
ഇന്ത്യയ്ക്കുമേൽ 25% ഇറക്കുമതി തീരുവയും പിഴയും പ്രഖ്യാപിച്ചതിനു പിന്നാലെ കൂടുതൽ പ്രകോപനവുമായി യുഎസ്. ഇന്ത്യ ആസ്ഥാനമായ കാഞ്ചൻ പോളിമേഴ്സ്, ആൽകെമിക്കൽ സൊല്യൂഷൻസ്, ജുപീറ്റർ ഡൈ കെം, ഗ്ലോബൽ ഇൻഡസ്ട്രിയൽ കെമിക്കൽസ്, പെഴ്സിസ്റ്റന്റ് പെട്രോകെം, റാംനിക്ലാൽ എസ്.
ഗോസാലിയ ആൻഡ് കമ്പനി എന്നിവയ്ക്കെതിരെ യുഎസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഉപരോധം പ്രഖ്യാപിച്ചു. ഇറാനിൽ നിന്ന് ഉപരോധം ലംഘിച്ച് എണ്ണ വാങ്ങിയെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.
ഈ കമ്പനികൾ, കമ്പനിയുടെ ഉടമകൾ, 50 ശതമാനമോ അതിലധികമോ ഓഹരി പങ്കാളിത്തമുള്ളവർ എന്നിവർക്ക് ഉപരോധം ബാധകമാണ്.
ആണവ വിഷയത്തിൽ ഇറാനുമായുള്ള ചർച്ചകൾ അലസിയ പശ്ചാത്തലത്തിലാണ്, ഇറാനുമേൽ യുഎസ് കടുത്ത ഉപരോധം പ്രഖ്യാപിച്ചത്. ഉപരോധം ലംഘിച്ച് ഇറാന്റെ ക്രൂഡ് ഓയിൽ, പെട്രോകെമിക്കൽ എന്നിവ വാങ്ങുന്ന കമ്പനികൾക്കും അവ നീക്കം ചെയ്യുന്ന വെസ്സലുകൾക്കുംമേൽ ഉപരോധ ഭീഷണിയും യുഎസ് മുഴക്കിയിരുന്നു.
എൻസ ഷിപ് മാനേജ്മെന്റ് എന്ന ഇന്ത്യൻ കമ്പനിക്കെതിരെ നേരത്തേ യുഎസ് ഉപരോധം പ്രഖ്യാപിച്ചിരുന്നു.
ഇറാനുമായി ഇടപാടുകൾ നടത്തുവെന്ന് ചൂണ്ടിക്കാട്ടി യുഎഇയുടെ 5, തുർക്കിയുടെ 3, ചൈനയുടെ രണ്ട്, ഇന്തൊനീഷ്യയുടെ ഒന്ന് എന്നിങ്ങനെ കമ്പനികൾക്കും ഉപരോധം ഏർപ്പെടുത്തിയെന്ന് യുഎസ് വ്യക്തമാക്കി. ഇറാനിലെ ഫറദനെശ് ടെക്നിക്കൽ ഇൻസ്പെക്ഷൻ സർവീസസ് കമ്പനിക്കും അവനി ലൈൻസ് എന്ന വിദേശത്ത് റജിസ്റ്റർ ചെയ്ത കമ്പനിക്കും ഉപരോധമുണ്ട്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]