൗഷാദ്, ഫാസിൽ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ ചോദ്യം ചെയ്തതിനെ തുടർന്നാണ് ഇന്ന് രാവിലെ സുരേഷിന്റെ വീട്ടിൽ പോലീസ് പരിശോധന നടത്തിയത്.
ഈ പരിശോധനയിൽ 24 ഇലക്ട്രിക് ഡിറ്റണേറ്ററുകളും 12 സ്ഫോടകവസ്തുക്കളും കണ്ടെടുത്തു. സുരേഷ് ബിജെപി പ്രവർത്തകനാണെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.
സിപിഐഎം ജില്ലാ സെക്രട്ടറി സുരേഷ് ബാബുവും ഡിസിസി പ്രസിഡന്റ് എ. തങ്കപ്പനും സുരേഷിന് ബിജെപി-ആർഎസ്എസ് ബന്ധമുണ്ടെന്നും കൂടുതൽ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.
എന്നാൽ, ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് സി. കൃഷ്ണകുമാർ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നും കേസിനും പ്രതിക്കും ബിജെപി-ആർഎസ്എസ് ബന്ധമില്ലെന്നും വ്യക്തമാക്കി.
കസ്റ്റഡിയിലുള്ളവരെ ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ ഉടൻ പൂർത്തിയാക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]