
ഇന്ത്യക്കുവേണ്ടി ക്രിക്കറ്റിൽ മികച്ച പ്രകടനം കാഴ്ചവച്ച് ആരാധക ഹൃദയത്തിൽ കയറിക്കൂടിയ നിരവധി താരങ്ങൾ പിന്നീട് ഒട്ടേറെ കമ്പനികളുടെ ബ്രാൻഡ് അംബാസഡർമാരാകുന്നത് നാം കണ്ടിട്ടുണ്ട്. സച്ചിൻ തെണ്ടുൽക്കറും മഹേന്ദ്ര സിങ് ധോണിയും വിരാട് കോലിയും രോഹിത് ശർമയും സൗരവ് ഗാംഗുലിയും രാഹുൽ ദ്രാവിഡുമെല്ലാം ചില ഉദാഹരണങ്ങൾ മാത്രം. ഇവരെല്ലാം പ്രധാനമായും ബാറ്റർമാരായിരുന്നു എന്നതാണ് കൗതുകം. ബൗളർമാരിൽ നിന്ന് ബ്രാൻഡുകളുടെ ലോകത്തെ പിച്ചിൽ ശ്രദ്ധേയതാരമായി മാറുകയാണ് ഇന്ത്യൻ ടീമിന്റെ നിലവിലെ ബൗളിങ് ഡിപ്പാർട്ട്മെന്റിന്റെ കുന്തമുനയായ ജസ്പ്രീത് ബുമ്ര.
20 ഓളം ബ്രാൻഡുകളുടെ അംബാസഡറാണ് നിലവിൽ ബുമ്രയെന്ന് ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഓരോ ബ്രാൻഡിൽ നിന്നും അദ്ദേഹം കൈപ്പറ്റുന്ന പ്രതിഫലം ശരാശരി മൂന്ന് കോടി രൂപയും. റൈസ് വേൾഡ്വൈഡ് എന്ന കമ്പനിയാണ് 2018 മുതൽ ബുമ്രയുടെ സാമ്പത്തികം, സോഷ്യൽമീഡിയ, പിആർ, മാർക്കറ്റിങ് കാര്യങ്ങൾ കൈകാര്യം ചെയ്യുന്നത്.
വിക്കറ്റ് നേട്ടം ആഘോഷിക്കുന്ന ജസ്പ്രിത് ബുമ്ര. (Photo by Punit PARANJPE / AFP)
ബുമ്രയുടെ മൂർച്ചയേറിയ യോർക്കറുകൾ ബാറ്റർമാരുടെ വിക്കറ്റ് തെറിപ്പിക്കുന്നതുപോലെ, അദ്ദേഹത്തിന്റെ സൗമ്യമായ പെരുമാറ്റവും വിശ്വാസ്യതയും കഠിനാധ്വാനവും ഉപഭോക്താക്കളുടെ മനസ്സ് കീഴടക്കാനും സഹായിക്കുമെന്ന് ബ്രാൻഡുകൾ കരുതുന്നതായി റൈസ് വേൾഡ്വൈഡ് ചൂണ്ടിക്കാട്ടുന്നു. ഡ്രീം11, റോയൽ സ്റ്റാഗ്, തംപ്സ് അപ് തുടങ്ങിയ ബ്രാൻഡുകളുമായാണ് ബുമ്രയുടെ സഹകരണം.
2021-2024 കാലയളവിൽ അദ്ദേഹവുമായി സഹകരിച്ച 50% ബ്രാൻഡുകളുടെയും മൂല്യത്തിൽ 51.25% വളർച്ചയുണ്ടായി. ബുമ്രയുമായുള്ള കരാർ പുതുക്കുന്നതിലെ വളർച്ച 260 ശതമാനവുമാണ്. ഇൻസ്റ്റാഗ്രാം, യൂട്യൂബ്, എക്സ്, ഫെയ്സ്ബുക്ക് എന്നിവയിലായി 3.3 കോടിയോളം പേർ ബുമ്രയെ ഫോളോ ചെയ്യുന്നുണ്ട്. നിലവിൽ ക്രിക്കറ്റിൽ സജീവമായവരിൽ രാജ്യാന്തര തലത്തിൽ ഏറ്റവുമധികം ഫോളോവേഴ്സുള്ള 5 താരങ്ങളിൽ ഒരാളുമാണ് ബുമ്ര.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]