
ഇന്ത്യയ്ക്കുമേൽ ഏകപക്ഷീയമായി 25% ഇറക്കുമതി തീരുവയും റഷ്യൻ എണ്ണയും ആയുധങ്ങളും വാങ്ങുന്നതിന് പിഴയും ഏർപ്പെടുത്തിയ യുഎസ് പ്രസിഡന്റ് ട്രംപിന്റെ നീക്കം ‘ബ്ലാക്ക് മെയിലിങ്’ എന്ന് പൊതു വിലയിരുത്തൽ. ഇന്ത്യയുമായുള്ള വ്യാപാര ചർച്ചയിലുടനീളം യുഎസ് ഉന്നയിച്ച ആവശ്യങ്ങൾ ഇന്ത്യൻ പ്രതിനിധികൾ അംഗീകരിച്ചിരുന്നില്ല.
ഇന്ത്യയുടെ ക്ഷീര, കാർഷിക വിപണികൾ തുറന്നുകിട്ടണമെന്നും ജനിതകമാറ്റം വരുത്തിയ കാർഷികോൽപന്നങ്ങൾ ഇറക്കുമതി ചെയ്യാൻ അനുവദിക്കണമെന്നതും ആയിരുന്നു യുഎസിന്റെ പ്രധാന ആവശ്യം. ഇതിന് ഇന്ത്യ വഴങ്ങാതിരുന്നതും ചർച്ചയിൽ ശക്തമായി നിലകൊണ്ടതും ട്രംപിനെ ചൊടിപ്പിക്കുകയായിരുന്നു.
റഷ്യൻ എണ്ണയും ആയുധങ്ങളും ഇന്ത്യ വാങ്ങുന്നത് വാദങ്ങൾക്ക് കരുത്ത് നേടാനുള്ള ട്രംപിന്റെ തന്ത്രമാണെന്നും വിലയിരുത്തപ്പെടുന്നു.
വ്യാപാരക്കരാർ സംബന്ധിച്ച ചർച്ചകൾക്കായി യുഎസ് പ്രതിനിധിസംഘം വൈകാതെ ഇന്ത്യയിലെത്തുന്നുണ്ട്. അതിനുമുമ്പ് ഇന്ത്യയെ സമ്മർദത്തിലാക്കി, യുഎസിന് അനുകൂലമായ തീരുമാനത്തിലേക്ക് എത്തിക്കുകയെന്ന കൗശലമാണ് ട്രംപിന്റേതെന്നും കരുതുന്നു. അതേസമയം കർഷകരുടെയും ചെറുകിട
സംരംഭകരുടെയും (എംഎസ്എംഇ) താൽപര്യം സംരക്ഷിക്കുമെന്നും വിട്ടുവീഴ്ചയ്ക്കില്ലെന്നും യുഎസുമായി ചർച്ചകൾ തുടരുമെന്നുമാണ് കേന്ദ്ര സർക്കാർ പ്രതികരിച്ചത്. അധികച്ചുങ്കത്തിന്റെ പ്രത്യാഘാതം വിലയിരുത്തുകയാണെന്നും കേന്ദ്രം വ്യക്തമാക്കി.
തിരിച്ചടി ആശങ്കയിൽ ഈ മേഖലകൾ
ഇന്ത്യയുടെ ജെം ആൻഡ് ജ്വല്ലറി, ഇലക്ട്രോണിക്സ്, വാഹനഘടകങ്ങൾ, സമുദ്രോൽപന്നങ്ങൾ, വസ്ത്രം, മരുന്നുകൾ തുടങ്ങിയ കയറ്റുമതിയെയും ഈ രംഗത്തെ കമ്പനികളുടെയും വരുമാനത്തെയും അവയുടെ ഓഹരി വിലയെയും ട്രംപിന്റെ അധികച്ചുങ്കം സാരമായി ബാധിക്കും.
കഴിഞ്ഞമാസം ചൈനയെ പിന്തള്ളി ഇന്ത്യ യുഎസിലേക്ക് ഏറ്റവുമധികം സ്മാർട്ഫോൺ കയറ്റുമതി ചെയ്യുന്ന രാജ്യമായി മാറിയിരുന്നു.
∙ ഇന്ത്യയുമായി യുഎസിനുള്ള വ്യാപാരക്കമ്മി കുറയ്ക്കുകയും അധികച്ചുങ്കം ചുമത്തുന്നതിലൂടെ ട്രംപ് ഉന്നമിടുന്നു.
∙ പുറമെ, ഇന്ത്യൻ കമ്പനികളെ യുഎസിൽ ഫാക്ടറി തുറക്കാൻ നിർബന്ധിതരാക്കുകയും ലക്ഷ്യമാണ്.
ദക്ഷിണ കൊറിയയ്ക്ക് 15%, ബ്രസീലിന് 50%
ഇന്ത്യയ്ക്ക് 25% തീരുവയും പിഴയും പ്രഖ്യാപിച്ച ട്രംപ് ദക്ഷിണ കൊറിയയ്ക്ക് പ്രഖ്യാപിച്ചത് 15% മാത്രം. ദക്ഷിണ കൊറിയയിലെത്തുന്ന യുഎസ് ഉൽപന്നങ്ങൾക്ക് തീരുവയും ഉണ്ടാവില്ല.
ഇതേ ആനുകൂല്യം ഇന്ത്യയിൽ നിന്ന് നേടിയെടുക്കാനുള്ള ‘ബ്ലാക്ക്മെയിലിങ്’ ആണ് ട്രംപ് നടത്തുന്നതെന്ന് നിരീക്ഷകർ കരുതുന്നു. ഇന്ത്യയ്ക്ക് അത് അപ്രായോഗികമായതാണ് ചർച്ചകൾ വഴിമുട്ടിയതിനു പിന്നിൽ.
∙ ദക്ഷിണ കൊറിയ യുഎസ് ഉൽപന്നങ്ങൾക്ക് തീരുവ ചുമത്തില്ലെന്ന് മത്രമല്ല യുഎസിൽ നിന്ന് വൻതോതിൽ ഉൽപന്നങ്ങൾ വാങ്ങാനും യുഎസിൽ നിക്ഷേപം നടത്താനും സമ്മതിച്ചു.
∙ 100 ബില്യൻ ഡോളറിന്റെ യുഎസ് എൽഎൻജിയും ദക്ഷിണ കൊറിയ വാങ്ങും.
∙ ബ്രസീലിൽ നിന്നുള്ള ഇറക്കുമതിക്ക് 50% തീരുവ ട്രംപ് പ്രഖ്യാപിച്ചു.
ഇതിൽ നിന്ന് വ്യോമയാന ഘടകങ്ങൾ, ഊർജം എന്നിവയെ ഒഴിവാക്കി.
∙ ബ്രസീലിന്റെ മുൻ പ്രസിഡന്റ് ബൊൽസൊനാരോയെ ‘കള്ളക്കേസിൽ’ കുടുക്കി, അന്യായമായി വിചാരണ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി.
∙ കേസ് പരിഗണിക്കുന്ന ജഡ്ജി അലക്സാൻഡ്രേ ഡി മൊറെയ്സിനെതിരെ ഉപരോധവും പ്രഖ്യാപിച്ചിട്ടുണ്ട്.
അടുത്തത് ചൈന; ലക്ഷ്യം ബ്രിക്സിനെ പൊളിക്കൽ
യുഎസും ചൈനയും തമ്മിലെ വ്യാപാരചർച്ചകളും പൊളിഞ്ഞിരുന്നു. ഓഗസ്റ്റ് 12നകം വീണ്ടും ചർച്ച ചെയ്തു ധാരണയിലെത്താനാണ് ശ്രമം.
യുഎസിന് മുന്നിൽ വഴങ്ങിയില്ലെങ്കിൽ ഏപ്രിലിൽ പ്രഖ്യാപിച്ച അധികച്ചുങ്കം ചൈനയ്ക്കുമേൽ ‘ബൂമറാങ്’ ആയി പതിക്കുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട് ബെസ്സന്റ് ഭീഷണിപ്പെടുത്തി. 145% വരെ തീരുവയായിരുന്നു ഏപ്രിലിൽ പ്രഖ്യാപിച്ചിരുന്നത്.
ചൈന പ്രതികരിച്ചിട്ടില്ല.
ഇന്ത്യയും ചൈനയും ബ്രസീലും ഉൾപ്പെടെ 11 രാജ്യങ്ങളുടെ കൂട്ടായ്മയായ ബ്രിക്സിനെ പൊളിക്കുകയും ട്രംപിന്റെ ലക്ഷ്യമാണ്. ബ്രിക്സിന്റേത് അമേരിക്ക-വിരുദ്ധ, ഡോളർ-വിരുദ്ധ കൂട്ടായ്മയാണെന്നും അത്തരം നീക്കം നടത്തുന്നവരെ അനുകൂലിക്കാനാവില്ലെന്നും ട്രംപ് പറഞ്ഞു.
ഓഹരികളിൽ ആശങ്കപ്പെരുമഴ
ട്രംപ് അധികച്ചുങ്കം പ്രഖ്യാപിച്ചതിന്റെ അലയൊലികൾ ഇന്ത്യൻ ഓഹരി വിപണിയിൽ ഇന്ന് ആഞ്ഞടിക്കുമെന്ന ആശങ്ക ശക്തമാണ്.
ട്രംപിന്റെ പ്രഖ്യാപനം വന്നതിനുപിന്നാലെ ഗിഫ്റ്റ് നിഫ്റ്റി 170 പോയിന്റിലധികം കൂപ്പുകുത്തിയത് ആശങ്ക കടുപ്പിക്കുന്നു. ഇന്നു രാവിലെ ഗിഫ്റ്റി നിഫ്റ്റി നേരിയ നേട്ടത്തിലായെങ്കിലും ഓഹരി വിപണിയിൽ സമ്മർദപ്പെരുമഴയുടെ കാർമേഘം നിറഞ്ഞിട്ടുണ്ട്.
യുഎസിലേക്ക് കയറ്റുമതി നടത്തുന്ന മേഖലയിലെ കമ്പനികളുടെ ഓഹരികളിൽ വിൽപനസമ്മർദം പ്രതീക്ഷിക്കാം.
∙ ക്രൂഡ് ഓയിൽ വില കത്തിക്കയറി 73 ഡോളറിന് മുകളിലായിട്ടുണ്ട്. ഇതും ഓഹരി വിപണിയിലെ വിദേശ നിക്ഷേപ നഷ്ടവും ട്രംപിന്റെ താരിഫ് പ്രഖ്യാപനവും രൂപയെ ഇന്നു റെക്കോർഡ് താഴ്ചയിലേക്ക് വീഴ്ത്തിയേക്കാമെന്ന ആശങ്കയും ശക്തം.
∙ എച്ച്യുഎൽ, സ്വിഗ്ഗി, സൺ ഫാർമ, മാരുതി സുസുക്കി, കോൾ ഇന്ത്യ, അംബുജ സിമന്റ്സ്, പിബി ഫിൻടെക്, വണ്ടർല തുടങ്ങിയവയുടെ ജദൂൺപാദ പ്രവർത്തനഫലം ഇന്ന്
അമേരിക്കയ്ക്ക് ജിഡിപിക്കുതിപ്പ്; പലിശയിൽ തൊട്ടില്ല
യുഎസിന്റെ ജൂൺപാദ ജിഡിപി വളർച്ചനിരക്ക് പ്രതീക്ഷിച്ചതിലും ഉയർന്ന് 3 ശതമാനത്തിൽ എത്തിയത് ട്രംപിനും വൻ നേട്ടമായി.
നിരീക്ഷകർ പ്രതീക്ഷിച്ചിരുന്നത് രണ്ടു ശതമാനമായിരുന്നു. മാർച്ചുപാദ വളർച്ചനിരക്ക് നെഗറ്റീവ് 0.5% ആയിരുന്നു.
ഇതാകട്ടെ, ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങൾ മൂലമുള്ള വീഴ്ചയാണെന്ന് ട്രംപ് അന്നു വിമർശിക്കുകയും ചെയ്തിരുന്നു.
∙ അതേസമയം, ട്രംപ് നിർബന്ധിച്ചിട്ടും അടിസ്ഥാന പലിശനിരക്ക് കുറയ്ക്കാൻ ഇന്നലെ നടന്ന യോഗത്തിലും യുഎസ് ഫെഡറൽ ബാങ്ക് ചെയർമാൻ ജെറോം പവൽ തയാറായില്ല. പലിശ 4.25-4.50 ശതമാനത്തിൽ നിലനിർത്തി.
∙ പണനയ സമിതിയിലെ രണ്ടു ട്രംപ് അനുകൂലികൾ പലിശ കുറയ്ക്കാൻ വോട്ടിട്ടിട്ടും പവൽ കുലുങ്ങിയില്ല.
∙ പവലിന്റെ തീരുമാനം ട്രംപിനെ കൂടുതൽ ചൊടിപ്പിച്ചേക്കും.
∙ ഏഷ്യയിൽ ജാപ്പനീസ് നിക്കേയ് 0.83% നേട്ടത്തിലാണ് വ്യാപാരം ചെയ്തത്.
∙ ചൈനയുടെ ഷാങ്ഹായ്, ഹോങ്കോങ്ങിന്റെ ഹാങ്സെങ് എന്നിവ 1.21% വരെ ഇടിഞ്ഞു.
യുഎസുമായുള്ള ചർച്ച വഴിമുട്ടിയത് തിരിച്ചടിയായി.
∙ യുഎസ് 15% തീരുവയാണ് പ്രഖ്യാപിച്ചതെങ്കിലും ദക്ഷിണ കൊറിയയുടെ ഓഹരി സൂചികയായ കോസ്പി 3% ഇടിഞ്ഞു. ട്രംപിന്റെ പ്രഖ്യാപനം നേട്ടമാവുക യുഎസിനാകുമെന്നതാണ് തിരിച്ചടിയായത്.
ഡോളർ കുതിച്ചു, സ്വർണം വീണു
മൈക്രോസോഫ്റ്റും മെറ്റയും മികച്ച ജൂൺപാദ പ്രവർത്തനഫലം പുറത്തുവിട്ടത് യുഎസ് ഫ്യൂച്ചേഴ്സ് വിപണികൾക്ക് നേട്ടമായി.
എസ് ആൻഡ് പി500 ഫ്യൂച്ചേഴ്സ് 0.7%, നാസ്ഡാക് ഒരു ശതമാനം, ഡൗ ജോൺസ് 0.2% എന്നിങ്ങനെ കയറി. മൈക്രോസോഫ്റ്റ് ഓഹരിവില 8%, മെറ്റ 11% എന്നിങ്ങനെ കയറിയതും കരുത്തായി.
∙ പലിശനിരക്ക് നിലനിർത്തിയ യുഎസ് ഫെഡിന്റെ തീരുമാനം ഡോളറിനെ (യുഎസ് ഡോളർ ഇൻഡക്സ്) 98ൽ നിന്ന് 99 നിലവാരത്തിലേക്ക് ഉയർത്തി.
∙ പലിശ കുറയ്ക്കാതിരിക്കുകയും ഡോളർ കുതിക്കുകയും ചെയ്തത് സ്വർണത്തിന് തിരിച്ചടിയായി.
രാജ്യാന്തരവില മലക്കംമറിഞ്ഞു.
∙ രാജ്യാന്തര സ്വർണവില ഔൺസിന് 3,268 ഡോളർ വരെ കൂപ്പുകുത്തി. ഇന്നലെ വില 3,336 ഡോളറായിരുന്നു.
നിലവിൽ വ്യാപാരം പുരോഗമിക്കുന്നത് 3,292 ഡോളറിൽ.
∙ ഇന്നു രൂപ തളരുക കൂടി ചെയ്താൽ, കേരളത്തിലെ സ്വർണവിലയിൽ വൻ ഇടിവു പ്രതീക്ഷിക്കാം.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല. ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്.
നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]