റഷ്യൻ എണ്ണ ഇറക്കുമതിയുടെ പേരിൽ ഇന്ത്യയ്ക്കെതിരെ കടുത്ത തീരുവ ചുമത്തണമെന്ന യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ആഹ്വാനം തള്ളി യൂറോപ്യൻ യൂണിയൻ അംഗ രാഷ്ട്രമായ ഫിൻലൻഡും. ഇന്ത്യയ്ക്കുമേൽ തീരുവ കൂട്ടാനല്ല, തീരുവ കുറയ്ക്കാനും അതുവഴി മെച്ചപ്പെട്ട
വ്യാപാരക്കരാർ യാഥാർഥ്യമാക്കാനുമാണ് ശ്രമിക്കുന്നതെന്ന് ഫിൻലൻഡ് വിദേശകാര്യ മന്ത്രി എലീന വോൾട്ടനെൻ പറഞ്ഞു.
ഇന്ത്യയ്ക്കുമേൽ 25% ഇറക്കുമതി തീരുവ പ്രഖ്യാപിച്ച ട്രംപ്, ഇതിനുപുറമേ റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിനുളള ‘ശിക്ഷ’യായി 25% കൂടി ചുമത്തി മൊത്തം 50% ആക്കിയിരുന്നു. നിലവിൽ യുഎസ് ഏറ്റവുമധികം തീരുവ ചുമത്തുന്ന 2 രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്.
ട്രംപുമായി കടുത്ത ഭിന്നതയിലുള്ള ബ്രസീലിനും 50 ശതമാനമാണ് ചുങ്കം.
അമേരിക്കയുടെ പാത പിന്തുടർന്ന് ഇന്ത്യയ്ക്കുമേൽ യൂറോപ്യൻ യൂണിയനും ജി7 രാഷ്ട്രങ്ങളും നാറ്റോയും 100% ഇറക്കുമതി തീരുവ ചുമത്തണമെന്ന് ട്രംപ് ആവശ്യപ്പെട്ടിരുന്നു. മൂന്ന് കൂട്ടായ്മകളും ട്രംപിന്റെ ആവശ്യം തള്ളി.
ഇന്ത്യയുമായി യൂറോപ്യൻ യൂണിയന്റെ വ്യാപാരക്കരാർ ഈ വർഷം തന്നെ യാഥാർഥ്യമാക്കുകയാണ് ലക്ഷ്യമെന്ന് യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല ഫോൻ ഡെർ ലേയെനും പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ ഇന്ത്യയ്ക്കൊപ്പമാണെന്ന പ്രസ്താവനയുമായി ഫിൻലൻഡും രംഗത്തെത്തിയത്.
അതേസമയം, യുക്രെയ്നെതിരായ റഷ്യയുടെ യുദ്ധത്തിന് അറുതിവരുത്താനുള്ള ശ്രമത്തിലാണ് യൂറോപ്പെന്ന് സൂചിപ്പിച്ച എലീന, ആ നീക്കത്തിൽ ഇന്ത്യയും പങ്കുചേരണമെന്നും പറഞ്ഞു.
ഇന്ത്യ സൂപ്പർ പവർ ആണെന്നും റഷ്യയും ചൈനയും ഉൾപ്പെടുന്ന ലിസ്റ്റിൽ കൂട്ടിക്കെട്ടേണ്ടെന്നും ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ്ബും കഴിഞ്ഞദിവസം പറഞ്ഞിരുന്നു.
ചൈനയും റഷ്യയും പതിറ്റാണ്ടുകളായി ഒരേദിശയിലാണ് നീങ്ങുന്നത്. ഇരുവരും തമ്മിലെ നയതന്ത്രബന്ധം, എണ്ണ-ഗ്യാസ് വ്യാപാരം തുടങ്ങിയവ തീർച്ചയായും യുക്രെയ്നെതിരായ യുദ്ധത്തിന് റഷ്യയ്ക്ക് സാമ്പത്തികാശ്വാസമാകുന്നുണ്ട്.
അതേസമയം, ഇന്ത്യ കാലങ്ങളായി യൂറോപ്പിന്റെയും അമേരിക്കയുടെയും സുഹൃത്താണ്. വൻ സാമ്പത്തികശക്തിയായ വളരുന്ന ഇന്ത്യയുമായി വ്യാപാരബന്ധം ശക്തമാക്കാനാണ് ശ്രമമെന്ന് സ്റ്റബ് പറഞ്ഞു.
റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാൻ ഇന്ത്യയ്ക്ക് നിർണായപങ്ക് വഹിക്കാനാകുമെന്ന് പറഞ്ഞ സ്റ്റബ്, ഇതേക്കുറിച്ച് നേരത്തേ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സംസാരിച്ചിരുന്നുവെന്നും വ്യക്തമാക്കി.
ഓഗസ്റ്റിൽ മോദിയും സ്റ്റബ്ബും തമ്മിൽ ഫോണിൽ സംസാരിക്കുകയും ഇരു രാജ്യങ്ങളും തമ്മിലെ ഉഭയകക്ഷി വ്യാപാരം ശക്തമാക്കുന്നത് ചർച്ച ചെയ്യുകയും ചെയ്തിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]