
ലോകത്തെ ഏറ്റവും വലിയ സാമ്പത്തികശക്തിയായ യുഎസിൽ താരിഫ് പ്രതിസന്ധികൾക്കിടയിലും ‘താത്കാലിക’ ആശ്വാസവുമായി കഴിഞ്ഞമാസം പണപ്പെരുപ്പം (Inflation) പ്രതീക്ഷിച്ചതിനേക്കാൾ കുറഞ്ഞു. റീട്ടെയ്ൽ പണപ്പെരുപ്പം (personal consumption expenditures /PCE) മാർച്ചിലെ 2.3 ശതമാനത്തിൽ നിന്ന് 2.1 ശതമാനമായാണ് കുറഞ്ഞത്.
നിരീക്ഷകർ പ്രവചിച്ചിരുന്നത് 2.2 ശതമാനവുമായിരുന്നു. പണപ്പെരുപ്പം കുറയുന്നത് അടിസ്ഥാന പിലശനിരക്ക് (Interest Rates) കുറയ്ക്കാനുള്ള വഴിയൊരുക്കുമെങ്കിലും യുഎസ് സമ്പദ്വ്യവസ്ഥ (US Economy) ഇപ്പോഴും വെല്ലുവിളികൾക്ക് നടുവിലാണെന്ന് കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് (US Federal Reserve) കരുതുന്നു. പലിശനിരക്ക് കുറച്ചാൽ അത് ഡോളറിന്റെ മൂല്യം, യുഎസ് ഗവൺമെന്റിന്റെ കടപ്പത്ര ആദായനിരക്ക് (ട്രഷറി ബോണ്ട് യീൽഡ്) എന്നിവയും കുറയാനിടയാക്കും.
ഫലത്തിൽ, നിക്ഷേപകർ ഇവയെ കൈവിട്ട് ഗോൾഡ് ഇടിഎഫ് (Gold ETFs) പോലുള്ള സ്വർണനിക്ഷേപ പദ്ധതികളിലേക്ക് മാറുകയും വില കൂടുകയും ചെയ്യും. എന്നാൽ, ഇപ്പോൾ പണപ്പെരുപ്പം കുറഞ്ഞിട്ടും സ്വർണവില ഇടിയുകയാണുണ്ടായത്. യുഎസിന്റെ സാമ്പത്തികസ്ഥിതി ഇപ്പോഴും പ്രതിസന്ധി നിറഞ്ഞതാണെന്ന വിലയിരുത്തലും പലിശനിരക്ക് കുറയ്ക്കാനുള്ള സാധ്യതമങ്ങിയതുമാണ് കാരണം.
പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ താരിഫ് (US Tariffs) നയം യുഎസിൽ പണപ്പെരുപ്പം കൂടാനും ജിഡിപി വളർച്ച മന്ദഗതിയിലാകാനും ഇടയാക്കുമെന്നാണ് ഫെഡറൽ റിസർവിന്റെ വിലയിരുത്തൽ. ഇതേത്തുടർന്ന്, ഡോളറിന്റെ മൂല്യം മെച്ചപ്പെട്ടതോടെയാണ് സ്വർണവില താഴേക്ക് നീങ്ങിയത്.
ഇടിഞ്ഞ് രാജ്യാന്തര ‘സ്വർണം’ ഏപ്രിലിൽ ഔൺസിന് 3,500 ഡോളറായിരുന്ന രാജ്യാന്തര വില നിലവിലുള്ളത് 3,289 ഡോളറിൽ. ഇന്നൊരു ഘട്ടത്തിൽ വില 3,324 ഡോളറിൽ നിന്ന് 3,274 ഡോളർ വരെ താഴുകയും ചെയ്തിരുന്നു.
താരിഫ് വിഷയത്തിൽ ട്രംപ് വീണ്ടും സ്വരം കടുപ്പിച്ച് തുടങ്ങിയിട്ടുണ്ട്. സ്റ്റീലിനും അലൂമിനിയത്തിനുമുള്ള താരിഫ് 50 ശതമാനമാക്കുമെന്നാണ് പുതിയ ഭീഷണി.
ചൈനയും യുഎസും തമ്മിലെ സമവായവും പാളുന്നതിന്റെ സൂചനകളുണ്ട്. ഇറക്കുമതി ചട്ടങ്ങൾ പാലിക്കുന്നതിൽ ചൈന വീഴ്ച വരുത്തുകയാണെന്ന് ട്രംപ് കഴിഞ്ഞദിവസം സോഷ്യൽമീഡിയ പോസ്റ്റിൽ അഭിപ്രായപ്പെട്ടതാണ് ചൈനയെ ചൊടിപ്പിച്ചത്. യുഎസിന്റെ സൈനിക വിവരങ്ങൾ, നൂതന എഐ സാങ്കേതികവിദ്യകൾ എന്നിവയടങ്ങിയ ഹൈ-ടെക് ചിപ്പുകളിലേക്ക് ചൈനീസ് കമ്പനികൾ എത്തുന്നത് തടയാനായി യുഎസ് ചില ഇറക്കുമതി നിയന്ത്രണങ്ങൾ കൊണ്ടുവന്നിരുന്നു.
ഈ പശ്ചാത്തലത്തിലായിരുന്നു ട്രംപിന്റെ പോസ്റ്റ്. എന്നാൽ, യുഎസിന്റേത് വ്യാപാര മര്യാദകളുടെ ലംഘനമാണെന്ന് ചൈന പരസ്യമായി പ്രതികരിച്ചു.
യുഎസും ചൈനയും തമ്മിലെ ബന്ധം കൂടുതൽ വഷളാവുകയും ട്രംപ് പുതിയ താരിഫ് ഭീഷണികൾ തുടരുകയും ചെയ്താൽ അത് വീണ്ടും ആഗോള സമ്പദ്മേഖലയ്ക്ക് തിരിച്ചടിയാകും. ഇത് സ്വർണത്തിന് തിരിച്ചുകയറാനുള്ള വഴിയുമൊരുക്കും.
കേരളത്തിൽ വില മാറിയില്ല രാജ്യാന്തര വില താഴ്ന്നെങ്കിലും കേരളത്തിൽ ഇന്ന് സ്വർണം, വെള്ളി വിലകൾ മാറിയില്ല. ഗ്രാമിന് 8,920 രൂപയിലും പവന് 71,360 രൂപയിലും വില തുടരുന്നു.
18 കാരറ്റ് സ്വർണവില ചില ജ്വല്ലറികളിൽ ഗ്രാമിന് 7,345 രൂപ. മറ്റു ചില കടകളിൽ 7,315 രൂപ.
വെള്ളിക്കും പലവിലയാണുള്ളത്. ചില കടകളിൽ 110 രൂപ, മറ്റു കടകളിൽ 109 രൂപ.
ഇന്നലെ കേരളത്തിൽ സ്വർണവില നിർണയിക്കുമ്പോൾ ബോംബെ റേറ്റ് ഗ്രാമിന് 9,779 രൂപയും ബാങ്ക് റേറ്റ് 9,821 രൂപയുമായിരുന്നു. ഇന്നു വില യഥാക്രമം 9,775 രൂപയും 9,849 രൂപയുമാണ്. അതായത്, ബോംബെ റേറ്റ് അൽപം കുറഞ്ഞെങ്കിലും ബാങ്ക് റേറ്റ് കൂടി.
രൂപ ഇന്നലെ ഡോളറിനെതിരെ വ്യാപാരം പൂർത്തിയാക്കിയത് 8 പൈസ താഴ്ന്ന് 85.56ലുമാണ്. ഈ സാഹചര്യത്തിൽ സ്വർണവില മാറ്റമില്ലാതെ നിലനിർത്താൻ വ്യാപാരി അസോസിയേഷനുകൾ തീരുമാനിക്കുകയായിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്: manoramaonline.com/business
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]