
ഡോളറിന്റെ കുതിച്ചുകയറ്റത്തെ തുടർന്ന് ഒരുമാസത്തെ താഴ്ചയിലേക്കു വീണ സ്വർണവിലയെ തിരിച്ചുകയറ്റാൻ ട്രംപിന്റെ ‘ചുങ്കക്കലി’. യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് അടിസ്ഥാന പലിശനിരക്ക് പ്രതീക്ഷിച്ചതുപോലെ നിലനിർത്തിയതിനെ തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം ഇന്നലെ വൻ മുന്നേറ്റം നടത്തിയിരുന്നു.
ഇതോടെ രാജ്യാന്തര സ്വർണവില ഔൺസിന് 3,335 ഡോളർ നിലവാരത്തിൽ നിന്ന് 3,268 ഡോളറിലേക്കും ഇടിഞ്ഞു.
എന്നാൽ, ഇന്ത്യയ്ക്കും ബ്രസീലിനുംമേൽ ട്രംപ് കടുത്ത ഇറക്കുമതിച്ചുങ്കം പ്രഖ്യാപിക്കുകയും ചൈനയും യുഎസും തമ്മിലെ വ്യാപാര ചർച്ച പൊളിയുകയും ചെയ്തതോടെ ഡോളർ വീണ്ടും താഴേക്കുനീങ്ങി. ഇതോടെ, രാജ്യാന്തര സ്വർണവില കരകയറ്റവും തുടങ്ങി.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,295 ഡോളറിൽ.
കേരളത്തിൽ വിലയിടിഞ്ഞു
ആഭരണപ്രിയർക്ക് ആശ്വാസം പകർന്ന് കേരളത്തിൽ ഇന്നു സ്വർണവില താഴ്ന്നു. ഗ്രാമിന് 40 രൂപ കുറഞ്ഞ് വില 9,170 രൂപയും പവന് 320 രൂപ താഴ്ന്ന് 73,360 രൂപയുമായി.
ഇന്നലെ ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയിരുന്നു. ഇന്നു കേരളത്തിൽ വില ഇതിലുമേറെ ഇടിയേണ്ടതായിരുന്നു.
എന്നാൽ, രാജ്യാന്തര സ്വർണവില കരകയറുകയും യൂറോ, യെൻ, പൗണ്ട് തുടങ്ങി ലോകത്തെ 6 പ്രധാന കറൻസികൾക്കെതിരെ യുഎസ് ഡോളറിന്റെ മൂല്യം (യുഎസ് ഡോളർ ഇൻഡക്സ്) 99.8 നിലവാരത്തിൽ നിന്ന് 99.6ലേക്ക് ഇടിയുകയും ചെയ്തത് തിരിച്ചടിയായി.
∙ ട്രംപ് വീണ്ടും താരിഫ് യുദ്ധം കടുപ്പിച്ചത് സ്വർണത്തിന് ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ നൽകുന്നു
∙ ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് നിക്ഷേപം കൂടുതലായി ഒഴുകിത്തുടങ്ങി, ഇതും വിലയെ തിരിച്ചുകയറ്റുന്നു
∙ സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് സമാനമായി ട്രംപ് ചെമ്പിനും 50% തീരുവ പ്രഖ്യാപിച്ചത് രാജ്യാന്തര വ്യാപാരമേഖലയെ ആശങ്കപ്പെടുത്തുന്നു.
ഇന്നു രാവിലെ കേരളത്തിൽ സ്വർണവില നിർണയിക്കുമ്പോൾ മുംബൈ വിപണിവില ഗ്രാമിന് 45 രൂപയും ബാങ്ക് റേറ്റ് 25 രൂപയും കുറഞ്ഞ സ്ഥിതിയിലായിരുന്നു. ഇന്ത്യയിലേക്ക് സ്വർണം ഇറക്കുമതി ചെയ്യുന്ന ബാങ്കുകൾ അത് സ്വർണ വ്യാപാരികൾക്ക് നൽകുന്ന നിരക്കാണ് ബാങ്ക് റേറ്റ്.
ഡോളറിനെതിരെ രൂപയുടെ മൂല്യം 87.80 എന്ന റെക്കോർഡ് താഴ്ചയിൽ നിന്ന് ഇന്ന് 14 പൈസ കരകയറി 87.66ൽ എത്തിയതും സ്വർണവില കുറയാൻ സഹായിച്ചു.
രാജ്യാന്തര സ്വർണവില ഇനി എങ്ങോട്ട്?
യുഎസ് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഇന്നലെ നടന്ന യോഗത്തിൽ അടിസ്ഥാന പലിശനിരക്ക് 4.25-4.50 ശതമാനത്തിൽ നിലനിർത്തി. ഇതാണ് സ്വർണവിലയെ താഴേക്ക് നയിച്ചതും ഡോളറിന് കുതിപ്പേകിയതും.
പിന്നാലെ പക്ഷേ, ട്രംപ് താരിഫ് പോര് കടുപ്പിച്ചത് ഡോളറിനു തിരിച്ചടിയായി.
താരിഫ് യുദ്ധം വീണ്ടും കലുഷിതമാകുന്നത് രാജ്യാന്തര സാമ്പത്തിക, വ്യാപാരമേഖലകൾക്ക് തിരിച്ചടിയാകും. ഇത്തരം പ്രതിസന്ധിഘട്ടങ്ങളിൽ ഓഹരി, കടപ്പത്രം, കറൻസി തുടങ്ങിയവയെ കൈവിട്ട് നിക്ഷേപകർ സ്വർണത്തിലേക്ക് മാറും.
ഇതു സ്വർണവില കൂടാനിടയാക്കും. താരിഫ് പ്രതിസന്ധിക്ക് ശമനമില്ലെങ്കിൽ വരുംദിവസങ്ങളിൽ രാജ്യാന്തര സ്വർണവില ഉയരാം.
ഇതു കേരളത്തിലും വില കൂടാനിടയാക്കും.
വെള്ളിയും കുഞ്ഞു കാരറ്റുകളും
സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം, വെള്ളി വിലകളും ഇന്നു താഴ്ന്നു. ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് 7,565 രൂപയായി.
വെള്ളിക്ക് ഗ്രാമിന് രണ്ടു രൂപ കുറഞ്ഞ് 123 രൂപയും. മറ്റു ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ കുറഞ്ഞ് വില 7,525 രൂപയാണ്; വെള്ളിക്ക് രണ്ടു രൂപ കുറഞ്ഞ് 121 രൂപയും.
14 കാരറ്റ് സ്വർണവില ഗ്രാമിന് 25 രൂപ കുറഞ്ഞ് 5,860 രൂപയിലെത്തി. 9 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 20 രൂപ കുറഞ്ഞ് 3,775 രൂപ.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]