ആഭരണപ്രിയരുടെയും വിവാഹം ഉൾപ്പെടെ വിശേഷാവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങാൻ ശ്രമിക്കുന്നവരുടെയും നെഞ്ചിൽ നിരാശയുടെ കണ്ണീർമഴ പെയ്യിച്ച് സ്വർണവില കേരളത്തിൽ ഇന്ന് കത്തിക്കയറി പുത്തൻ ഉയരത്തിലെത്തി. പവന് ഇന്ന് ഒറ്റയടിക്ക് കൂടിയത് 1,200 രൂപ.
വില ദാ 77,000 രൂപയ്ക്ക് തൊട്ടരികിലുമെത്തി. 76,960 രൂപയിലാണ് ഇന്ന് വ്യാപാരം.
77,000 രൂപയെന്ന ‘മാന്ത്രിക സംഖ്യ’യിലേക്ക് വെറും 40 രൂപയുടെ അകലം.
ഗ്രാം വില 150 രൂപ ഉയർന്ന് 9,620 രൂപയായി. കേരളത്തിൽ ഒറ്റ ഗ്രാമിന് വില 9,500 രൂപപോലും ഭേദിച്ചത് ഇതാദ്യം.
എന്നാൽ ഈ വിലയ്ക്ക് സ്വർണാഭരണം കിട്ടുമോ? ഇല്ലേയില്ല. ഇതോടൊപ്പം 3% ജിഎസ്ടിയും മിനിമം 5% പണിക്കൂലിയും 53.10 രൂപ ഹോൾമാർക്ക് ഫീസും കൂടിച്ചേർത്താലേ ആഭരണവിലയാകൂ.
അതായത്, മിനിമം 10,405 രൂപ കൊടുത്താലേ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണാഭരണം വാങ്ങാനാകൂ. ഒരു പവൻ ആഭരണത്തിന് 83,245 രൂപയും.
പണിക്കൂലി ആഭരണത്തിന്റെ ഡിസൈനിന് അനുസരിച്ച് മൂന്നു മുതൽ 35% വരെയൊക്കെയാകാം. പണിക്കൂലി കൂടുന്നതിനു അനുസരിച്ച് സ്വർണത്തിന്റെ വാങ്ങൽവിലയും കൂടും.
എന്തുകൊണ്ടാണ് സ്വർണവില ഇങ്ങനെ കുതിച്ചുകയറുന്നത്?
കാരണങ്ങൾ നോക്കാം:
1)
അമേരിക്ക:
ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥയായ അമേരിക്കയിൽ കഴിഞ്ഞമാസത്തെ (ജൂലൈ) ഉപഭോക്തൃവില നിലവാരം (പഴ്സനൽ കൺസംപ്ഷൻ എക്സ്പെൻഡിചർ പ്രൈസ് ഇൻഡക്സ്/പിസിഇ) 2.6 ശതമാനത്തിലെത്തി.
മാസാടിസ്ഥാനത്തിൽ ഇത് 0.3 ശതമാനവുമാണ്. വാർഷിക, മാസാടിസ്ഥാനത്തിൽ മുൻമാസത്തെ അപേക്ഷിച്ച് കാര്യമായ മാറ്റമില്ല.
അതായത്, യുഎസിൽ സെപ്റ്റംബറിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത കൂടി.
2)
പലിശ:
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയുന്നത് സ്വർണത്തിന് നേട്ടമാകും. കാരണം, പലിശനിരക്ക് കുറയുമ്പോൾ ബാങ്ക് നിക്ഷേപങ്ങൾ, കടപ്പത്രം, ഡോളർ എന്നിവ അനാകർഷകമാകും.
നിക്ഷേപകർ കൂടുതൽ നേട്ടം പ്രതീക്ഷിച്ച് ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങളിലേക്ക് തിരിയും. ഇത് സ്വർണവില കൂടാനും സഹായിക്കും.
പലിശനിരക്ക് കുറയുമെന്ന പ്രതീക്ഷയുടെ കരുത്തിലാണ് സ്വർണക്കുതിപ്പ്. കഴിഞ്ഞ രണ്ടുദിവസത്തിനിടെ മാത്രം യുഎസിൽ ഗോൾഡ് ഇടിഎഫിൽ എത്തിയത് 15 ടൺ സ്വർണത്തിന് തുല്യമായ നിക്ഷേപമാണ്.
3)
രാജ്യാന്തര വില:
കഴിഞ്ഞ ഒരുമാസത്തിനിടയിലെ ഏറ്റവും മികച്ച മുന്നേറ്റത്തിലാണ് രാജ്യാന്തര സ്വർണവില.
ഔൺസിന് 3,404 ഡോളറിൽ നിന്ന് ഒരുഘട്ടത്തിൽ 3,353 ഡോളർ വരെ ഉയർന്ന വില, ഇപ്പോഴുള്ളത് 32 ഡോളർ നേട്ടവുമായി 3,447 ഡോളറിൽ. രാജ്യാന്തരവില കൂടിയതിന്റെ ചുവടുപിടിച്ചാണ് കേരളത്തിലും വിലക്കുതിപ്പ്.
4)
ഇന്ത്യൻ റുപ്പി:
രൂപ ഇന്നലെ ഡോളറിനെതിരെ ചരിത്രത്തിലെ ഏറ്റവും താഴ്ചയായ 88.29 വരെ കൂപ്പുകുത്തി.
വ്യാപാരാന്ത്യത്തിൽ മൂല്യം 88.19. രൂപ തളരുകയും ഡോളർ ശക്തമാവുകയും ചെയ്തതോടെ സ്വർണത്തിന്റെ ഇറക്കുമതിച്ചെലവ് വർധിച്ചു.
ഇതും ആഭ്യന്തര സ്വർണവിലയിൽ പ്രതിഫലിച്ചു.
5)
ട്രംപും കുക്കും:
യുഎസ് കേന്ദ്രബാങ്കിന്റെ ഗവർണർ ലീസ കുക്കിനെ വായ്പാച്ചട്ടങ്ങളിൽ തിരിമറി കാട്ടിയെന്ന ആരോപണത്തെ തുടർന്ന് പ്രസിഡന്റ് ട്രംപ് പുറത്താക്കിയിരുന്നു. ഇതിനെതിരെ കുക്ക് കോടതിയെ സമീപിച്ചു.
ട്രംപും കേന്ദ്രബാങ്കും തമ്മിലെ ഇത്തരം ഭിന്നതകൾ യുഎസ് കേന്ദ്രബാങ്കിന്റെ വിശ്വാസ്യതയെ തകർക്കുകയാണെന്നാണ് വിലയിരുത്തൽ. ഇതും സ്വർണത്തിന് നേട്ടമായി.
6)
യുദ്ധം:
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് ശമനമില്ലാത്തതും സ്വർണത്തിന് ഗുണം ചെയ്യുന്നത്.
സാമ്പത്തിക അനിശ്ചിതത്വം, യുദ്ധം പോലുള്ള പ്രതിസന്ധികൾക്കിടെ സ്വർണവില കൂടുകയാണ് ചെയ്യുക. ‘സുരക്ഷിത നിക്ഷേപം’ എന്ന പെരുമ കിട്ടുന്നതാണ് കാരണം.
വെള്ളിക്കും വമ്പൻ കുതിപ്പ്
സംസ്ഥാനത്ത് ‘കുഞ്ഞു’ കാരറ്റ് സ്വർണത്തിനും വെള്ളിക്കും ഇന്ന് വില കുതിച്ചുയർന്നു.
18 കാരറ്റ് സ്വർണവില ഗ്രാമിന് 125 രൂപ വർധിച്ച് സർവകാല ഉയരമായ 7,955 രൂപയായി. ചില വ്യാപാരികൾ നിശ്ചയിച്ച വില പക്ഷേ, 120 രൂപ ഉയർത്തി 7,895 രൂപയാണ്.
വെള്ളി വില ചില ജ്വല്ലറികളിൽ ഗ്രാമിന് 3 രൂപ ഉയർന്ന് റെക്കോർഡ് 131 രൂപയായി.
ഒരു വിഭാഗം വ്യാപാരികൾ നൽകിയ വിലയാകട്ടെ ഗ്രാമിന് ഒരു രൂപ ഉയർത്തി 128 രൂപ. 14 കാരറ്റ് സ്വർണവില ഗ്രാമിന് 90 രൂപ ഉയർന്ന് 6,145 രൂപയും 9 കാരറ്റ് വില 55 രൂപ മുന്നേറി 3,970 രൂപയുമായി.
രണ്ടും റെക്കോർഡാണ്. ∙ സുരക്ഷിത നിക്ഷേപം എന്ന പെരുമ വെള്ളിക്കുമുണ്ട്.
രാജ്യാന്തരവില ഔൺസിന് 1.73% നേട്ടവുമായി 39.74 ഡോളറായി. ഇതാണ് കേരളത്തിലും വില കൂടാനിടയാക്കിയത്.
∙ വെള്ളിയാഭരണങ്ങൾ, പാത്രങ്ങൾ, പൂജാസാമഗ്രികൾ എന്നിവ വാങ്ങുന്നവർക്കും വ്യാവസായിക ആവശ്യത്തിന് വെള്ളി ഉപയോഗിക്കുന്നവർക്കും ഈ വില വർധന തിരിച്ചടിയാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]