അമേരിക്കയും യൂറോപ്യൻ യൂണിയനും ഏർപ്പെടുത്തിയ ഉപരോധങ്ങളും സാമ്പത്തിക ഒറ്റപ്പെടുത്തലുകളും തരണം ചെയ്യാൻ പദ്ധതിയുമായി ഇറാനും റഷ്യയും. ആണവ പദ്ധതികളുടെ പേരിലാണ് ഇറാനുമേൽ ഉപരോധമെങ്കിൽ യുക്രെയ്നെതിരായ യുദ്ധമാണ് റഷ്യയ്ക്ക് ആഘാതമായത്.
എന്നാൽ യുഎസിനും യൂറോപ്പിനും ഇടപെടാനാവാത്ത പുത്തൻ പദ്ധതിയിലൂടെ ഉപരോധങ്ങൾ പൊളിക്കാനുള്ള തന്ത്രം മെനയുകയാണ് ഇപ്പോൾ റഷ്യയും ഇറാനും.
ഇന്ത്യ കൂടി ഉൾപ്പെടുന്ന രാജ്യാന്തര നോർത്ത്-സൗത്ത് ട്രാൻസ്പോർട് ഇടനാഴിയുടെ (ഐഎൻഎസ്ടിസി) ഭാഗമായി 162 കിലോമീറ്റർ നീളുന്ന പുത്തൻ റെയിൽപ്പാത ഒരുക്കാനാണ് ഇറാനും റഷ്യയും ആലോചിക്കുന്നത്. ഏകദേശം 17,000 കോടി രൂപ ചെലവ് വരുന്നതാണ് പദ്ധതി.
നിലവിൽ ഐഎൻഎസ്ടിസിയിൽ ഇല്ലാത്ത റെയിൽവേ ലൈനുമാണിത്. യാഥാർഥ്യമായാൽ സൂയസ് കനാലിനെ ആശ്രയിക്കുന്നതും കുറയ്ക്കാം.
ഇത് ഉപരോധം ഏറക്കുറെ മറികടന്ന് വ്യാപാരം നടത്താൻ സഹായിക്കുമെന്ന് റഷ്യയും ഇറാനും കരുതുന്നു.
സൂയസ് കനാലിനെ ഒഴിവാക്കി ഈ റെയിൽപ്പാത വഴി ചരക്കുനീക്കം നടത്തുമ്പോൾ, 18-20 ദിവസം വരെ ലാഭിക്കാനാകും. ചരക്കുനീക്കച്ചെലവ് 30-40 ശതമാനവും കുറയും.
പദ്ധതിയുടെ നിർമാണച്ചെലവ് വഹിക്കുന്ന റഷ്യ തന്നെയാകും നിർമാണവും നടത്തുക. നിർമാണം പൂർത്തിയാകുമ്പോൾ ക്രൂഡ് ഓയിൽ, പ്രകൃതിവാതകം, സ്റ്റീൽ, മെഷിനറികൾ, ഭക്ഷ്യോൽപന്നങ്ങൾ തുടങ്ങി പ്രതിവർഷം 15-20 മില്യൻ ടൺ ചരക്കുകൾ ഇതുവഴി നീക്കം ചെയ്യാനാകും.
പാക്കിസ്ഥാനെ ഒഴിവാക്കി റഷ്യ-ടു-ഇന്ത്യ
റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബർഗിൽ നിന്ന് മുംബൈയെ ബന്ധിപ്പിക്കുന്ന പദ്ധതിയാണ് ഐഎൻഎസ്ടിസി.
ഇന്ത്യയും റഷ്യയും ഇറാനും 2000ലാണ് പദ്ധതിക്ക് രൂപംനൽകിയത്. റഷ്യ വഴി വടക്കൻ യൂറോപ്പിലേക്കുള്ള ചരക്കുനീക്കത്തിനും ഈ പദ്ധതി സഹായകമാണെന്നത് ഇന്ത്യയ്ക്കും നേട്ടമാണ്.
അർമേനിയ, അസർബൈജാൻ, ബെലറൂസ്, ബൾഗേറിയ, കസാക്കിസ്ഥാൻ, കിർഗിസ്ഥാൻ, ഒമാൻ, സിറിയ, തുർക്കി, തുർക്ക്മെനിസ്ഥാൻ, യുക്രെയ്ൻ, ജോർജിയ, ഉസ്ബെക്കിസ്ഥാൻ തുടങ്ങിയവയും പദ്ധതിയിൽ പ്രാഥമിക ഘട്ടത്തിലുണ്ടായിരുന്നു.
റഷ്യയിൽ നിന്ന് ഇറാനിൽ ഇന്ത്യയുടെ നിയന്ത്രണത്തിലുള്ള ചബഹാർ തുറമുഖം വരെ റെയിൽവഴി നീളുന്നതാണ് പദ്ധതി. ഇതിൽ ഇതുവരെ ഇല്ലാതിരുന്ന പുതിയപാതയാണ് ഇപ്പോൾ റഷ്യയും ഇറാനും ആലോചിക്കുന്നത്.
റെയിൽവേയ്ക്ക് ഒപ്പം കടലിൽ ഫെറി മുഖേനയുമാണ് ചരക്കുനീക്കം.
ഇറാനിലെ ചബഹാർ, ബന്ദർ അബ്ബാസ് എന്നിവയും റഷ്യയിലെ 2 തുറമുഖങ്ങളും ബന്ധിപ്പിച്ചാണ് ഐഎൻഎസ്ടിസി പദ്ധതി. പാക്കിസ്ഥാൻ ഇതുവരെ പദ്ധതിയിൽ ഇല്ല.
അതേസമയം ബെൽറ്റ് ആൻഡ് റോഡ് ഇനീഷ്യേറ്റീവിന് ബദലാണ് ഈ പദ്ധതിയെന്നത് ചൈനയ്ക്കും വെല്ലുവിളിയാണ്. നിലവിൽ അഫ്ഗാനിൽ വീണ്ടും അധികാരം പിടിച്ച താലിബാനെ റഷ്യയും തത്വത്തിൽ ഇന്ത്യയും അംഗീകരിച്ചിട്ടുണ്ട്.
ഐഎൻഎസ്ടിസിയിൽ അഫ്ഗാനിസ്ഥാനും വൈകാതെ അംഗമാനുള്ള സാധ്യതയുണ്ട്.
ചബഹാറിൽ നിന്ന് ഇറാനിലെ തന്നെ സഹെദാൻ വരെയുള്ള മറ്റൊരു റെയിൽവേ പദ്ധതി ഈ വർഷം അവസാനത്തോടെ സജ്ജമാകുമെന്ന് ഇതിനിടെ ഇറാൻ വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യയ്ക്കും ഇറാനും അഫ്ഗാനിസ്ഥാനും ഒരുപോലെ നേട്ടമാകുന്ന പദ്ധതിയാണിത്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

