ദുരന്തങ്ങൾ വിപണിയിൽ തോരാമഴയായി പെയ്തിറങ്ങിയ വാരമായിരുന്നു കടന്നു പോയത്. വിദേശനിക്ഷേപകരുടെ വലിയ തോതിലുള്ള പിന്മാറ്റത്തിലും എച്ച് 1 ബി വീസ പ്രശ്നത്തിലും യുഎസുമായി വ്യാപാരക്കരാറിൽ എത്തുന്നതിൽ പുതിയതായി രൂപപ്പെടുന്ന തടസ്സങ്ങളിലും ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോർഡ് നിലവാരത്തിലേക്ക് ഇടിയുന്നതിലുംപെട്ട് വിപണി ഉലഞ്ഞു നിൽക്കുമ്പോഴാണ്, ബ്രാൻഡഡ് മരുന്നുകളുടെ ഇറക്കുമതിക്ക് 100 ശതമാനം തീരുവ ചുമത്തിക്കൊണ്ടുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനം വന്നത്.
ഇതോടെ, 7 വ്യാപാര ദിനങ്ങളിൽ തുടർച്ചയായി നഷ്ടത്തിലായിരുന്ന വിപണി കുത്തനെ താഴേക്കു പോയി.
ട്രംപിന്റെ പ്രഖ്യാപനത്തിന്റെ ചൂടറിഞ്ഞ വെള്ളിയാഴ്ച, വിപണിയുടെ അടിസ്ഥാന സൂചികകളായ സെൻസെക്സ് 880 പോയിന്റ് നഷ്ടത്തിൽ 80,360 ലേക്കും നിഫ്റ്റി 252 പോയിന്റ് ഇടിഞ്ഞ് 24,638 ലേക്കും വീണു. എല്ലാ സഹ സൂചികകളും നഷ്ടക്കയത്തിലേക്ക് കൂപ്പുകുത്തി.
നിക്ഷേപകരുടെ ആസ്തിയിൽ വെള്ളിയാഴ്ച മാത്രമുണ്ടായ നഷ്ടം 7.73 ലക്ഷം കോടി രൂപയാണ്. പോയവാരം സെൻസെക്സും നിഫ്റ്റിയും 3% ശരാശരി നഷ്ടമാണ് രേഖപ്പെടുത്തിയത്.
നിഫ്റ്റി ഐടി സൂചികയ്ക്കുണ്ടായ നഷ്ടം 8 ശതമാനവും.
അമേരിക്കയിൽ ഉൽപാദനമില്ലാത്ത കമ്പനികളുടെ ബ്രാൻഡഡ്, പേറ്റന്റഡ് മരുന്നുകൾക്കാണ് അമേരിക്ക 100% തീരുവ ചുമത്തിയിരിക്കുന്നത്. ഇന്ത്യ അമേരിക്കൻ വിപണിയിൽ കൂടുതലും വിൽക്കുന്നത് ജനറിക് മരുന്നുകളാണ്.
അതുകൊണ്ട് ഈ ആഴ്ച നിക്ഷേപകർ ചെറിയ തോതിലെങ്കിലും വിപണിയിൽ തിരിച്ചെത്തുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ. ആദ്യ രണ്ടു ദിവസമെങ്കിലും വിപണി നേരിയ തോതിലെങ്കിലും മുന്നേറാം.
തുടർന്നുള്ള ദിവസങ്ങൾ ലാഭമെടുപ്പിന്റേതാകാനാണ് സാധ്യത.
വിപണി ഇപ്പോൾ ശക്തമായ ബെയറിഷ് ഘട്ടത്തിലായതിനാൽ മുൻനിര നിക്ഷേപകർ വലിയ തോതിൽ വാങ്ങലിനു തയാറാകുന്നില്ല. അവർ വലിയതോതിൽ ഓഹരികൾ വാങ്ങിയാലേ വിപണി ഉയരുകയുള്ളൂ.
പലിശ നിരക്ക് നിശ്ചയിക്കുന്നതിനുള്ള റിസർവ് ബാങ്കിന്റെ 3 ദിവസത്തെ പണനയസമിതി യോഗം തുടങ്ങി. നാളെയാണ് (ഒക്ടോബർ 1) പ്രഖ്യാപനം.
ജിഎസ്ടി ഇളവിനൊപ്പം പലിശനിരക്കിലും മാറ്റമുണ്ടാകുമോയെന്ന് വിപണി ഉറ്റുനോക്കുന്നു.
വിപണി നിരീക്ഷകരുടെ അഭിപ്രായത്തിൽ, നിഫ്റ്റി 24,800 നു താഴേക്കു പോയതിനാൽ, സൂചിക 24,400 മുതൽ 24,300 വരെ താഴാൻ സാധ്യതയുണ്ട്. സൂചികയിൽ എന്തെങ്കിലും കയറ്റമുണ്ടായാൽ അത് ലാഭമെടുപ്പിന്റെ മുന്നോടിയാണെന്നാണ് അവർ പറയുന്നത്.
ദ്വിതീയ വിപണി അനിശ്ചിതത്വത്തിലായതോടെ, ചെറുകിട നിക്ഷേപകർ മറ്റു നിക്ഷേപ മാർഗങ്ങളിലേക്കു മാറിയിരിക്കുകയാണ്.
അതുകൊണ്ടു തന്നെ മ്യൂച്വൽ ഫണ്ടുകൾ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ മൂല്യം ഓഗസ്റ്റ് അവസാനത്തോടെ 12% വർധിച്ച് 75.19 ലക്ഷം കോടിയായി.
ഇത് കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 66.7 ലക്ഷം കോടിയായിരുന്നു. ഇതിൽ ഏറ്റവും വലിയ ഘടകമായ ഓഹരി-ബന്ധിത ഫണ്ടുകളിലെ ആസ്തികളുടെ മൂല്യം 53.9 ലക്ഷം കോടിയാണ്.
കടപ്പത്ര- ബന്ധിത ഫണ്ടുകൾ കഴിഞ്ഞ ഒരു വർഷം കൊണ്ട് 19.4 ശതമാനമാണ് വളർന്നത്.
എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളിലെയും ഇൻവെസ്റ്റ്മെന്റ് ഇൻഡക്സ് ഫണ്ടുകളിലെയും നിക്ഷേപം കഴിഞ്ഞ ഒരു വർഷത്തിനകം ഇരട്ടിയായി വർധിച്ചു. സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനുകളിലൂടെയാണ് ഓഹരി-ബന്ധിത നിക്ഷേപ പദ്ധതികൾക്ക് പുറത്തുള്ള പദ്ധതികളിലേക്കു മുഖ്യമായും നിക്ഷേപമെത്തുന്നത്.
ഇതിലേക്കുള്ള നിക്ഷേപം കഴിഞ്ഞ ഒരു വർഷം കൊണ്ട് 20% വളർന്ന് 28,265 കോടിയായി. ഡോളറിനെതിരെ രൂപയുടെ മൂല്യം അതിവേഗം താഴ്ന്നുകൊണ്ടിരിക്കുകയാണ്.
ഇപ്പോൾ ഇത് 88.70 എന്ന നിലയിലാണ്. എച്ച് 1ബി വീസയുടെ ഫീസ് 1,00,000 ഡോളറാക്കി ഉയർത്തിയതോടെ ഇന്ത്യയിൽ ഡോളറിന്റെ ആവശ്യം കൂടി.
അതേസമയം അമേരിക്ക ഇന്ത്യൻ ഉൽപന്നങ്ങളുടെ ഇറക്കുമതിത്തീരുവ 50% ആക്കി ഉയർത്തിയതോടെ, അങ്ങോട്ടുള്ള കയറ്റുമതി കുറഞ്ഞു.
കൂടാതെ വിദേശ നിക്ഷേപത്തിന്റെ ഒഴുക്കിലും കാര്യമായ കുറവുവന്നു. ഇക്കാരണങ്ങളാൽ ഇന്ത്യയിലേക്കുള്ള ഡോളറിന്റെ വരവു കുറഞ്ഞു.
ഈ പശ്ചാത്തലത്തിൽ രൂപയെ രക്ഷിക്കാൻ റിസർവ് ബാങ്ക് വിപണിയിൽ ഇടപെടേണ്ടതാണ്. എന്നാൽ രൂപയുടെ മൂല്യം ഡോളറിനെതിരെ ഒരു നിശ്ചിത നിലയിൽ നിർത്തുന്നതിൽ ആർബിഐ താൽപര്യം കാണിക്കുന്നില്ലെന്നാണ് കറൻസി വ്യാപാരികൾ പറയുന്നത്.
രൂപ സാവധാനം അങ്ങനെ മെലിയട്ടെ എന്നൊരു നിലപാടാണ് ആർബിഐയുടേതെന്ന് അവർ സംശയിക്കുന്നു.
രൂപ മെലിഞ്ഞാൽ അതിന്റെ ഗുണം ഏറ്റവും കൂടുതൽ കിട്ടുന്നത് കയറ്റുമതിക്കാർക്കാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ കയറ്റുമതിക്കാർക്കു അൽപം സന്തോഷം കൊടുക്കാമെന്നു രാജ്യത്തിന്റെ കേന്ദ്രബാങ്ക് ചിന്തിച്ചാൽ കുറ്റം പറയാനാകില്ല.
അഡ്വാൻസ് അഗ്രോലൈഫ്, ഫാബ്ടെക് ടെക്നോളജീസ്, ഓം ഫ്രെയ്റ്റ് ഫോർവേഡേഴ്സ്, ഗ്ലോട്ടിസ് എന്നിങ്ങനെ 4 മെയിൻബോർഡ് ഐപിഒകളും 14 എസ്എംഇ ഐപിഒകളും ഈ വാരമുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]