
പ്രധാനന്ത്രി നരേന്ദ്ര മോദിക്ക് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള സൗഹൃദവും ഏശിയില്ല. ഇന്ത്യയെ 25% ഇറക്കുമതി തീരുവ ചുമത്തി ‘നോവിച്ച്’ ട്രംപ്.
ഇന്ത്യ ലോകത്ത് ഏറ്റവുമധികം നികുതി ഈടാക്കുന്ന രാജ്യമാണെന്നും ഇന്ത്യയുമായി യുഎസിനുള്ളത് വൻ വ്യാപാരക്കമ്മിയാണെന്നും വ്യക്തമാക്കിയാണ് കനത്ത ഇറക്കുമതി തീരുവ ട്രംപ് പ്രഖ്യാപിച്ചത്. ട്രംപ് നേരത്തെ ഇന്ത്യയെ ‘നികുതി രാജാവ്’ എന്നും വിളിച്ചിട്ടുണ്ട്.
റഷ്യയിൽ നിന്ന് എണ്ണ (ക്രൂഡ് ഓയിൽ) ഇറക്കുമതി ചെയ്യുന്ന ഇന്ത്യയ്ക്ക് പിഴയും ചുമത്തുമെന്ന് ട്രംപ് പറഞ്ഞെങ്കിലും അതെന്തായിരിക്കുമെന്ന് വ്യക്തമാക്കിയില്ല.
യുക്രെയ്നിൽ ഒട്ടേറെപ്പേരെ കൊലപ്പെടുത്തുന്ന റഷ്യയെ എണ്ണ വൻതോതിൽ വാങ്ങി ഇന്ത്യ സാമ്പത്തികമായി പിന്തുണയ്ക്കുകയാണെന്ന് ആരോപിച്ചാണ് ട്രംപ് പിഴയും പ്രഖ്യാപിച്ചത്. റഷ്യയിൽ നിന്ന് ഇന്ത്യ ആയുധങ്ങൾ വാങ്ങുന്നതും ട്രംപ് ചൂണ്ടിക്കാട്ടി.
ഓഗസ്റ്റ് ഒന്നുമുതൽ 25% തീരുവ പ്രാബല്യത്തിലാകുമെന്ന് ട്രംപ് പറഞ്ഞു.
അതേസമയം, വ്യാപാരക്കരാർ ചർച്ചയിൽ ഇന്ത്യ വിട്ടുവീഴ്ചയ്ക്ക് തയാറാകാത്തതാണ് ട്രംപ് ഏകപക്ഷീയമായി ഉയർന്ന തീരുവ പ്രഖ്യാപിക്കാൻ ഇടയാക്കിയതെന്നാണ് സൂചനകൾ. ഇന്ത്യയുടെ ക്ഷീര, കാർഷിക വിപണികൾ തുറന്നുകിട്ടണമെന്നും ജനിതകമാറ്റം വരുത്തിയ കാർഷികോൽപന്നങ്ങളുടെ വിൽപന അനുവദിക്കണമെന്നും ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇതനുവദിച്ചാൽ രാജ്യത്തെ കർഷകർക്കത് വൻ തിരിച്ചടിയാകുമെന്നും കടുത്ത പ്രക്ഷോഭങ്ങളുണ്ടാകുമെന്നും വിലയിരുത്തിയ കേന്ദ്രസർക്കാർ, ട്രംപിനു മുന്നിൽ ഇനി വിട്ടുവീഴ്ച വേണ്ടെന്ന നിലപാട് എടുത്തിരുന്നു.
ഇന്ത്യയ്ക്ക് കനത്ത ആഘാതം
വ്യാപാര രംഗത്തെ എതിരാളികളെ അപേക്ഷിച്ച് കുറഞ്ഞ തീരുവയേ ചുമത്താവൂ എന്ന് കഴിഞ്ഞ ദിവസങ്ങളിൽ നടന്ന വ്യാപാരക്കരാർ ചർച്ചകളിൽ ഇന്ത്യ യുഎസിനോട് ആവശ്യപ്പെട്ടിരുന്നു. നേരത്തേ ഏപ്രിൽ രണ്ടിന് പ്രാബല്യത്തിൽ വരുംവിധം ട്രംപ് പകരംതീരുവ (റെസിപ്രോക്കൽ താരിഫ്) പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയ്ക്ക് ചുമത്തിയത് 10% അടിസ്ഥാന തീരുവയടക്കം 36% ആയിരുന്നു.
വിയറ്റ്നാമിന് 56%, ഇന്തൊനീഷ്യക്ക് 47% എന്നിങ്ങനെയുമായിരുന്നു ട്രംപ് ചുമത്തിയിരുന്നത്.
ചൈനയ്ക്ക് 44 ശതമാനവുമായിരുന്നു. ട്രംപ് പിന്നീടിതെല്ലാം 3 മാസത്തേക്ക് മരവിപ്പിച്ചശേഷം വ്യാപാര ഡീൽ സംബന്ധിച്ച ചർച്ചകളിലേക്ക് കടക്കുകയായിരുന്നു.
ഇതുപ്രകാരം വിയറ്റ്നാമിന് 20%, ജപ്പാന് 15%, യൂറോപ്യൻ യൂണിയന് 15%, ഫിലിപ്പീൻസിന് 19%, ഇന്തൊനീഷ്യക്ക് 19% എന്നിങ്ങനെയാണ് പുതുതായി പ്രഖ്യാപിച്ചത്. ഇവരേക്കാൾ കുറഞ്ഞ തീരുവയാണ് ഇന്ത്യ ആവശ്യപ്പെട്ടത്.
എന്നാൽ, ട്രംപ് പ്രഖ്യാപിച്ചത് ഇതിനേക്കാളെല്ലാം ഉയർന്ന തീരുവ; പുറമെ റഷ്യൻ എണ്ണ വാങ്ങുന്നതിന് പിഴയും.
∙ കയറ്റുമതി രംഗത്ത് എതിരാളികളുടെമേൽ മുൻതൂക്കം നേടാനുള്ള അവസരം ഇന്ത്യയ്ക്ക് നഷ്ടമായി.
∙ നിലവിൽ ചൈനീസ് ഉൽപന്നങ്ങൾക്ക് 30% തീരുവയാണ് യുഎസ് ഈടാക്കുന്നത്. ചൈനയിൽ നിന്ന് കൂടൊഴിയുന്ന കമ്പനികളെ ഇന്ത്യയിലേക്ക് ആകർഷിക്കാനുള്ള അവസരവും ഇല്ലാതാകും.
കമ്പനികൾ വിയറ്റ്നാം, ഇന്തൊനീഷ്യ, ഫിലിപ്പീൻസ് എന്നിവിടങ്ങളിലേക്ക് മാറുന്നതായിരിക്കും പരിഗണിക്കുക.
∙ ഐഫോൺ നിർമാതാക്കളായ ആപ്പിൾ ഇന്ത്യയിൽ ഉൽപാദനം കൂട്ടുന്നതിനുള്ള തയാറെടുപ്പിലായിരുന്നു. ട്രംപ് തീരുവ കൂട്ടിയത് ആപ്പിളിന്റെ ഇന്ത്യയിലെ പുതിയ നിക്ഷേപ പദ്ധതികളെ ബാധിച്ചേക്കും.
ഐഫോൺ വിലയും ഉയരും.
∙ ആപ്പിളിന്റെ മൊത്തം ഐഫോൺ കയറ്റുമതിയിൽ 25% നിലവിൽ യുഎസിലേക്കാണ്.
ജിഡിപിക്കും തിരിച്ചടി
യുഎസ് 20% തീരുവ ചുമത്തിയാൽതന്നെ ഇന്ത്യയുടെ ജിഡിപി വളർച്ചയിൽ അതു 0.50% ഇടിവിന് വഴിവയ്ക്കുമെന്നാണ് വിലയിരുത്തൽ. ഇപ്പോൾ 25 ശതമാനമാണ് പ്രഖ്യാപിച്ചതെന്നിരിക്കെ, ജിഡിപിയിൽ കൂടുതൽ ആഘാതം ഇന്ത്യ നേരിട്ടേക്കാം.
ഇന്ത്യ-യുഎസും തമ്മിലെ വ്യാപാരബന്ധം
ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളികളിലൊന്നാണ് യുഎസ്.
2024-25ൽ മൊത്തം 131.84 ബില്യൻ ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം ഇരു രാജ്യങ്ങളും തമ്മിൽ നടന്നു. ഇതിൽ ഇന്ത്യയിൽ നിന്ന് യുഎസിലേക്കുള്ള കയറ്റുമതി 11.6% ഉയർന്ന് 86.51 ബില്യൻ ഡോളറിലെത്തി.
2023-24ൽ 77.52 ബില്യൻ ഡോളറായിരുന്നു.
യുഎസിൽ നിന്നുള്ള ഇറക്കുമതി 42.2 ബില്യൻ ഡോളറിൽ നിന്ന് 7.44% ഉയർന്ന് 45.33 ബില്യൻ ഡോളറായി. അതായത്, യുഎസുമായി ഇന്ത്യയ്ക്കുള്ളത് 41.18 ബില്യൻ ഡോളറിന്റെ വ്യാപാര സർപ്ലസ്.
2023-24ൽ 35.32 ബില്യൻ ഡോളറായിരുന്നു. ഇതാണ് കനത്ത തീരുവ ഇന്ത്യയ്ക്കുമേൽ ചുമത്താനുള്ള കാരണമായി ട്രംപ് ഇപ്പോൾ ചൂണ്ടിക്കാട്ടുന്നതും.
മരുന്നുകൾ, ടെലികോം ഉപകരണങ്ങൾ, ജെം ആൻഡ് ജ്വല്ലറി, പെട്രോളിയം ഉൽപന്നങ്ങൾ, വസ്ത്രം, ഇരുമ്പ്, സ്റ്റീൽ എന്നിവയാണ് ഇന്ത്യ പ്രധാനമായും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്നത്.
ഇലക്ട്രോണിക്സ് കയറ്റുമതിയും ശക്തം. യുഎസിൽ നിന്ന് ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപന്നങ്ങൾ, വജ്രം, ഇലക്ട്രിക് മെഷിനറികൾ, എയർക്രാഫ്റ്റ്-സ്പേസ്ക്രാഫ്റ്റ് ഘടകങ്ങൾ, സ്വർണം എന്നിവയാണ് കൂടുതലായി വാങ്ങുന്നത്.
∙ ഇന്ത്യ ശരാശരി 15% തീരുവ യുഎസിൽ നിന്നുള്ള ഉൽപന്നങ്ങൾക്കുമേൽ ഈടാക്കുന്നുണ്ട്.
വാഹന ഇറക്കുമതിക്ക് ഇതു 110 ശതമാനം വരെയാണ്. കാർഷികോൽപന്നങ്ങൾക്ക് 39%.
∙ യുഎസിന്റെ പാൽക്കട്ടിക്ക് (ചീസ്) 30%, വെണ്ണയ്ക്ക് 40%, പാൽപ്പൊടിക്ക് 60% എന്നിങ്ങനെ കനത്ത തീരുവ ഇന്ത്യ നിലവിൽ ഈടാക്കുന്നുണ്ട്.
∙ ഇന്ത്യയുടെ ഉൽപന്നങ്ങൾക്ക് യുഎസ് ഈടാക്കുന്ന തീരുവ ശരാശരി 2-3% ആയിരുന്നു; ഇതാണ് ഓഗസ്റ്റ് ഒന്നുമുതൽ 25% ആകുക.
രൂപയ്ക്ക് കനത്ത സമ്മർദം; പ്രതീക്ഷിക്കാം ഓഹരി വിപണിയിലും പ്രകമ്പനം
ഇന്ത്യയ്ക്കുമേൽ 20-25% തീരുവയാകും പ്രഖ്യാപിക്കുകയെന്ന സൂചന ഇന്നലത്തെന്നെ ട്രംപ് നൽകിയിരുന്നു.
ഇന്ന് രൂപയ്ക്ക് ആഘാതവുമായി. ഡോളറിനെതിരെ 52 പൈസ താഴ്ന്ന് 87.43ൽ ആണ് രൂപ വ്യാപാരം അവസാനിപ്പിച്ചത്.
കഴിഞ്ഞ 5 മാസത്തെ ഏറ്റവും താഴ്ന്ന മൂല്യമാണിത്. കഴിഞ്ഞ ഫെബ്രുവരിയിലെ 87.95 ആണ് റെക്കോർഡ്.
രാജ്യാന്തര ക്രൂഡ് ഓയിൽ വില വീണ്ടും 70 ഡോളർ ഭേദിച്ചതും രൂപയ്ക്ക് തിരിച്ചടിയായിട്ടുണ്ട്.
ട്രംപ് കനത്ത ഇറക്കുമതി തീരുവ പ്രഖ്യാപിച്ചതോടെ ഇന്ത്യൻ കയറ്റുമതി മേഖല സമ്മർദത്തിലാകും. ഇറക്കുമതിച്ചെലവും വർധിക്കുമെന്നത് വ്യാപാര, കറന്റ് അക്കൗണ്ട് കമ്മികളും കൂടാനിടയാക്കും.
ക്രൂഡ് ഓയിൽ വില വർധന, ഓഹരി വിപണിയിൽ നിന്നുള്ള വിദേശ നിക്ഷേപത്തിന്റെ കൊഴിഞ്ഞുപോക്ക് എന്നിവയും കൂടിയാകുമ്പോൾ രൂപ കൂടുതൽ തളർച്ച നേരിട്ടേക്കാം.
മരുന്ന്, സമുദ്രോൽപന്നങ്ങൾ, വസ്ത്രങ്ങൾ, ആഭരണങ്ങൾ തുടങ്ങിയവ യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന കേരളത്തിൽ നിന്നുള്ളവയടക്കം ഇന്ത്യൻ കമ്പനികൾക്ക് ട്രംപിന്റെ പുതിയ തീരുവ തിരിച്ചടിയാകും. കയറ്റുമതി വരുമാനം കുറയാനിടയാക്കും.
ഇത് ഈ കമ്പനികളുടെ ഓഹരികളെയും ഉലച്ചേക്കാം.
ചെമ്പും മരുന്നും
പ്രതിവർഷം 10,000 ചെമ്പ് (കോപ്പർ) യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. കോപ്പറിനുമേൽ 40% തീരുവ ചുമത്തുമെന്ന് ട്രംപ് ഭീഷണി മുഴക്കിയിട്ടുണ്ട്.
കൂടുതൽ തിരിച്ചടി നേരിട്ടേക്കുള്ള മരുന്നു കമ്പനികളാണ്. 200% തീരുവ ഈടാക്കാനാണ് ട്രംപിന്റെ നീക്കം.
ഇന്ത്യയുടെ മൊത്തം മരുന്നു കയറ്റുമതിയിൽ ഏതാണ്ട് പാതിയോളവും യുഎസിലേക്കാണ്. ശരാശരി 70,000 കോടി രൂപയുടെ കയറ്റുമതി വരുമാനമാണ് ഈയിനത്തിൽ ഇന്ത്യ നേടുന്നത്.
ഇന്ത്യയും റഷ്യൻ എണ്ണയും
2022ൽ യുക്രെയ്നുമേൽ റഷ്യ യുദ്ധം ആരംഭിക്കുകയും യുഎസും യൂറോപ്യൻ യൂണിയനും റഷ്യയ്ക്കുമേൽ കടുത്ത ഉപരോധം പ്രഖ്യാപിക്കുകയും ചെയ്തശേഷമായിരുന്നു ഇന്ത്യ വൻതോതിൽ റഷ്യൻ എണ്ണ വാങ്ങിത്തുടങ്ങിയത്.
അതിനുമുമ്പ് ഇന്ത്യയിലേക്കുള്ള മൊത്തം ക്രൂഡ് ഓയിൽ ഇറക്കുമതിയിൽ റഷ്യയുടെ വിഹിതം ഒരു ശതമാനത്തിലും താഴെയായിരുന്നു. കഴിഞ്ഞവർഷം ഇത് 40 ശതമാനമായി കൂടുകയും ഇന്ത്യയുടെ ഏറ്റവും വലിയ ക്രൂഡ് ഓയിൽ സ്രോതസ്സായി റഷ്യ മാറുകയും ചെയ്തു.
കഴിഞ്ഞമാസം (ജൂൺ) പ്രതിദിനം 2.08 മില്യൻ ബാരൽ വീതം റഷ്യൻ എണ്ണയാണ് ഇന്ത്യ വാങ്ങിയത്.
കഴിഞ്ഞ 11 മാസത്തെ ഏറ്റവും ഉയരമാണിത്. വിപണിവിലയേക്കാൾ വൻതോതിൽ ഡിസ്കൗണ്ട് നൽകിയാണ് റഷ്യ ഇന്ത്യൻ വിപണി പിടിച്ചെടുത്തത്.
ഇന്ത്യ-അമേരിക്ക: എഫ്ഡിഐയും ആയുധവും
യുഎസിൽ നിന്നും ഇന്ത്യ വൻതോതിൽ ക്രൂഡ് ഓയിൽ വാങ്ങുന്നുണ്ട്.
യുഎസിൽ നിന്നുള്ള മൊത്തം വാണിജ്യ ഇറക്കുമതിയിൽ എണ്ണയുടെ വിഹിതം 2013ൽ 7 ശതമാനം ആയിരുന്നെങ്കിൽ 2024ൽ അത് 31.5 ശതമാനത്തിലെത്തി. യുഎസിൽ നിന്ന് ഇന്ത്യയിലേക്ക് നേരിട്ടുള്ള വിദേശ നിക്ഷേപം (എഫ്ഡിഐ) 2016-17ലെ 30.2 ബില്യൻ ഡോളറിൽ നിന്ന് 2024-25ൽ 70.7 ബില്യനിലെത്തി.
∙ ഇന്ത്യയുടെ മൊത്തം ആയുധ ഇറക്കുമതിയിൽ 13% ഇപ്പോൾ യുഎസിൽ നിന്നാണ്.
ഒരുദശാബ്ദം മുൻപ് യുഎസിന്റെ വിഹിതം 8 ശതമാനമായിരുന്നു.
എന്തായിരിക്കും ട്രംപ് വിധിക്കുന്ന പിഴ?
റഷ്യൻ എണ്ണ വാങ്ങുന്ന ഇന്ത്യയ്ക്കും ചൈനയ്ക്കുംമേൽ 500% ഇറക്കുമതി തീരുവ ചുമത്തണമെന്ന് നിർദേശിക്കുന്ന ഒരു ബിൽ യുഎസിന്റെ പരിഗണനയിലുണ്ട്. യുഎസ് സെനറ്റർമാരായ റിച്ചാഡ് ബ്ലുമെന്താൽ, ലിൻസെ ഗ്രഹാം എന്നിവർ കൊണ്ടുവന്നിരുന്നു.
ബിൽ അവതരിപ്പിക്കാൻ ട്രംപിന്റെ സമ്മതമുണ്ടെന്ന് ഇരുവരും പറഞ്ഞിരുന്നു. ബിൽ പാസായാലും നടപ്പാക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കേണ്ടത് പ്രസിഡന്റ് ട്രംപ് ആണ്.
500ന് പകരം 100% തീരുവ ഈടാക്കാനാണ് സാധ്യത.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]