കൊച്ചി ∙ അമേരിക്കയിലെ ന്യൂജഴ്സിയിൽ 1890 ൽ പണിത ഡച്ച് ഹെറിറ്റേജ് ബംഗ്ലാവിന്റെ സ്വീകരണ മുറിയിലിരുന്ന് ബിബിസിയും സിഎൻഎന്നും ഫോക്സ് ടിവിയും മാറിമാറിക്കാണുകയാണ് ചോയ്സ് ഗ്രൂപ്പ് ചെയർമാൻ ജോസ് തോമസ്. ട്രംപിന്റെ ഇരട്ടിത്തീരുവയിൽ എന്തെങ്കിലും മാറ്റമുണ്ടോ? ഇന്തോ–യുഎസ് വ്യാപാരത്തിലെ പിരിമുറുക്കം അയയുന്നുണ്ടോ? ഭൗമരാഷ്ട്രീയത്തിന്റെ കാറ്റ് എങ്ങോട്ടാണ് മാറിവീശുന്നതെന്ന് പറയാൻ കഴിയില്ലല്ലോ….
40 വർഷത്തിലേറെയായി അമേരിക്കയിലെ തീൻമേശകളിലും സൂപ്പർമാർക്കറ്റുകളിലും സജീവ സാന്നിധ്യമാണ് ചോയ്സ് ഫുഡ്സ്.
‘ടേസ്റ്റി ചോയ്സ് ’ എന്ന റെഡി ടു കുക്ക് വിഭവങ്ങളും യുഎസ് വിപണിക്ക് സുപരിചിതം. ഇന്ത്യയിൽ നിന്നുള്ള വനാമി ചെമ്മീൻ കയറ്റുമതിയിൽ വലിയ പങ്കാളിത്തമുള്ള കമ്പനിയുടെ ഉടമ കൂടിയായ ജോസ് തോമസ് യുഎസ് തീരുവ വരുത്തിയ ആഘാതത്തെ ഇന്ത്യ നയതന്ത്ര സമീപനത്തിൽ പരിഹരിക്കുമെന്ന ആത്മവിശ്വാസത്തിലാണ്.
‘‘ഇതൊരു സാമ്പത്തിക അടിയന്തരഘട്ടമാണ്.
യുഎസ് തീരുമാനം തീർത്തും തെറ്റാണ്. അതവർക്കു വേണ്ടിയാണെന്ന് യുഎസിന് ന്യായീകരിക്കാം.
അപ്പോൾ നമ്മളും നമുക്കു വേണ്ടി മുന്നിട്ടിറങ്ങണം. ഇന്ത്യ താരിഫ് വർധനയ്ക്ക് 6 മാസത്തെ സാവകാശം യുഎസിനോട് ആവശ്യപ്പെടണം.
അതിനിടെ യുക്രെയ്ൻ യുദ്ധം ചിലപ്പോൾ നിന്നേക്കാം. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്ന അളവ് കുറച്ചെങ്കിൽ അത് യുഎസിനെ ബോധ്യപ്പെടുത്തുക.
ഇന്ത്യയെ സംബന്ധിച്ച് യുഎസിനെ എളുപ്പം പിണക്കാനാകില്ല. അവിടെ എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്ന എത്രയോ ഇന്ത്യക്കാരുണ്ട്.
3000 കോടി ഡോളറിന്റെ കയറ്റുമതിയിൽ ഇരട്ടിത്തീരുവ കൂടി വരുന്നതോടെ നമുക്ക് 1500 കോടി ഡോളർ അധികമായി നൽകേണ്ടി വരും. അത് നമ്മുടെ വിദേശനാണയ ശേഖരത്തെയാണ് ബാധിക്കുന്നത്.
വ്യാപാരക്കമ്മി കൂടും. ’’– ജോസ് തോമസ് ചൂണ്ടിക്കാട്ടുന്നു.
സാമ്പത്തിക വർഷത്തിന്റെ മൂന്നാം പാദത്തിൽ അമേരിക്കയിൽ സാമ്പത്തിക മാന്ദ്യം വരുമെന്നാണ് ജോസ് തോമസിന്റെ പ്രവചനം.‘‘ സാധനങ്ങളുടെ വില കുത്തനെ കൂടുകയാണ്.
ശമ്പള വർധനയില്ലാതെ സാധനങ്ങളുടെ വില കൂടിയാൽ മാന്ദ്യം സ്വാഭാവികം. ഇന്ത്യൻ ചെമ്മീനിനെ അത്ര എളുപ്പമൊന്നും മാറ്റിപ്പിടിക്കാൻ അമേരിക്കയ്ക്കും കഴിയില്ല.
ഇക്വഡോർ ചെമ്മീൻ ഫാമുകളിൽ കെമിക്കൽ ഉപയോഗിക്കുന്നതു കൊണ്ട് അമേരിക്ക അവരുടെ പ്രോഡക്ട് അത്ര പെട്ടെന്ന് വാങ്ങില്ല. വിയറ്റ്നാമിന് ഇന്ത്യ നൽകുന്ന അത്രയും വലിയ അളവിൽ പ്രോഡക്ട് നൽകാനുമാകില്ല.
ആന്ധ്രയിലും മറ്റും ഞങ്ങൾക്ക് ചെമ്മീൻ തരുന്ന കർഷകർക്ക് ഒരു പ്രതിസന്ധിയുണ്ടാകാതെ ഞങ്ങൾ ഇപ്പോൾ നോക്കുന്നുണ്ട്. ’’അദ്ദേഹം പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]