കൊച്ചി ∙ ടാറ്റ ട്രസ്റ്റിൽ നോയൽ ടാറ്റ വിഭാഗവും, ഷാപൂർജി പല്ലോൻജി (എസ്പി ) ഗ്രൂപ്പും തമ്മിലുള്ള പോര് മുറുകുന്നു. ട്രസ്റ്റ് അംഗങ്ങളായ നോയൽ ടാറ്റ, വേണു ശ്രീനിവാസൻ, വിജയ് സിങ് എന്നിവർ, ടാറ്റ ട്രസ്റ്റിലെ എസ്പി ഗ്രൂപ്പിന്റെ പ്രതിനിധിയായ മെഹിലി മിസ്ത്രിയെ ആജീവനാന്ത ട്രസ്റ്റിയായി പുനർനിയമിക്കണമെന്ന ആവശ്യം തള്ളി.
കഴിഞ്ഞയാഴ്ച വേണു ശ്രീനിവാസന് ആജീവനാന്ത ട്രസ്റ്റിയായുള്ള നിയമനത്തിന് അംഗീകാരം നൽകിയിരുന്നു.
നോയൽ ടാറ്റ ടാറ്റ ട്രസ്റ്റിന്റെ ചെയർമാനും വേണു ശ്രീനിവാസനും സിങ്ങും വൈസ് ചെയർമാൻമാരുമാണ്.
ഇപ്പോഴുള്ള എല്ലാ ആജീവനാന്ത ട്രസ്റ്റിമാരെയും പുനർ നിയമിച്ചുകൊണ്ട് 24 ന് ട്രസ്റ്റ് പ്രമേയം പാസാക്കിയിരുന്നു. അതുകൊണ്ടു തന്നെ തന്റെ ട്രസ്റ്റിഷിപ് അംഗീകരിക്കാത്തതിന് നിയമ സാധുതയില്ലെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നുമാണ് മിസ്ത്രിയുടെ നിലപാട്.
ടാറ്റ കമ്പനികളുടെ മാതൃ കമ്പനിയായ ടാറ്റ സൺസിന്റെ ബോർഡിൽ ഒരു ഡയറക്ടറെ നിയമിക്കുന്നതു സംബന്ധിച്ച തർക്കമാണ് ടാറ്റ ട്രസ്റ്റിൽ കാര്യങ്ങൾ ഈ നിലയിൽ എത്തിച്ചത്. ടാറ്റ സൺസിൽ 66 ശതമാനം ഓഹരിയുള്ള ട്രസ്റ്റ്സ് ആണ് കാര്യങ്ങൾ നിയന്ത്രിക്കുന്നത്.
ടാറ്റ സൺസ് ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച തർക്കവും ഇരു ഗ്രൂപ്പും തമ്മിൽ നിലനിൽക്കുന്നു.
ലിസ്റ്റ് ചെയ്യേണ്ട എന്ന ശക്തമായ നിലപാടാണ് നോയൽ ടാറ്റക്കുള്ളത്.
എന്നാൽ കമ്പനി ലിസ്റ്റു ചെയ്യണമെന്നാണ് ടാറ്റ സൺസിൽ 18.5 ശതമാനം ഓഹരിയുള്ള എസ്പി ഗ്രൂപ്പിന്റെ ആവശ്യം. ടാറ്റ സൺസിനു കീഴിൽ 400ൽ അധികം കമ്പനികളുണ്ട്.
ഇതിൽ 30 എണ്ണം ലിസ്റ്റഡ് കമ്പനികളാണ്.ടാറ്റ ട്രസ്റ്റ് ധാരാളം ജീവകാരുണ്യ-സാമൂഹിക പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്, അതിനു വേണ്ട ഫണ്ടുകളുടെ മുഖ്യ ഭാഗവും വരുന്നത് ടാറ്റ സൺസിൽ നിന്നാണ്.
ഇപ്പോൾ 52,000 കോടി കടബാധ്യതയുള്ള എസ്പി ഗ്രൂപ്പിന്, ടാറ്റ സൺസ് ലിസ്റ്റ് ചെയ്യപ്പെടുകയാണെങ്കിൽ അവരുടെ ഓഹരി വിറ്റുകിട്ടുന്ന പണം കൊണ്ട് ബാധ്യതകൾ വീട്ടാൻ കഴിയും.
ടാറ്റ സൺസ് ആർട്ടിക്കിൾ ഓഫ് അസോസിയേഷൻ അനുസരിച്ച് ടാറ്റ ട്രസ്റ്റിനു എസ്പി ഗ്രൂപ്പിന്റെ ഓഹരികൾ വാങ്ങാൻ കഴിയും. അതിനുള്ള നീക്കങ്ങളാണ് ട്രസ്റ്റ് ഇപ്പോൾ നടത്തി കൊണ്ടിരിക്കുന്നത്.
ടാറ്റ സൺസ് ലിസ്റ്റ് ചെയ്യണമെന്ന് ആർബിഐ ആണ് 3 വർഷത്തിന് മുൻപ് നിർദേശിച്ചത്. അതിന്റെ കാലാവധിയും കഴിഞ്ഞിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

