
സ്വർണാഭരണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുന്നോ? രാജ്യാന്തര സ്വർണവില (gold rate) ചരിത്രത്തിലാദ്യമായി 3,100 ഡോളർ എന്ന നാഴികക്കല്ലും ഭേദിച്ച് മുന്നേറുന്നതിനിടെ കേരളത്തിലും പിറന്നത് സർവകാല റെക്കോർഡ്. സംസ്ഥാനത്ത് (Kerala gold price) ഗ്രാമിന് ഇന്ന് 65 രൂപയുടെ ഒറ്റക്കുതിപ്പുമായി വില 8,425 രൂപയിലും പവന് 520 രൂപ മുന്നേറി 67,400 രൂപയിലുമെത്തി; ചരിത്രത്തിലെ ഏറ്റവും ഉയരം.
ഇക്കഴിഞ്ഞ 29ന് (മാർച്ച് 29) കുറിച്ച ഗ്രാമിന് 8,360 രൂപയും പവന് 66,880 രൂപയുമെന്ന റെക്കോർഡ് പഴങ്കഥ. ആഭരണപ്രേമികളെയും വിവാഹം ഉൾപ്പെടെ അനിവാര്യ ആവശ്യങ്ങൾക്കായി വലിയതോതിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവരെയുമാണ് സ്വർണത്തിന്റെ ഈ ‘നിർദയ’ കുതിപ്പ് നിരാശയിലാഴ്ത്തുന്നത്. 18 കാരറ്റ് സ്വർണവിലയും കുതിച്ചുയർന്ന് പുതിയ റെക്കോർഡിട്ടു. ഭീമ ഗ്രൂപ്പ് ചെയർമാൻ ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന എകെജിഎസ്എംഎ സംഘടനയുടെ നിർണയപ്രകാരം വില ഗ്രാമിന് 50 രൂപ വർധിച്ച് 6,950 രൂപയായി.
എസ്. അബ്ദുൽ നാസർ വിഭാഗം എകെജിഎസ്എംഎയുടെ നിർണയപ്രകാരം 18 കാരറ്റ് സ്വർണത്തിനു വില ഗ്രാമിന് 55 രൂപ ഉയർന്ന് 6,910 രൂപയാണ്. ഇവരുടെ വെള്ളി വില ഗ്രാമിന് 112 രൂപയിൽ മാറ്റമില്ലാതെ നിൽക്കുന്നു. ഡോ.ബി. ഗോവിന്ദൻ നയിക്കുന്ന അസോസിയേഷനു കീഴിലെ കടകളിൽ വില ഗ്രാമിന് 111 രൂപ.
സ്വർണവില അനുദിനം കത്തിക്കയറുന്നത് വ്യാപാരത്തെയും ബാധിക്കുന്നുണ്ട്. ചെറിയ തുകകളുടെ വിൽപനയാണ് കൂടുതലും നടക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. അതിൽ തന്നെ മുന്തിയപങ്കും എക്സ്ചേഞ്ചുകൾ. കൈവശമുള്ള സ്വർണം വിറ്റ് പണമാക്കാനെത്തുന്നവരും നിരവധി.
കഴിഞ്ഞവാരം ഔൺസിന് 3,086 ഡോളർ എന്ന റെക്കോർഡ് കുറിച്ച രാജ്യാന്തരവില, ഇന്നത് 3,100 ഡോളർ എന്ന നാഴികക്കല്ലിന് മുകളിലെത്തിച്ചു. ഒറ്റയടിക്ക് 25 ഡോളറിലധികം കുതിച്ച് 3,109.62 ഡോളർ വരെയാണ് എത്തിയത്. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കൂടിയത് 240 ഡോളറിലധികം. ഔൺസിന് 2,870 ഡോളറിനും താഴെയായിരുന്നു ഒരുമാസം മുമ്പ് വില.
ട്രംപിന്റെ താരിഫും റഷ്യൻ യുദ്ധവും
യുഎസ് പ്രസിഡന്റായി രണ്ടാമതും അധികാരത്തിലേറിയതു മുതൽ കൊടുംവാശിയോടെ ട്രംപ് നടപ്പാക്കുന്ന താരിഫ് നയങ്ങളാണ് സ്വർണവിലയ്ക്ക് കുതിപ്പാകുന്നത്. കഴിഞ്ഞദിവസം വാഹന, വാഹനഘടക ഇറക്കുമതിക്കുമേൽ 25% തീരുവ പ്രഖ്യാപിച്ച ട്രംപ്, ഏപ്രിൽ രണ്ടുമുതൽ പകരച്ചുങ്കം ഏർപ്പെടുത്തുമെന്നും അറിയിച്ചിട്ടുണ്ട്. ഇന്ത്യക്കും ഇളവുണ്ടായേക്കില്ല. ട്രംപിന്റെ നയം അമേരിക്കയിൽ പണപ്പെരുപ്പം കത്തിക്കയറാൻ വഴിയൊരുക്കിയേക്കും. മാത്രമല്ല, പല രാജ്യങ്ങളുമായും അമേരിക്കയുടെ വ്യാപാര, നയതന്ത്ര ബന്ധങ്ങളും ഉലയുകയാണ്.
ഇതിനു പുറമെ, കഴിഞ്ഞദിവസം റഷ്യൻ പ്രസിഡന്റ് പുട്ടിന്റെ വാഹനത്തിന് തീപിടിച്ചതിനെ ചൊല്ലി യുക്രെയ്നുമായുള്ള യുദ്ധം കൂടുതൽ വഷളായേക്കുമെന്ന ആശങ്കയും ശക്തം.
യുദ്ധപ്പേടിയും സാമ്പത്തിക, വ്യാപാര, നയതന്ത്ര ബന്ധങ്ങളിലെ അനിശ്ചിതത്വവും ഓഹരി, കടപ്പത്ര വിപണികൾ നേരിടുന്ന തളർച്ചയും സ്വർണനിക്ഷേപ പദ്ധതികൾക്ക് ‘സുരക്ഷിത നിക്ഷേപം’ (safe-haven demand) എന്ന പെരുമ നൽകുകയാണ്. ഇതുമൂലമാണ് വില കത്തിക്കയറുന്നത്. യുദ്ധം അവസാനിപ്പിക്കാനുള്ള തന്റെ നീക്കങ്ങൾക്ക് റഷ്യ തടയിട്ടാൽ, റഷ്യൻ എണ്ണയ്ക്കുമേൽ 25-50% അധികത്തീരുവ ഈടാക്കുമെന്ന ട്രംപിന്റെ ഭീഷണിയും സ്വർണക്കുതിപ്പിന് ഇന്ധനമാകുന്നു.
സ്വർണം വാങ്ങാൻ ‘ആ വില’ പോരാ!
67,400 രൂപയാണ് ഇന്നൊരു പവനു വില. എന്നാൽ, ഈ വിലയ്ക്ക് ഒരു പവൻ ആഭരണം കിട്ടില്ല. ആഭരണമായി സ്വർണം വാങ്ങുമ്പോൾ 3% ജിഎസ്ടി, ഹോൾമാർക്ക് ചാർജ് (45 രൂപ+18% ജിഎസ്ടി), പണിക്കൂലി എന്നിവയും കൂടി ബാധികമാണ്.
അതായത്, മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ പോലും ഇന്നൊരു പവൻ ആഭരണം വാങ്ങാൻ കേരളത്തിൽ 73,950 രൂപ നൽകണം. ഒരു ഗ്രാം സ്വർണാഭരണത്തിനു മിനിമം 9,120 രൂപയും. അതായത്, രണ്ടുപവന്റെ മാല വാങ്ങാൻ പോലുമാകും ഒന്നരലക്ഷം രൂപയോളം. കഴിഞ്ഞ ഒരുമാസത്തിനിടെ മാത്രം കേരളത്തിൽ 4,000 രൂപയ്ക്കടുത്താണ് പവൻവിലയിൽ കൂടിയത്; ഒരുവർഷത്തിനിടെ 17,000 രൂപയും.