
സ്വർണത്തിൽ തൊട്ടാൽ പൊള്ളുമോ? അതിശയോക്തിയെന്ന് പറയാൻ വരട്ടെ. പവന് 60,000 രൂപയെന്ന നാഴികക്കല്ലിന് തൊട്ടരികിലെത്തി നിൽക്കുകയാണ് ഇന്ന് കേരളത്തിൽ വില. ഇന്ന് ഒറ്റയടിക്ക് 520 രൂപ വർധിച്ച് വില സർവകാല റെക്കോർഡായ 59,520 രൂപയായി. ഇന്നലെയാണ് 59,000 രൂപയെന്ന നാഴികക്കല്ല് ആദ്യമായി പിന്നിട്ടത്. 60,000 രൂപയിലേക്ക് ഇനി 480 രൂപയുടെ ദൂരം മാത്രം. ഇന്നോ നാളെയോ തന്നെ ഈ നിർണായക മാന്ത്രികസംഖ്യ പവൻ മറികടന്നേക്കും.
സ്വർണവില പവന് 60,000 രൂപയിലേക്ക്; ട്രംപും കമലയും പൊരിഞ്ഞ പോരാട്ടത്തിൽ, രാജ്യാന്തര വില റെക്കോർഡിൽ
65 രൂപ ഉയർന്ന് 7,440 രൂപയാണ് ഗ്രാം വില. കഴിഞ്ഞ രണ്ടുദിവസം കൊണ്ടുമാത്രം സംസ്ഥാനത്ത് പവന് 1,000 രൂപയും ഗ്രാമിന് 125 രൂപയും കൂടി. ഈ മാസം ഇതുവരെയുള്ള കുതിപ്പ് പവന് 3,120 രൂപ; ഗ്രാമിന് 390 രൂപയും. പണിക്കൂലിയും ജിഎസ്ടിയും ഹോൾമാർക്ക് ചാർജും കൂടിച്ചേരുമ്പോൾ വിലവർധനയുടെ ഭാരം ഇതിലുമധികമാണെന്നതാണ് ഉപഭോക്താക്കളെ വലയ്ക്കുന്നത്. മൂന്ന് ശതമാനമാണ് സ്വർണത്തിന് ജിഎസ്ടി. 45 രൂപയും അതിന്റെ 18% ജിഎസ്ടിയും ചേരുന്നതാണ് (53.10 രൂപ) ഹോൾമാർക്ക് ചാർജ്.
പണക്കൂലി ഓരോ ജ്വല്ലറിയിലും ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് വ്യത്യാസപ്പെട്ടിരിക്കും. ഇത് 5-30 ശതമാനം വരെയാകാം. ചിലർ ഓഫറിന്റെ ഭാഗമായി പണിക്കൂലി വാങ്ങാറുമില്ല. മിനിമം 5% പണിക്കൂലി കണക്കാക്കിയാൽ 64,425 രൂപ കൊടുത്താലേ കേരളത്തിൽ ഇന്നൊരു പവൻ ആഭരണം വാങ്ങാനാകൂ. ഗ്രാമിന് വാങ്ങൽ വില 8,000 രൂപ. സംസ്ഥാനത്തിന്റെ ചരിത്രത്തിലാദ്യമാണ് 5% പണിക്കൂലി പ്രകാരമുള്ള വാങ്ങൽവില പവന് 64,000 രൂപയും ഗ്രാമിന് 8,000 രൂപയും ഭേദിക്കുന്നത്. വലിയ അളവിൽ സ്വർണം വാങ്ങുന്ന വിവാഹാഭരണ പാർച്ചേസുകാർക്കാണ് ഇത് കൂടുതൽ തിരിച്ചടി.
റോക്കറ്റിലേറി 18 കാരറ്റും; വെള്ളിയും കുതിപ്പിൽ
22 കാരറ്റ് സ്വർണവുമായി താരതമ്യം ചെയ്യുമ്പോൾ വില വൻതോതിൽ കുറവാണെന്നത് 18 കാരറ്റ് ആഭരണങ്ങളുടെ പ്രിയം കൂട്ടുന്നുണ്ട്. നിരവധി ഉപഭോക്താക്കൾ 22 കാരറ്റിനെ കൈവിട്ട് 18 കാരറ്റ് ആഭരണങ്ങളിലേക്ക് ശ്രദ്ധ മാറ്റിയിട്ടുണ്ടെന്ന് വ്യാപാരികൾ പറയുന്നു. എങ്കിലും, നിലവിൽ 18 കാരറ്റ് ആഭരണങ്ങൾക്കും വില കുത്തനെ കൂടുകയാണ്. ഇന്ന് ഗ്രാമിന് 55 രൂപ വർധിച്ച് 6,130 രൂപയായി.
കനംകുറഞ്ഞതും (ലൈറ്റ്വെയ്റ്റ്) വജ്രം ഉൾപ്പെടെയുള്ള കല്ലുകൾ പതിപ്പിച്ചതുമായ ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്നതാണ് 18 കാരറ്റ് സ്വർണം. 22 കാരറ്റിന്റെ വിലയായ 7,440 രൂപയുമായി താരതമ്യം ചെയ്യുമ്പോൾ 1,310 രൂപ കുറവാണ് 18 കാരറ്റ് ആഭരണത്തിന്. വെള്ളി വിലയും കൂടുകയാണ്. ഇന്ന് ഗ്രാമിന് ഒരു രൂപ വർധിച്ച് വില 106 രൂപയിലെത്തി. വെള്ളിയാഭരണങ്ങൾ, പാത്രങ്ങൾ, വിഗ്രഹങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് ഉപയോഗിക്കുന്നവർക്കും െവള്ളിവിലക്കുതിപ്പ് പ്രതിസന്ധിയാണ്.
വിലക്കയറ്റത്തിന് പിന്നിലെ കാരണങ്ങൾ
യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ആര് വിജയിക്കുമെന്നത് സംബന്ധിച്ച അനിശ്ചിതത്വം, വീണ്ടും പലിശഭാരം കുറയ്ക്കാനുള്ള യുഎസ് ഫെഡറൽ റിസർവിന്റെ നീക്കം, രാജ്യാന്തര സ്വർണവിലയുടെ റെക്കോർഡ് മുന്നേറ്റം, ഇന്ത്യയിലെ ഉത്സവകാല ഡിമാൻഡ്, റിസർവ് ബാങ്ക് ഉൾപ്പെടെയുള്ള കേന്ദ്രബാങ്കുകൾ വൻതോതിൽ സ്വർണശേഖരം ഉയർത്തുന്നത്, ഇറാൻ-ഇസ്രയേൽ സംഘർഷം, ഡോളറിന്റെയും യുഎസ് കടപ്പത്രങ്ങളുടെയും ഓഹരി വിപണികളുടെയും വീഴ്ച, രൂപയുടെ മൂല്യയിടിവ് തുടങ്ങിയ കാരണങ്ങളാണ് സ്വർണക്കുതിപ്പിന് വളമാകുന്നത്. എന്തുകൊണ്ടാണ് ട്രംപും കമലയും തമ്മിലെ മത്സരം സ്വർണവില കൂടാനിടയാക്കുന്നത്? ഇത് സംബന്ധിച്ച വിശദാംശങ്ങൾ ഇവിടെ ക്ലിക്ക് ചെയ്തു വായിക്കാം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]