
ഇന്ത്യയ്ക്കും റഷ്യയ്ക്കുമെതിരായ പ്രകോപനം അവസാനിപ്പിക്കാതെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും റഷ്യയും ചേർന്ന് എന്താണ് ചെയ്യുന്നതെന്നത് താൻ കാര്യമാക്കുന്നില്ലെന്നും അവർക്കൊന്നിച്ച് അവരുടെ ‘ചത്ത’ സമ്പദ്വ്യവസ്ഥയെ (നിർജീവമായ സമ്പദ്വ്യവസ്ഥ) കൂടുതൽ താഴ്ചയിലേക്ക് കൊണ്ടുപോകാമെന്നും ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.
ഇന്ത്യയുമായി യുഎസിന് ചെറിയ വ്യാപാരബന്ധം മാത്രമാണുള്ളതെന്ന് പറഞ്ഞ ട്രംപ്, ലോകത്ത് ഏറ്റവും ഉയർന്ന ഇറക്കുമതി തീരുവ ഈടാക്കുന്ന രാജ്യമാണ് ഇന്ത്യയെന്ന തന്റെ വാദം ആവർത്തിച്ചു.
റഷ്യയുമായി യുഎസിന് ഇപ്പോൾ വ്യാപാര ബന്ധമില്ല. അതങ്ങനെ തുടരുമെന്നും ട്രംപ് പറഞ്ഞു.
മെദ്വദേവിനെതിരെ വെല്ലുവിളി
റഷ്യയുടെ മുൻ പ്രസിഡന്റും പുട്ടിൻ അനുകൂലിയും നിലവിൽ റഷ്യൻ സെക്യൂരിറ്റി കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ദിമിത്രി മെദ്വദേവിനെതിരെയും ട്രംപ് ആഞ്ഞടിച്ചു.
പരാജിതനായ പ്രസിഡന്റായിരുന്നു മെദ്വദേവ് എന്നു പറഞ്ഞ ട്രംപ്, അയാൾ അപകടകരമായ ടെറിട്ടറിയിലേക്കാണ് കടക്കുന്നതെന്നും ഇപ്പോഴും റഷ്യയുടെ പ്രസിഡന്റാണെന്നാണ് വിചാരമെന്നും പരിഹസിച്ചു. വാക്കുകൾ സൂക്ഷിക്കണമെന്ന് മെദ്വദേവിന് ട്രംപ് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
രണ്ടാഴ്ചയ്ക്കകം യുക്രെയ്നുമായി സമാധാനക്കരാർ ഉണ്ടാക്കിയില്ലെങ്കിൽ റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം ഏർപ്പെടുത്തുമെന്ന് കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നൽകിയിരുന്നു.
റഷ്യയ്ക്ക് സമയപരിധി കൽപിക്കുന്നതിലൂടെ ട്രംപ് വളരെ വലിയ തെറ്റാണ് ചെയ്യുന്നതെന്ന് മെദ്വദേവ് തിരിച്ചടിച്ചിരുന്നു. ട്രംപിന്റെ ഏറ്റവും പുതിയ വെല്ലുവിളിക്കെതിരെയും മെദ്വദേവ് പ്രതികരിച്ചു.
‘‘മുൻ റഷ്യൻ പ്രസിഡന്റ് ആയ എന്റെ വാക്കുകൾ പോലും ട്രംപിനെ അലോസരപ്പെടുത്തിയിട്ടുണ്ടെങ്കിൽ അതിനർഥം റഷ്യ ശരിയായ വഴിക്കുതന്നെ നീങ്ങുന്നുവെന്നാണ്. റഷ്യ അങ്ങനെതന്നെ മുന്നോട്ടു പോകും’’, മെദ്വദേവ് പറഞ്ഞു.
ഇന്ത്യ ‘ചത്ത’ സമ്പദ്വ്യവസ്ഥയല്ലെന്ന് കണക്കുകൾ
ഇന്ത്യയെയും റഷ്യയെയും ട്രംപ് ‘ചത്ത’ (നിർജീവ) സമ്പദ്വ്യവസ്ഥകളെന്ന് വിളിച്ചെങ്കിലും കണക്കുകൾ വ്യക്തമാക്കുന്നത് നേരെമറിച്ചാണ്.
∙ ജപ്പാനെ പിന്തള്ളി 4.19 ട്രില്യൻ ഡോളർ മൂല്യവുമായി ഇന്ത്യ ഈ വർഷം ലോകത്തെ 4-ാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി.
∙ ഇനി മുന്നിലുള്ളത് ജർമനി (4.74 ട്രില്യൻ), ചൈന (19.23 ട്രില്യൻ), അമേരിക്ക (30.50 ട്രില്യൻ) എന്നിവ മാത്രം.
∙ 2030ഓടെ ഇന്ത്യ 7.3 ട്രില്യൻ ഡോളർ മൂല്യവുമായി ജർമനിയെയും പിന്തള്ളി മൂന്നാമതാകുമെന്നാണ് വിലയിരുത്തൽ.
∙ 2014-15ൽ ഇന്ത്യയുടെ ജിഡിപി മൂല്യം 106.57 ട്രില്യൻ രൂപയായിരുന്നു.
2024-25ൽ അത് 331.03 ട്രില്യൻ രൂപയായി.
∙ ഇന്ത്യയിലേക്കുള്ള എഫ്ഡിഐ രണ്ടു ദശാബ്ദത്തിനിടെ 20 മടങ്ങ് വർധിച്ചു.
∙ ജിഡിപി വളർച്ചനിരക്ക് മെച്ചപ്പെടുകയും മേജർ (വലിയ) സമ്പദ്വ്യവസ്ഥകൾക്കിടയിൽ ഇന്ത്യ തുടർച്ചയായി ഒന്നാമതാവുകയും ചെയ്തു.
∙ കയറ്റുമതിമൂല്യം ഒരുദശാബ്ദത്തിനിടെ 468 ബില്യൻ ഡോളറിൽ നിന്ന് 825 ബില്യനിലെത്തി.
∙ വാണിജ്യ, സേവന കയറ്റുമതികൾ വൻതോതിൽ കൂടി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]